ചെലവുചുരുക്കലിലേക്ക് കേന്ദ്ര സര്‍ക്കാര്‍; വളര്‍ച്ച വീണ്ടും പാളം തെറ്റും

നികുതി വരുമാനത്തിലുണ്ടായ ഇടിവിനെ തുടര്‍ന്ന് നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ചെലവ് രണ്ട് ലക്ഷം കോടി രൂപ കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തുനിയുന്നതായി റിപ്പോര്‍ട്ട്. ഇത് സാമ്പത്തിക വളര്‍ച്ചയെ കൂടുതല്‍ പ്രതികൂലമായി ബാധിക്കുമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും രണ്ടര ലക്ഷം കോടിയോളം രൂപ നികുതി വരുമാനത്തില്‍ കുറവ് വന്ന സാഹചര്യത്തില്‍ വേറെ പോംവഴിയില്ലെന്നതാണ് അവസ്ഥ.
നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ സ്വകാര്യ നിക്ഷേപകരില്‍ നിന്നുള്ള നിക്ഷേപത്തില്‍ വലിയ കുറവാണ് ഉണ്ടായത്. മാന്ദ്യത്തില്‍ നിന്ന് കരകയറാന്‍ സംരംഭകരോടും നിക്ഷേപകരോടും വിശാല മനസോടെ നിക്ഷേപങ്ങള്‍ നടത്താനാണ് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. ഈ ഘട്ടത്തില്‍ കേന്ദ്രസര്‍ക്കാര്‍ തന്നെ ചെലവുചുരുക്കലിലേക്ക് നീങ്ങുന്നത് സാമ്പത്തിക വളര്‍ച്ചയെ ബാധിക്കുമെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ ചെലവ് കുറയ്ക്കുന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. നവംബര്‍ മാസം വരെ 27.86 ലക്ഷം കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ ചെലവഴിച്ചത്. മൊത്തം ചെലവ് ലക്ഷ്യത്തിന്റെ 65% വരും ഇത്. ഡിമാന്റിലുണ്ടായ താഴ്ചയും, കോര്‍പ്പറേറ്റ് നികുതിയിലുണ്ടായ കുറവും ഗുരുതര പ്രശ്‌നങ്ങളാണു സൃഷ്ടിച്ചിരിക്കുന്നത്. ധനക്കമ്മി ജിഡിപിയുടെ 3.3 ശതമാനമായി നിലനിര്‍ത്താനായിരുന്നു കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ഉദ്ദേശിച്ച രീതിയിലായിരുന്നില്ല സാമ്പത്തിക രംഗത്തിന്റെ പോക്ക്. ഇതോടെ ജിഡിപിയുടെ 3.8 ശതമാനമായി ധനക്കമ്മി പിടിച്ചുനിര്‍ത്താനുള്ള ശ്രമത്തിലാണ് ധനകാര്യ മന്ത്രാലയം.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline