ഇന്ത്യയിലെ സാമ്പത്തിക മാന്ദ്യം രൂക്ഷം :കടുത്ത നടപടികള്‍ അനിവാര്യമെന്ന് ഐഎംഎഫ്
ഇന്ത്യയിലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്നും, മാന്ദ്യത്തിനെതിരെ കടുത്ത നടപടികള്‍ ഉടന്‍ സ്വീകരിക്കണമെന്നുമുള്ള മുന്നറിയിപ്പുമായി അന്താരാഷ്ട്ര നാണയനിധി. ഉപഭോഗവും നിക്ഷേപവും കുറയുന്നതും നികുതി വരുമാനം ഇടിയുന്നതും ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥകളിലൊന്നായ ഇന്ത്യയെ ബാധിച്ചിട്ടുള്ളതായി ഐഎംഎഫ് വാര്‍ഷിക അവലോകന റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
അടുത്ത മാസം ഐഎംഎഫ് പുറത്തുവിടുന്ന ലോക സാമ്പത്തിക റിപ്പോര്‍ട്ടില്‍ ഇന്ത്യയുടെ സാമ്പത്തികവളര്‍ച്ചാ നിരക്ക് താഴ്ത്തിയേക്കുമെന്നും സൂചനയുണ്ട്. ദശലക്ഷക്കണക്കിന് ആളുകള്‍ ദാരിദ്ര്യത്തില്‍ നിന്ന് കരകയറിയെങ്കിലും രാജ്യം ഇപ്പോഴും കനത്ത സാമ്പത്തിക മാന്ദ്യത്തിലാണെന്ന് ഇന്നു പുറത്തിറക്കിയ അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു.
അടുത്ത കാലത്തായി ഇന്ത്യയുടെ ഉയര്‍ന്ന വളര്‍ച്ചാ നിരക്ക് ഔപചാരിക മേഖലയിലെ തൊഴില്‍ വര്‍ദ്ധനവിന് ഇടയാക്കിയിട്ടില്ലെന്നും തൊഴില്‍ വിപണി പങ്കാളിത്തം കുറഞ്ഞുവെന്നും ഐഎംഎഫ് നിരീക്ഷിക്കുന്നു.'കൂടുതല്‍ സമഗ്രവും സുസ്ഥിരവുമായ വളര്‍ച്ച സാധ്യമായില്ലെങ്കില്‍ , അടുത്ത ഏതാനും ദശകങ്ങളില്‍ യുവാക്കളിലൂടെ അതിവേഗം വളരുന്ന രാജ്യത്തെ തൊഴില്‍ ശക്തി വന്‍ തോതില്‍ പാഴായിപ്പോകും' റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കി.
'ഇന്ത്യ ഇപ്പോള്‍ ഗൗരവതരമായ സാമ്പത്തിക മാന്ദ്യത്തിലാണ്', ഐഎംഎഫ് ഏഷ്യ, പസഫിക് വകുപ്പിലെ റനില്‍ സല്‍ഗഡോ പറഞ്ഞു. നിലവിലെ മാന്ദ്യം മറികടന്ന് രാജ്യത്തെ ഉയര്‍ന്ന വളര്‍ച്ചാ പാതയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിന് അടിയന്തിരമായി നയപരമായ നടപടികള്‍ ആവശ്യമാണ്. കടബാധ്യത കൂടിയ സാഹചര്യത്തില്‍ വളര്‍ച്ചയെ സഹായിക്കുന്ന തരത്തില്‍ കൂടുതല്‍ പണം ചെലവഴിക്കുന്നതിന് സര്‍ക്കാരിന് പരിമിതികളുണ്ടെന്നും ഐഎംഎഫ് ചൂണ്ടിക്കാണിക്കുന്നു.
ഇന്ത്യയിലെ സാമ്പത്തിക മാന്ദ്യം ശരിക്കും അത്ഭുതപ്പെടുത്തുന്നതാണെന്ന് ഐഎംഎഫ് ചീഫ് എക്കണോമിസ്റ്റ് ഗീതാ ഗോപിനാഥ് കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. ഇന്ത്യയിലെ സാമ്പത്തിക മാന്ദ്യം ശരിക്കും അത്ഭുതപ്പെടുത്തുന്നതാണെന്ന് ഐഎംഎഫ് ചീഫ് എക്കണോമിസ്റ്റ് ഗീതാ ഗോപിനാഥ് കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. ഒക്ടോബറിലെ ഐഎംഎഫ് റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ സാമ്പത്തിക വളര്‍ച്ച 6.1 ശതമാനമായി കുറച്ചിരുന്നു.
റിസര്‍വ് ബാങ്ക് ഈ വര്‍ഷം പ്രധാന വായ്പാ നിരക്ക് അഞ്ച് തവണ കുറച്ചതോടെ ഒമ്പത് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലായി. ഉപഭോക്തൃ ആവശ്യവും ഉല്‍പാദനവും പ്രതിസന്ധിയിലായതു മൂലമാണ് വളര്‍ച്ചാനിരക്ക് 6.1 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി റിസര്‍വ് ബാങ്ക് കുറച്ചത്. സാമ്പത്തിക മാന്ദ്യം തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് ഇനിയും കുറയ്ക്കാന്‍ റിസര്‍വ് ബാങ്ക് നിര്‍ബന്ധിതമാകുമെന്ന് സല്‍ഗാഡോ സൂചിപ്പിച്ചു. ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ ആറു വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിയിരുന്നു. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം ഇത് ഒരു വര്‍ഷം മുമ്പുണ്ടായിരുന്ന 7 ശതമാനത്തില്‍ നിന്ന് 4.5 ശതമാനമായി കുറഞ്ഞു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline