വ്യവസായ മേഖല ഉഷാറില്‍; പക്ഷേ, ബജറ്റിലെ ധനക്കമ്മി വളരുമെന്ന ആശങ്ക തീവ്രം

ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ച കോര്‍പ്പറേറ്റ് നികുതിയിളവ് വ്യവസായ മേഖലയ്ക്കും ഓഹരി വിപണിക്കും പകര്‍ന്നു നല്‍കിയ ഉത്തേജനം വളരെ വലുതാണെങ്കിലും കേന്ദ്രത്തിന്റെ ധനക്കമ്മി വഷളാകാന്‍ ഇതിടയാക്കുമെന്ന കാര്യത്തില്‍ സാമ്പത്തിക വിദഗ്ധര്‍ക്കിടയില്‍ മിക്കവാറും ഏകാഭിപ്രായം. ധനപരമായ ബാലന്‍സ് വീണ്ടെടുക്കുന്നതിനു വേണ്ടി കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ നടത്തിവന്ന നീക്കങ്ങള്‍ക്കുണ്ടാകുന്ന തിരിച്ചടി മറി കടക്കുക എളുപ്പമായിരിക്കില്ലെന്ന് അവര്‍ പറയുന്നു.
ധനമന്ത്രിയുടെ പുതിയ നടപടിയെ 'ക്രെഡിറ്റ്-നെഗറ്റീവ് ഡെവലപ്‌മെന്റ്' എന്ന് അന്താരാഷ്ട്ര പ്രശസ്തിയുള്ളഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് ഏജന്‍സി എസ് ആന്റ് പി ഗ്ലോബല്‍ വിശേഷിപ്പിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു.പ്രഖ്യാപിക്കപ്പെട്ട ഉത്തേജന നടപടികള്‍ക്ക് ഇടക്കാല നിക്ഷേപം വര്‍ദ്ധിപ്പിക്കാനുള്ള കഴിവുണ്ടെങ്കിലും, പെട്ടെന്നുള്ള വരുമാന നഷ്ടം കേന്ദ്രത്തിന്റെ ധനക്കമ്മി വഷളാക്കും. മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ (ജിഡിപി) 3.3 ശതമാനമായിരുന്നു ബജറ്റ് വിഭാവനം ചെയ്ത ധനക്കമ്മി. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇത് ജിഡിപിയുടെ 3.7 ശതമാനം വരെ ഉയരും. അടിസ്ഥാനനിരക്കില്‍ വരുന്ന 40 പോയിന്റ് വര്‍ദ്ധന വലുതു തന്നെ. 2016-17 മുതല്‍ ജിഡിപിയുടെ 3.4 ശതമാനമായി ധനക്കമ്മി നിലനിര്‍ത്താന്‍ കഴിഞ്ഞിരുന്നു.
ആദായനികുതിയിനത്തിലും ജിഎസ്ടിയിലുമായി ചുരുങ്ങിയത് ഒരു ട്രില്യണ്‍ രൂപയുടെ വരുമാനക്കുറവുണ്ടാകാമെന്ന കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലുള്ളതാണ് 40 പോയിന്റ് ഉയരുമെന്ന അനുമാനം. മാന്ദ്യം മൂലം സംഭവിക്കാവുന്ന കുറവ് ഇതിലേറെയാകാമെന്നും ധനക്കമ്മി സംബന്ധിച്ച കണക്കുകൂട്ടലുകള്‍ ഇനിയും മാറാമെന്നും വിദഗ്ധര്‍ പറയുന്നു. പിഎം-കിസാന്‍ ഉള്‍പ്പെടെ വന്‍കിട ക്ഷേമപദ്ധതികളിലേക്കുള്ള ധനപ്രവാഹം കുറയ്ക്കാന്‍ സര്‍ക്കാരിനെ ഇതു നിര്‍ബന്ധിതമാക്കും.
അതേസമയം, പൊതുമേഖലാ സംരംഭങ്ങളുടെയും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബാങ്കുകളുടെയും ലാഭം ഉയരുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. ഉയര്‍ന്ന ലാഭവിഹിതം കേന്ദ്രത്തിന് കൈമാറുന്നത് ബജറ്റിന് ശക്തിയേകും. റിസര്‍വ് ബാങ്കില്‍ നിന്നുള്ള നികുതി ഇതര വരുമാനം ഇതിനകം തന്നെ കേന്ദ്രത്തിന് വലിയ ആശ്വാസം പകര്‍ന്നിരുന്നു.
