നോട്ട് നിരോധനം മുതൽ ശബരിമല വരെ..മോദിക്ക് പറയാനുള്ളത്; 2019 ലെ ആദ്യ അഭിമുഖം

നോട്ട് നിരോധനം, ആർബിഐ ഗവർണറുടെ രാജി, റാഫേൽ, അയോധ്യ, ശബരിമല...അങ്ങനെ 2018-ൽ വിവാദങ്ങളായ വിഷയങ്ങളെക്കുറിച്ച് കേന്ദ്ര സർക്കാരിന്റെ നിലപാട് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി വിശദീകരിച്ചിരുന്നു.
പുതുവർഷത്തിൽ എഎൻഐക്ക് നൽകിയ അഭിമുഖത്തിലെ പ്രസക്തഭാഗങ്ങൾ:

റാഫേൽ കരാർ: റാഫേൽ വിഷയത്തിൽ എന്റെ നിലപാട് ഞാൻ പാർലമെന്റിനെ അറിയിച്ചതാണ്. പല പൊതുവേദിയിലും ഞാൻ അതേക്കുറിച്ച് പറഞ്ഞിട്ടുണ്ട്. സുപ്രീം കോടതിയും ഫ്രഞ്ച് പ്രസിഡന്റും അവർക്ക് പറയാനുള്ളത് പറഞ്ഞു. ഇന്ത്യൻ പ്രതിരോധ മേഖലയെ 'മെയ്ക്ക് ഇൻ ഇന്ത്യ'യിലൂടെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തമാക്കുകയാണ് എന്റെ ലക്ഷ്യം. കോൺഗ്രസ് എന്തു പറയുന്നു എന്നത് ഞാൻ ശ്രദ്ധിക്കാറില്ല. ഞാൻ എന്റെ ജോലി ചെയ്യുന്നു.

നോട്ട് നിരോധനം: ഇത് പെട്ടെന്നുള്ള ഒരു തീരുമാനമായിരുന്നില്ല. സമ്പദ് വ്യവസ്ഥയെ ശുദ്ധീകരിക്കാൻ നോട്ട് അസാധുവാക്കൽ ആവശ്യമായിരുന്നു. ഒരു വർഷം മുൻപേതന്നെ ഞാൻ ജനങ്ങൾക്ക് ഇതേക്കുറിച്ച് മുന്നറിയിപ്പ് നൽകിയതാണ്; കള്ളപ്പണം കയ്യിലുണ്ടെങ്കിൽ ബാങ്കിൽ നിക്ഷേപിച്ചാൽ പിഴയടച്ച് രക്ഷപ്പെടാമെന്ന് പറഞ്ഞതാണ്.

സ്ഥാപനങ്ങളുടെ അധികാരം കൈയ്യടക്കുന്നെന്ന ആരോപണത്തെക്കുറിച്ച്: പത്തു വർഷത്തോളം പിഎംഒ ദുർബലപ്പെടുത്തിയ നടപടികളാണ് കഴിഞ്ഞ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. ഒരു നാഷണൽ അഡ്വൈസറി കമ്മിറ്റി രൂപപ്പെട്ടു. വേറെ ഏതു രാജ്യത്താണ് ഇത്തരത്തിൽ മന്ത്രിസഭ എടുത്ത തീരുമാനം റദ്ദാക്കാൻ പാർട്ടി നേതാവിന് അധികാരം നൽകുന്ന സംവിധാനം ഉണ്ടായത്? പ്ലാനിംഗ് കമ്മീഷൻ അംഗങ്ങളെ 'ഒരു കൂട്ടം ജോക്കർമാർ' എന്ന് പണ്ട് നമ്മുടെ ഒരു പ്രധാനമന്ത്രി വിശേഷിപ്പിച്ചിരുന്നു. അന്നത്തെ പ്ലാനിംഗ് കമ്മിഷൻ ഡെപ്യൂട്ടി ചെയർമാൻ ആരായിരുന്നു എന്ന് നിങ്ങൾക്ക് അറിയാമായിരുന്നോ? (രാജീവ് ഗാന്ധിയുടെ പ്ലാനിംഗ് കമ്മീഷനെ കുറിച്ചുള്ള പ്രസ്താവന; മൻമോഹൻ സിംഗ് ആയിരുന്നു അന്നത്തെ പ്ലാനിംഗ് കമ്മിഷൻ ഡെപ്യൂട്ടി ചെയർമാൻ)

മഹാഗഡ്‌ബന്ധൻ: ഇന്ത്യയെ കൊള്ളയടിച്ച പാർട്ടികൾ എല്ലാവരും ഇപ്പോൾ ഒരുമിച്ചു ചേർന്നിരിക്കുകയാണ്. 2019-ൽ ജനങ്ങൾ അവരുടെ വിധി പ്രസ്താവിക്കും. അപ്പോൾ അറിയാം.

കോൺഗ്രസിന്റെ കാർഷിക കടം എഴുതിത്തള്ളൽ: ഇതെല്ലാം തെരഞ്ഞെടുപ്പിൽ വിജയിക്കാനുള്ള തന്ത്രങ്ങളാണ്. കടം എഴുതിത്തള്ളുന്നത് കർഷകർക്ക് ഗുണം ചെയ്യില്ല എന്നുള്ളത് ചരിത്രം തെളിയിച്ചിട്ടുള്ളതാണ്. ബാങ്കിൽ നിന്ന് വായ്പ എടുക്കുന്നത് വളരെ കുറച്ചു ശതമാനം കർഷകർ മാത്രമാണ്. ബാക്കിയുള്ളവർ ബ്ലേഡ് പലിശക്കാരെയാണ് ആശ്രയിക്കുന്നത്. കർഷകർക്ക് കടം എടുക്കേണ്ടി വരാത്ത ഒരു കാലത്തെക്കുറിച്ചാണ് ഞാൻ ചിന്തിക്കുന്നത്.

