ഇറാഖിലേക്ക് യാത്ര വേണ്ട: വിദേശകാര്യ മന്ത്രാലയം

ഇറാഖിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം പൗരന്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. നിലവില്‍ ഇറാഖില്‍ തങ്ങുന്ന ഇന്ത്യക്കാര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്നും രാജ്യത്തിനകത്ത് സഞ്ചരിക്കുന്നത് ഒഴിവാക്കണമെന്നും കേന്ദ്ര വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. ബാഗ്ദാദിലെ ഇന്ത്യന്‍ എംബസിയും ഇര്‍ബിലിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും തുടര്‍ന്നും സാധാരണ നിലയില്‍ പ്രവര്‍ത്തനം തുടരുമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

വിദേശകാര്യമന്ത്രാലയത്തിന്റെ നിര്‍ദ്ദേശം വന്ന് മണിക്കൂറുകള്‍ക്കകമാണ് ഇറാഖില്‍ ഇറാന്‍ മിസൈലാക്രമണം നടത്തിയത്. ഈ ആക്രമണത്തില്‍ 80 അമേരിക്കന്‍ സൈനികര്‍ മരിച്ചതായി ഇറാന്‍ പ്രസ് ടിവി റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് രാവിലെ ടെഹ്‌റാന്‍ വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന ഉക്രൈന്‍ എയര്‍ലൈന്‍സിന്റെ ബോയിംഗ് 737 വിമാനം തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന 180 യാത്രക്കാരും പൈലറ്റടക്കമുള്ള ജീവനക്കാരും മരണപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്.

ഇറാന്‍-യുഎസ് സംഘര്‍ഷം മുറ്റിനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ ജാഗ്രത നിര്‍ദേശത്തിന് പുറമേ കേന്ദ്ര വ്യോമയാന മന്ത്രാലയവും വിമാനക്കമ്പനികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. ഇറാഖിന്‍േറയും ഇറാന്‍േറയും വ്യോമപാതയിലൂടെ സഞ്ചരിക്കുന്നത് ഒഴിവാക്കണമെന്ന് വ്യോമയാന മന്ത്രാലയം വിമാനക്കമ്പനികളോട് നിര്‍ദ്ദേശിച്ചു. ഗള്‍ഫ് മേഖലയിലൂടെയുള്ള സര്‍വീസുകള്‍ ഒഴിവാക്കണമെന്ന് അമേരിക്ക ഇതിനോടകം തങ്ങളുടെ രാജ്യത്തെ വിമാനക്കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വിമാനക്കമ്പനി പ്രതിനിധികളുമായി ചര്‍ച്ചകള്‍ നടത്തിയെന്നും ജാഗ്രത പാലിക്കുകയും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യണമെന്ന് നിര്‍ദേശിച്ചിട്ടുണ്ടെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് ഏവിയേഷന്‍ അറിയിച്ചു.ഇറാന്‍ വ്യോമപാതയിലൂടെയുള്ള യാത്രകള്‍ സിംഗപ്പൂര്‍ ഏയര്‍ലൈന്‍സ് ഇതിനോടകം റദ്ദാക്കിയിട്ടുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles
Next Story
Videos
Share it