Begin typing your search above and press return to search.
വമ്പൻ തട്ടിപ്പുകാരെ കുടുക്കാൻ മോദിയുടെ 9-ഇന ആക്ഷൻ പ്ലാൻ

ബാങ്കുകളെയും സർക്കാരിനെയും പറ്റിച്ച് മുങ്ങുന്ന വമ്പൻ പണത്തട്ടിപ്പുകാരെ നേരിടാൻ ജി20 രാഷ്ട്രങ്ങളുടെ സഹകരണം തേടി പ്രധാനമന്ത്രി നരേന്ദ്രമോദി.
അർജന്റീനയിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ ഇതിനായി ഒരു ഒന്പതിന-ആക്ഷൻ പ്ലാൻ അദ്ദേഹം അവതരിപ്പിച്ചു. ഓഗസ്റ്റിൽ ധനമന്ത്രാലയം പുറത്തുവിട്ട പട്ടികയിൽ വിജയ് മല്ല്യ, നീരവ് മോദി, മെഹുൽ ചോക്‌സി തുടങ്ങി 28 പേരാണ് കോടികളുടെ തട്ടിപ്പ് നടത്തി ഇന്ത്യ വിട്ട് മറ്റ് നാടുകളിൽ കഴിയുന്നത്.
ഇന്ത്യയുടെ ആക്ഷൻ പ്ലാൻ
- തട്ടിപ്പ് നടത്തി നാടുവിടുന്നവർക്ക് സുരക്ഷിത താവളങ്ങൾ നൽകാതെ അവരെ നിയമത്തിന്റെ മുൻപിൽ കൊണ്ടുവരാൻ ജി20 രാഷ്ട്രങ്ങൾ തമ്മിൽ സഹകരണം വേണം.
- നിയമനടപടികളിൽ രാജ്യങ്ങൾ തമ്മിൽ സഹകരിക്കണം. തട്ടിപ്പ് നടത്തി സമ്പാദിച്ച പണവും വസ്തുവകകളും മരവിപ്പിക്കുക. കുറ്റക്കാരെ നാട്ടിലേക്ക് തിരിച്ചെത്തിക്കുന്നതിനും നിയമവിരുദ്ധമായി സമ്പാദിച്ച പണം അതാത് രാജ്യങ്ങൾക്ക് കൈമാറുന്നതിനും കൂടുതൽ ബലവത്തായതും സുസംഘടിതവുമായ സഹകരണമാണ് ആവശ്യം.
- ഇത്തരത്തിലുള്ള തട്ടിപ്പുകാർക്ക് സ്വന്തം രാജ്യത്ത് സുരക്ഷിതമായ താവളങ്ങൾ നൽകാതിരിക്കാനും വേണ്ടിവന്നാൽ പ്രവേശനം നിഷേധിക്കാനും വരെയുള്ള സംവിധാനം എല്ലാ ജി20 രാജ്യങ്ങളും ചേർന്ന് തയ്യാറാക്കണം.
- യുണൈറ്റഡ് നേഷൻസ് കൺവെൻഷൻ എഗൈൻസ്റ്റ് കറപ്ഷൻ (UNCAC), യുണൈറ്റഡ് നേഷൻസ് കൺവെൻഷൻ എഗൈൻസ്റ്റ് ട്രാൻസ്നാഷണൽ ഓർഗനൈസ്‌ഡ് ക്രൈം (UNOTC) എന്നിവ മുഴുവനായും കാര്യക്ഷമമായും നടപ്പിലാക്കണം.
- ഇക്കാര്യങ്ങൾ നടപ്പിലാക്കാൻ സാമ്പത്തിക കർമ്മസേന (ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്‌സ്-FATF) യെ നിയോഗിക്കണം. വിവിധ രാജ്യങ്ങളുടെ ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റുകൾ തമ്മിൽ വിവരങ്ങൾ കൈമാറാൻ ടാസ്ക് ഫോഴ്‌സിന്റെ സഹായം ആവശ്യപ്പെടാം.
- ഫ്യൂജിറ്റിവ് ഇക്കണോമിക് ഒഫൻഡേർസ് (പണത്തട്ടിപ്പ് നടത്തി രാജ്യം വിടുന്നവർ) എന്നതിന് കൃത്യമായ ഒരു നിർവചനം നല്കാൻ ടാസ്ക് ഫോഴ്‌സിനെ ചുമതലപ്പെടുത്താം.
- ഇക്കൂട്ടരെ തിരിച്ചറിയാനും കൈമാറാനും ഇതു സംബന്ധിച്ച കോടതി നടപടികൾക്കും മറ്റും വിവിധ രാഷ്ട്രങ്ങൾ പിന്തുടരേണ്ട കൃത്യമായ നടപടിക്രമം രൂപപ്പെടുത്താൻ ടാസ്‌ക് ഫോഴ്‌സിനെ ചുമതലപ്പെടുത്താം. ഈ നടപടിക്രമങ്ങൾ എല്ലാ രാഷ്ട്രങ്ങൾക്കും സ്വീകാര്യമായതും അതാത് രാജ്യങ്ങളിലെ നിയമങ്ങളുമായി ചേർന്ന് പോകുന്നതുമായിരിക്കണം.
- ഈ രംഗത്ത് വിവിധ രാജ്യങ്ങളുടെ അനുഭവം, പിന്തുടരേണ്ട മികച്ച രീതികൾ എന്നിവ പങ്കുവയ്ക്കാൻ ഒരു പൊതു വേദി ഉണ്ടായിരിക്കണം.
- താമസിക്കുന്ന രാജ്യങ്ങളിൽ നികുതി ബാധ്യതയുള്ള പണത്തട്ടിപ്പുകാരുടെ വസ്തുവകകൾ കണ്ടെത്താനുള്ള നടപടികൾ ജി20 ഫോറം എത്രയും പെട്ടെന്ന് ആരംഭിക്കണം.
Next Story