ഇന്ത്യന്‍ ശിക്ഷാ നിയമം പൊളിച്ചെഴുതാന്‍ നീക്കം
മെക്കാളെ പ്രഭു ബ്രിട്ടീഷ് ഭരണ കാലത്ത് രൂപം നല്‍കിയ ഇന്ത്യന്‍ ശിക്ഷാ നിയമം (ഇന്ത്യന്‍ പീനല്‍ കോഡ്) പൊളിച്ചെഴുതാനുള്ള നീക്കവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഐ പി സി യുടെ വിവിധ വകുപ്പുകള്‍ ഭേദഗതി ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും ആഭ്യന്തര മന്ത്രാലയം എഴുതിയിരുന്നു.
ഇതുമായി ബന്ധപ്പെട്ട് പ്രഗത്ഭരായ നിയമജ്ഞരെ ഉള്‍പ്പെടുത്തി രണ്ട് കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്.1860ല്‍ നടപ്പായ ഐപിസിയില്‍ വിഭാവനം ചെയ്യുന്ന യജമാന-ഭൃത്യ സങ്കല്‍പ്പം മാറുകയെന്നതാണ് ഭേദഗതിയെന്ന ആശയത്തിന് പിന്നിലെന്ന് ആഭ്യന്തര മന്ത്രലയത്തിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
വംശീയ വിവേചനത്തിനെതിരെ കര്‍ക്കശമായ രണ്ട് വകുപ്പുകള്‍ ഉള്‍പ്പെടുത്തണമെന്ന് 2016 ല്‍ ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിച്ചിരുന്നു. വംശീയതയുടെ അടിസ്ഥാനത്തിലുള്ള കുറ്റകൃത്യങ്ങള്‍ക്ക് 153 എ, 509 എ എന്നിങ്ങനെ രണ്ട് വകുപ്പുകള്‍ ഭേദഗതി ചെയ്യണമെന്ന നിര്‍ദ്ദേശത്തിന് പക്ഷെ സംസ്ഥാനങ്ങളില്‍ നിന്നും തണുപ്പന്‍ പ്രതികരണമാണ് ലഭിച്ചത്.
രാജ്യത്തെമ്പാടുമുള്ള ജനങ്ങളില്‍ നിന്നും അഭിപ്രായങ്ങള്‍ കേട്ട ശേഷം ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെയും ക്രിമിനല്‍ നടപടി നിയമത്തിന്റെയും (സിആര്‍പിസി) വിവിധ വകുപ്പുകള്‍ ഭേദഗതി ചെയ്യണമെന്ന നിര്‍ദ്ദേശം നടപ്പാക്കാന്‍ ബ്യുറോ ഓഫ് പോലീസ് റിസര്‍ച് ആന്‍ഡ് ഡെവലപ്‌മെന്റ് (ബിപിആര്‍&ഡി) പ്രവര്‍ത്തിക്കണമെന്ന് സെപ്റ്റംബര്‍ അവസാനം ഡല്‍ഹിയില്‍ ഒരു ചടങ്ങില്‍ സംസാരിക്കവേ ആഭ്യന്തര മന്ത്രി അമിത് ഷാ ആവശ്യപ്പെട്ടിരുന്നു.
ബ്രിട്ടീഷ് കാലഘട്ടത്തില്‍ അവരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് പോലീസിനെ ഉപയോഗിച്ചിരുന്നതെന്നും എന്നാല്‍ ഇപ്പോള്‍ അവരുടെ ചുമതല 'ജനങ്ങളെ സംരക്ഷിക്കുക' എന്നതാണെന്നും സ്വാതന്ത്ര്യാനന്തരം രാജ്യത്തുടനീളം ഡ്യൂട്ടി ചെയ്യുന്നതിനിടയില്‍ 34000 ത്തില്‍പ്പരം പോലീസുകാര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.ഐപിസിക്ക് രൂപംനല്‍കിയ ശേഷം ഒരു മാറ്റവും വരുത്താതെ അതേപടി തുടരുകയാണ്. ചില കൂട്ടിച്ചേര്‍ക്കലുകളും കുറക്കലുകളും വരുത്തിയിട്ടുണ്ടെന്നുമാത്രമേയുള്ളു.
ഗുരുതരമായ കുറ്റകൃത്യങ്ങള്‍ക്ക് അവ അര്‍ഹിക്കുന്നതായ ശിക്ഷ ലഭിക്കാറില്ല. പൊതു നിരത്തുകളില്‍ മാലയും ബാഗുകളും തട്ടിയെടുക്കുന്ന സംഭവങ്ങള്‍ ഉദാഹരണമാണ്. അവ പലപ്പോഴും ജീവന് ഭീഷണിയാകാറുണ്ടെങ്കിലും കുറ്റത്തിന്റെ ഗൗരവമനുസരിച്ചുള്ള ശിക്ഷ ലഭിക്കാറില്ല.പോലീസിന്റെ ഇഷ്ടാനുസരണം അത് കവര്‍ച്ചയോ അല്ലെങ്കില്‍ മോഷണമോ ആകുകയാണ് ചെയ്യുന്നത്.ശിക്ഷയ്ക്ക് ഒരു മാനദണ്ഡമുണ്ടാകണമെന്ന് അമിത് ഷാ അഭിപ്രായപ്പെട്ടിരുന്നു.