ഇ-വേ ബില്‍ നടപ്പാക്കരുത്: സ്വര്‍ണ വ്യാപാരി സംഘടന

കേരളത്തില്‍ മാത്രം സ്വര്‍ണാഭരണ വ്യാപാര മേഖലയില്‍ ഇ-വേ ബില്‍ നടപ്പാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് എകെജിഎസ്എംഎ (ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍). കേരളത്തിലെ സ്വര്‍ണക്കളളക്കടത്ത് തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതിന് പകരം സ്വര്‍ണ വ്യാപാരികളെ പീഡിപ്പിക്കുന്ന സമീപനമാണ് സര്‍ക്കാരിന്റേതെന്ന് സംസ്ഥാന പ്രസിഡന്റ് ഡോ ബി ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.

കള്ളത്തടത്തായി സ്വര്‍ണക്കട്ടികള്‍ കൊണ്ടുവന്ന് എവിടെയാണ് ആഭരണ നിര്‍മ്മിക്കുന്നതെന്ന് ജിഎസ്ടി ഉദ്യോഗസ്ഥര്‍ അന്വേഷിക്കുന്നില്ല. സ്വര്‍ണ വ്യാപാര സ്ഥാപനത്തിലെ സ്റ്റോക്കില്‍പ്പെടുന്ന ചില്ലറ സ്വര്‍ണം ഹാള്‍മാര്‍ക്ക് മുദ്ര ചെയ്യാന്‍ ഡെലിവറി ചെല്ലാനുമായി കൊണ്ടു പോകുന്നത് പിടിച്ചെടുത്ത് ഇ-വേ ബില്‍ ആവശ്യപെടുന്നത് മേഖലയെ ബുദ്ധിമുട്ടിക്കാനാണെന്ന് അസോസിയേഷന്‍ പറയുന്നു.

ഒന്നര പവന്‍ സ്വര്‍ണാഭരണവുമായി പോകുന്ന ആരെയും പിടിച്ച് ഇ- വേബില്‍ ആവശ്യപ്പെടാമെന്നും ഇ-വേ ബില്‍ ഇല്ലെങ്കില്‍ സ്വര്‍ണം കണ്ടു കെട്ടാമെന്നുമുള്ള നിയമം സൃഷ്ടിക്കുന്നത് പൗരന്മാരുടെ സ്വാതന്ത്യത്തിന്‍മേലുള്ള കടന്നുകയറ്റമാകും. ഒരു രാജ്യം ഒരു നികുതിയെന്ന ജിഎസ്ടിയുടെ അന്തസത്തയ്ക്ക് ഈ നീക്കത്തിലൂടെ കോട്ടം തട്ടും. സ്വര്‍ണാഭരണങ്ങള്‍ക്ക് ഇ-വേബില്‍ ഏര്‍പ്പെടുത്തിയാല്‍ വിമാനത്താവളം വഴി വരുന്ന കള്ളക്കടത്ത് സ്വര്‍ണം തടയാന്‍ കഴിയുമോ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം- അസോസിയേഷന്‍ ട്രഷറര്‍ അഡ്വ എസ് അബ്ദുല്‍ നാസര്‍ ആവശ്യപ്പെട്ടു.

ജിഎസ്ടി ഉദ്യോഗസ്ഥര്‍ക്ക് കള്ളക്കടത്ത് സ്വര്‍ണവും പിടിക്കാനുള്ള അധികാരമുണ്ട്. എന്നാല്‍, സ്വര്‍ണാഭരണം മാത്രമേ അവര്‍ പിടിക്കാറുള്ളുവെന്ന് അസോസിയേഷന്‍ ആരോപിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷമായി 6,103 കിലോ സ്വര്‍ണാഭരണം പിടിച്ചെടുത്ത് നികുതിയും പിഴയും ഈടാക്കിയിട്ടുണ്ടെന്നാണ് ധനമന്ത്രി പറഞ്ഞത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി 1,000 ടണ്‍ സ്വര്‍ണമെങ്കിലും കള്ളക്കടത്തായി കേരളത്തിലെത്തിയിട്ടുണ്ടെന്ന് വിവിധ ഏജന്‍സികള്‍ തന്നെ പറയുന്നുമുണ്ട്. ഇതില്‍ ഒരു ഗ്രാം സ്വര്‍ണക്കട്ടി പോലും ജിഎസ്ടി ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിട്ടില്ല.

കേരളത്തിലെ സ്വര്‍ണാഭരണ വിപണിയുടെ 80 ശതമാനം വിപണി വിഹിതമുള്ള ചെറുകിട വ്യാപാരികളുടെ നിലനില്‍പിനെ ബാധിക്കുന്ന രീതിയില്‍ ഇ-വേ ബില്‍ നടപ്പാക്കുന്നത് വിഷമകരമാണെന്ന് ബ്ദുല്‍ നാസര്‍ അഭിപ്രായപ്പെട്ടു. ഇ-വേ ബില്‍ നടപ്പാക്കുന്നതിനെതിരെ പ്രത്യക്ഷ സമരപരിപാടികള്‍ ആലോചിക്കുന്നതായി അസോസിയേഷന്‍ വ്യക്തമാക്കി. രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തില്‍ മറ്റ് സംസ്ഥാനങ്ങള്‍ ചെയ്യാത്തത് കേരളത്തില്‍ മാത്രം ഒരു നിയമം സൃഷ്ടിച്ച് നടപ്പാക്കുന്നത് ശരിയാണോ എന്നതില്‍ സര്‍ക്കാര്‍ പുനര്‍ചിന്തനത്തിന് തയ്യാറാകണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

ഇതിനിടെ, സ്വര്‍ണ്ണാഭരണങ്ങളുടെ വ്യാജ ഇന്‍വോയ്‌സിംഗും വരുമാനനഷ്ടവും തടയുന്നതിന് ദേശിയ തലത്തില്‍ കുറ്റമറ്റ ജിഎസ്ടി ഇ-ഇന്‍വോയ്‌സിംഗ് സംവിധാനം കൊണ്ടുവരാന്‍ ഇതിനായി പ്രവര്‍ത്തിക്കുന്ന സംസ്ഥാന ധന മന്ത്രിമാരുടെ സംഘം നീക്കമാരംഭിച്ചതായി കേരള ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. ഗുജറാത്ത്, പഞ്ചാബ്, ബീഹാര്‍ എന്നിവിടങ്ങളിലെ ധനമന്ത്രിമാരും ഉള്‍പ്പെടുന്നതാണ് ഈ സമിതി. ഇതു സംബന്ധിച്ച് ജിഎസ്ടി കൗണ്‍സിലിന് നിര്‍ദ്ദേശം സമര്‍പ്പിക്കും.അന്തര്‍ സംസ്ഥാന ഇ-വേ ബില്‍, രജിസ്റ്റര്‍ ചെയ്യാത്ത ഡീലറില്‍ നിന്ന് പഴയ സ്വര്‍ണം വാങ്ങുന്നതിന് റിവേഴ്‌സ് ചാര്‍ജ് മെക്കാനിസത്തിന് കീഴില്‍ 3% ജിഎസ്ടി എന്നീ നിര്‍ദ്ദേശങ്ങളും മുന്നോട്ടുവയ്ക്കാന്‍ ധന മന്ത്രിമാര്‍ തയ്യാറെടുക്കുന്നുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it