സാമ്പത്തിക പ്രതിസന്ധിക്കു കാരണം സാമൂഹിക അടിത്തറയില്‍ നിറച്ച ഭയവും വെറുപ്പും: മന്‍മോഹന്‍ സിങ്

രാജ്യത്തെ സാമ്പത്തിക തളര്‍ച്ച മാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ മുഖ്യമായും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് സാമൂഹികമായ പരസ്പര വിശ്വാസവും ആത്മവിശ്വാസവും പുനഃസ്ഥാപിക്കാനാണെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. സര്‍ക്കാരിന്റേയും അധികൃതരുടേയും ഉപദ്രവത്തെ ഭയന്നാണ് തങ്ങള്‍ ജീവിക്കുന്നതെന്ന് നിരവധി വ്യവസായികള്‍ തന്നോട് പറഞ്ഞിട്ടുള്ളതായി പ്രമുഖ ദേശീയ ദിനപത്രത്തിലെ ലേഖനത്തിലൂടെ അദ്ദേഹം വെളിപ്പെടുത്തി.

ഒരു രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ എന്നത് അവിടുത്തെ സമൂഹത്തിന്റെ പ്രതിഫലനമാണ്. പരസ്പര വിശ്വാസവും ആത്മവിശ്വാസവുമാണ് സാമ്പത്തിക വളര്‍ച്ചയുടെ സാമൂഹിക അടിത്തറ. വിശ്വാസത്തിന്റേയും ആത്മവിശ്വാസത്തിന്റേയും സാമൂഹികഘടന താറുമാറായിരിക്കുകയാണെന്നും മന്‍മഹോന്‍ സിങ് നിരീക്ഷിക്കുന്നു.പ്രതികാര നടപടി ഭയന്ന് പുതിയ വായ്പ നല്‍കാന്‍ ബാങ്കര്‍മാര്‍ വിമുഖത കാണിക്കുന്നു. പുതിയ പദ്ധതികള്‍ കൊണ്ടുവരാന്‍ സംരംഭകര്‍ മടിക്കുന്നു. പല കാരണങ്ങളാല്‍ സംരംഭം പരാജയപ്പെടുമെന്ന ആശങ്കയിലാണവര്‍.

മോദി സര്‍ക്കാരിന്റെ വിശ്വാസയോഗ്യമല്ലാത്ത ഭരണ സിദ്ധാന്തത്തിന്റെ അനന്തരഫലമാണ് നമ്മുടെ സാമൂഹ്യ ഘടനയിലുണ്ടായിട്ടുള്ള വിള്ളല്‍.പൗരന്‍മാരും നയ നിര്‍മാതാക്കളും സംരംഭകരും വ്യവസായികളും ബാങ്കര്‍മാരും സര്‍ക്കാരിനെ വഞ്ചിക്കുന്നവരാണെന്ന സംശയമാണ് നമ്മുടെ സമൂഹത്തിലുള്ള വിശ്വാസം പൂര്‍ണമായും തകരുന്നതിനിടയാക്കിയത്.

എല്ലാവരേയും സംശയത്തിന്റേയും അവിശ്വാസത്തിന്റേയും കണ്ണുകളിലൂടെയാണ് മോദി സര്‍ക്കാര്‍ നോക്കി കാണുന്നത്. രക്ഷകരായി സ്വയം അവതരിച്ചുകൊണ്ട് നോട്ട് അസാധുവാക്കല്‍ പോലുള്ള പൈശാചികവും വിഢിത്തപരവുമായ നയങ്ങള്‍ അവലംബിക്കുന്നു. തെറ്റായ ചിന്താഗതിയും വിനാശകരവുമാണെന്ന് ഇതെല്ലാം തെളിയിച്ചു. 15 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ജിഡിപി എത്തിയിരിക്കുന്നു. തൊഴിലില്ലായ്മ 45 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. ഗാര്‍ഹിക ഉപഭോഗം നാല് പതിറ്റാണ്ടിലെ ഏറ്റവും താഴ്ന്ന നിലയിലേക്കെത്തി.

സര്‍ക്കാരിലേയും മറ്റ് സ്ഥാപനങ്ങളിലെയും നയനിര്‍മ്മാതാക്കള്‍ സത്യം സംസാരിക്കാനും ബുദ്ധിപരവും സത്യസന്ധവുമായ നയ ചര്‍ച്ചകളില്‍ ഏര്‍പ്പെടാനും ഭയപ്പെടുന്നു. സാമ്പത്തിക വളര്‍ച്ചയുടെ ഏജന്റായി പ്രവര്‍ത്തിക്കുന്നവരാണ് ഇവരെല്ലാം. എന്നാല്‍ ഇവര്‍ക്കിടയില്‍ അഗാധമായ ഭയവും അവിശ്വാസവുമുണ്ട്. അത്തരം അവിശ്വാസം ഉണ്ടാകുമ്പോള്‍ അത് ഒരു സമൂഹത്തിലെ സാമ്പത്തിക ഇടപാടുകളെ പ്രതികൂലമായി ബാധിക്കും- മന്‍മോഹന്‍ സിങ് പറയുന്നു.

Related Articles
Next Story
Videos
Share it