'മാന്ദ്യം കണ്ട് പകയ്‌ക്കേണ്ടതില്ല'; അടുത്ത ദശകത്തില്‍ ഇന്ത്യക്ക് കുതിപ്പുറപ്പെന്ന് ബില്‍ ഗേറ്റ്‌സ്

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് അടുത്ത ദശകത്തില്‍ വന്‍ കുതിപ്പുണ്ടാകുമെന്ന് ലോക കോടീശ്വരനും മൈക്രോസോഫ്റ്റ് സഹസ്ഥാപകനുമായ ബില്‍ ഗേറ്റ്‌സ്. സമ്പദ് വ്യവസ്ഥയുടെ പുരോഗതി പട്ടിണി ഇല്ലാതാക്കാനും ആരോഗ്യ, വിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ നിക്ഷേപം നടത്താനും സര്‍ക്കാരിനെ സഹായിക്കും.ആധാര്‍ സംവിധാനത്തെയും ധനകാര്യ സേവന, ഫാര്‍മ മേഖലകളിലെ രാജ്യത്തിന്റെ പ്രകടനത്തെയും വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ വന്‍ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തിലാണ് ബില്‍ ഗേറ്റ്‌സിന്റെ ഇത്തരമൊരു നിരീക്ഷണം.ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിന്റെ ഭാഗമായാണ് അദ്ദേഹം മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് ഇന്ത്യയിലെത്തിയിട്ടുള്ളത്. മികച്ച സാമ്പത്തിക സേവനങ്ങളും നൂതന ആശയങ്ങളും കണ്ടെത്തുന്ന പ്രധാന കേന്ദ്രമാണ് ഇന്ത്യ. ആധാര്‍ തിരിച്ചറിയല്‍ സംവിധാനവും യു.പി.ഐ സംവിധാനവും മറ്റ് രാജ്യങ്ങള്‍ക്കും അനുകരിക്കാവുന്ന പാഠമാണ് - അദ്ദേഹം പറഞ്ഞു.

'തൊട്ടടുത്ത കാലാവധിയില്‍ രാജ്യത്ത് എന്തുണ്ടാവുമെന്നതിനെപ്പറ്റി എനിക്ക് പറയാനാകില്ല. പക്ഷേ അടുത്ത ദശകത്തില്‍ ഉയര്‍ന്ന വളര്‍ച്ച കൈവരിക്കാനുള്ള സാധ്യത തീര്‍ച്ചയായും ഉണ്ട്. ഇത് ആളുകളെ ദാരിദ്ര്യത്തില്‍ നിന്ന് ഉയര്‍ത്തും. ആരോഗ്യ, വിദ്യാഭ്യാസ മുന്‍ഗണനകളോടെ നിക്ഷേപം നടത്താന്‍ സര്‍ക്കാരിനെ അനുവദിക്കുകയും ചെയ്യും. ശരിക്കും ആവേശകരമായ വഴിയാകും തുറന്നുവരിക, 'അദ്ദേഹം പറഞ്ഞു.

'ഞങ്ങളുടെ എല്ലാ മേഖലകളിലും പുതുമയുള്ളവരെയും സാമ്പത്തിക സേവനങ്ങളെയും കണ്ടെത്തുന്ന ഒരു പ്രധാന സ്ഥലമാണ് ഇന്ത്യ. ആധാര്‍ ഐഡന്റിറ്റി സിസ്റ്റവും മൊത്തത്തിലുള്ള യുപിഐ സംവിധാനവും നല്ല ഫലം കൊയ്യുന്ന രീതി അതിശയകരമാണ്. ആ പ്രവര്‍ത്തനത്തില്‍ നിന്ന് ചില മികച്ച പാഠങ്ങള്‍ പഠിക്കാനുമുണ്ട്.' നന്ദന്‍ നിലേകനിയെപ്പോലുള്ളവരുടെ പ്രാഗത്ഭ്യത്തെ ബില്‍ ഗേറ്റ്‌സ് അഭിനന്ദിച്ചു.

ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിന് രാജ്യം ഫലപ്രദമായ സംഭാവന നല്‍കിയിട്ടുണ്ട്.ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ വാക്സിന്‍ നിര്‍മാണത്തില്‍ ഇന്ത്യ മുന്നോട്ടുവച്ച പ്രവര്‍ത്തനങ്ങളും നല്ല ഫലം കൊയ്തു. ഇന്ത്യന്‍ നിര്‍മാതാക്കളുമായുള്ള ഫൗണ്ടേഷന്റെ പങ്കാളിത്തം മിതമായ നിരക്കില്‍ ഫലപ്രദമായ വാക്‌സിനുകള്‍ വികസിപ്പിക്കുന്നതിലേക്ക് നയിച്ചു.കഴിഞ്ഞ ഒരു ദശകമായി ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ ഇന്ത്യയിലെ ആരോഗ്യ പരിരക്ഷ, ശുചിത്വം, കൃഷി, സാമ്പത്തിക സേവനങ്ങള്‍ എന്നീ മേഖലകളില്‍ മികച്ച പ്രവര്‍ത്തനമാണ് കാഴ്ച വയ്ക്കുന്നത്.

110 ബില്യണ്‍ യുഎസ് ഡോളര്‍ ആസ്തിയുള്ള 64 കാരനായ ഗേറ്റ്‌സ് കഴിഞ്ഞയാഴ്ച ആമസോണ്‍ ഇങ്കിന്റെ ജെഫ് ബെസോസിനെ മറികടന്ന് ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയുടെ സ്ഥാനം വീണ്ടെടുത്തു. വിവിധ രാജ്യങ്ങളിലെ ദാരിദ്ര്യ ലഘൂകരണത്തിനും സാമൂഹിക വികസന പരിപാടികള്‍ക്കുമായി മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ഇതുവരെ ബില്‍ മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന് നല്‍കിയ സംഭാവന 35 ബില്യണ്‍ യു. എസ് ഡോളര്‍ വരും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it