വിദേശ സന്ദർശനങ്ങൾ: ഏറ്റവും കുറഞ്ഞ ചെലവിലാണ് ഞാൻ വിദേശ സന്ദർശനങ്ങൾ നടത്തിയത്. രാജ്യ താല്പര്യം സംരക്ഷിക്കുന്നതിനായിരുന്നു ആ യാത്രകൾ. പല പ്രധാനമന്ത്രിമാരും നിരവധി വിദേശ യാത്രകൾ നടത്തിയിട്ടുണ്ട്.

ശബരിമല: ഓരോ ക്ഷേത്രത്തിനും ഓരോ വിശ്വാസങ്ങളുണ്ട്. പുരുഷന്മാരെ അനുവദിക്കാത്ത ക്ഷേത്രങ്ങളില്ലേ? ശബരിമല വിധിയിൽ ബഹുമാന്യയായ വനിതാ ജഡ്‌ജി പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിച്ചുവായിച്ചാൽ നിങ്ങൾക്കത് മനസിലാകും.

ആൾക്കൂട്ട കൊലപാതകങ്ങൾ: ആൾക്കൂട്ട കൊലപാതകങ്ങളെ ഞാൻ ശക്തമായി എതിർക്കുന്നു. അക്രമങ്ങൾ എന്തിന്റെ പേരിലായാലും വച്ചുപൊറുപ്പിക്കാനാവില്ല.

ഗബ്ബർ സിംഗ് ടാക്സ് എന്ന രാഹുലിന്റെ വിശേഷണം: എല്ലാ രാഷ്ട്രീയ പാർട്ടികളുമായി സമവായത്തിലെത്തിയിട്ടാണ് ജിഎസ്ടി നടപ്പാക്കിയത്. പ്രണബ് മുഖർജി ധനമന്ത്രി ആയിരുന്ന കാലം മുതൽക്കേ ജിഎസ്ടി നടപ്പാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിരുന്നു. ജിഎസ്ടി നടപ്പാക്കിയതുമൂലം ചെറുകിട വ്യാപാരികൾക്ക് ബുദ്ധിമുട്ടുണ്ടായി എന്നുള്ള കാര്യം ഞാൻ സമ്മതിക്കുന്നു.

വൻകിട സാമ്പത്തിക തട്ടിപ്പുകാർ: ബാങ്ക് തട്ടിപ്പ് നടത്തി ആളുകൾ രാജ്യം വിടാൻ കാരണം നമ്മുടെ ദുർബലമായ നിയമങ്ങളാണ്. ഇന്നോ നാളെയോ അവരെ തിരിച്ചു കൊണ്ടുവരും. രാജ്യത്തിൻറെ പണം കൊള്ളയടിച്ചവർ ഓരോ രൂപയ്ക്കും വിലനൽകേണ്ടി വരും.

ഊർജിത് പട്ടേൽ: ഊർജിത് പട്ടേൽ 6-7 മാസങ്ങൾക്ക് മുൻപേ തന്നെ രാജി വെക്കാനുള്ള താല്പര്യം പ്രകടിപ്പിച്ചിരുന്നു. വ്യക്തിപരമായ കാരണങ്ങൾ കൊണ്ടായിരുന്നു അത്. ഒരു രാഷ്ട്രീയ സമ്മർദ്ദവും അദ്ദേഹത്തിന്റെ മേലുണ്ടായിരുന്നില്ല. ആർബിഐ ഗവർണർ എന്ന നിലയിൽ മികച്ച സേവനമാണ് അദ്ദേഹം രാജ്യത്തിന് നൽകിയത്.

പാക്കിസ്ഥാൻ: ഒരു യുദ്ധം കൊണ്ട് ആ രാജ്യം മെച്ചപ്പെടാൻ പോകുന്നില്ല. ഇന്ത്യയിലെ ഒരു പ്രധാനമന്ത്രിപോലും പാകിസ്ഥാനുമായി ചർച്ച വേണ്ടെന്ന് പറഞ്ഞിട്ടില്ല. പക്ഷെ ബോംബുകൾ ചുറ്റും പൊട്ടിക്കൊണ്ടിരിക്കുമ്പോൾ എന്തെങ്കിലും കേൾക്കാൻ കഴിയുമോ?

രാമക്ഷേത്ര ഓർഡിനൻസ്: കോടതി നടപടികൾ അവസാനിച്ചതിന് ശേഷം മാത്രമേ അയോധ്യ രാമക്ഷേത്രം സംബന്ധിച്ച കാര്യങ്ങൾ സർക്കാർ പരിഗണിക്കൂ. പ്രശ്‌നം പരിഹരിക്കാൻ ഭരണഘടനയുടെ പരിധിയിൽ നിന്നു കൊണ്ട് സർക്കാരിന് ചെയ്യാൻ സാധിക്കുന്ന കാര്യങ്ങൾ ചെയ്യും.

എന്നാൽ അഭിമുഖം പൊള്ളയാണെന്നും മോദി എഴുതിക്കൊടുത്ത ഉത്തരങ്ങൾക്കനുസരിച്ച് മാധ്യമം ചോദ്യങ്ങൾ രൂപപ്പെടുത്തിയതാണെന്നുമുള്ള ആരോപണങ്ങൾ ശക്തമാണ്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it