നികുതി പിരിവിന്റെ കാര്യത്തില്‍ നേരത്തെ ലക്ഷ്യമിട്ട വളര്‍ച്ചാ നിരക്ക് ഈ വര്‍ഷം കൈവരിക്കുകയെന്നത് ഒരു വെല്ലുവിളിയാകുമെന്ന ആശങ്ക നികുതി വകുപ്പ് മേധാവികള്‍ പങ്കു വയ്ക്കുന്നുണ്ട്. ഈ സാമ്പത്തിക വര്‍ഷം സെപ്റ്റംബര്‍ പകുതി വരെ നേരിട്ടുള്ള നികുതി പിരിവ് വെറും 5 ശതമാനം മാത്രമേ ഉയര്‍ന്നുള്ളൂ. ശേഷിക്കുന്ന പകുതിയില്‍ 27 ശതമാനം വളര്‍ച്ചാ നിരക്ക് കൈവരിക്കാനുള്ള ദൗത്യമാണ് തുടര്‍ന്നുവരുന്നത്.
നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നതിനും നികുതി നല്‍കല്‍ മെച്ചപ്പെടുത്തുന്നതിനും പര്യാപ്തമായ മാറ്റമാണ് പ്രധാനമെന്ന് വിദഗ്ദ്ധരും സാമ്പത്തിക വിദഗ്ധരും പറഞ്ഞു. സാമ്പത്തിക പരിഷ്‌കരണ നീക്കങ്ങള്‍ വന്നിട്ടും ഈ വര്‍ഷം നേരിട്ടുള്ള നികുതി പിരിവുകളില്‍ പെട്ടെന്നുള്ള പുരോഗതി കൈവരിക്കാത്തതിന്റെ കാരണം ഇതാണ്. പരിഷ്‌കരണ നീക്കങ്ങളുടെ യഥാര്‍ത്ഥ സ്വാധീനം രണ്ട്-മൂന്ന് വര്‍ഷത്തിനുള്ളില്‍ മാത്രമേ ദൃശ്യമാകൂ എന്ന് പല വിദഗ്ധരും പറയുന്നു.
കോര്‍പ്പറേറ്റ് നികുതി നിരക്ക് 30 ശതമാനത്തില്‍ നിന്ന് 22 ശതമാനമായി കുറച്ചത് ലാഭം നിലനിര്‍ത്താനും ഉയര്‍ത്താനും കമ്പനികള്‍ക്കുപകരിക്കുമെങ്കിലും ഡിമാന്‍ഡ് മെച്ചപ്പെടുത്താന്‍ ഇത് സഹായിക്കില്ലെന്ന് മുന്‍ ചീഫ് സ്റ്റാറ്റിസ്റ്റിഷ്യന്‍ പ്രണബ് സെന്‍ ചൂണ്ടിക്കാട്ടി. അതേസമയം, ഡിമാന്‍ഡില്‍ സ്ഥിരത ദൃശ്യമാകുന്നതുവരെ നിക്ഷേപങ്ങളില്‍ അടിസ്ഥാനത്തിലുള്ള മുന്നേറ്റം പ്രതീക്ഷിക്കാനാകില്ലെന്ന് പ്രമുഖ നിക്ഷേപക, ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ഐസിആര്‍എയിലെ സാമ്പത്തിക ശാസ്ത്രജ്ഞ അദിതി നായര്‍ അഭിപ്രായപ്പെട്ടു. നികുതി വരുമാനക്കുറവിന്റെ ഏകദേശം 42 ശതമാനം സംസ്ഥാനങ്ങള്‍ക്കു വഹിക്കേണ്ടിവരുമെന്നതിനാല്‍ സാമ്പത്തിക മാന്ദ്യം ഒഴിവാക്കാന്‍ സംസ്ഥാനതലത്തില്‍ കടുത്ത ചെലവ് ചുരുക്കല്‍ നടപടികള്‍ ആവശ്യമായി വരുമെന്നും അവര്‍ പറഞ്ഞു.