സൗജന്യ മെട്രോ യാത്രാ പദ്ധതി അനുവദിക്കരുതെന്ന് ഇ.ശ്രീധരൻ, മോദിയ്ക്ക് കത്തയച്ചു 

ഡൽഹി സർക്കാരിന്റെ സൗജന്യ മെട്രോ യാത്രാ പദ്ധതിയ്‌ക്കെതിരെ 'മെട്രോമാൻ' ഇ.ശ്രീധരൻ. സ്ത്രീകൾക്ക് ഡൽഹി മെട്രോയിൽ സൗജന്യ യാത്ര അനുവദിക്കാനുള്ള പദ്ധതിയ്ക്ക് അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് കത്തയച്ചു.

"ഇത്തരത്തിലുള്ള ഒരു നീക്കം ആപൽക്കരമായ കീഴ്വഴക്കങ്ങൾ സൃഷ്ടിക്കും. സ്ത്രീ യാത്രക്കാരുടെ ക്ഷേമത്തിന് വേണ്ടി ഡൽഹി സർക്കാരിന് പദ്ധതി നടപ്പാക്കാൻ ആഗ്രഹമുണ്ടെങ്കിൽ അവരുടെ യാത്രാച്ചെലവ് നേരിട്ട് സംസ്ഥാന സർക്കാർ അവർക്ക് കൈമാറിയാൽ മതിയാകും," മുൻ ഡിഎംആർസി മേധാവി കൂടിയായ ശ്രീധരൻ പറഞ്ഞു.

2002-ൽ ഡൽഹി മെട്രോ ആരംഭിച്ചപ്പോൾ ആർക്കും യാത്ര ഇളവുകൾ നൽകില്ലെന്ന ഉറച്ച തീരുമാനം തങ്ങൾ എടുത്തിരുന്നു. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്‌പേയി വരെ ടിക്കറ്റ് എടുത്താണ് അന്ന് ഉദ്‌ഘാടനത്തിന് എത്തിയത്," അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി.

ഡൽഹി സർക്കാരിന്റെ ഈ നീക്കത്തിന് അനുമതി നൽകരുതെന്ന് അദ്ദേഹം പ്രധാനമന്ത്രിയോട് അപേക്ഷിച്ചു. ഡിഎംആർസിയ്ക്കുണ്ടാകുന്ന വരുമാന നഷ്ടം ഡൽഹി സർക്കാർ നികത്തിക്കൊള്ളുമെന്ന വാഗ്ദാനവും ദുർബലമായ ഒന്നാണ്, ശ്രീധരൻ പറഞ്ഞു.

ഡൽഹി സർക്കാരിന്റെയും കേന്ദ്ര സർക്കാരിന്റെയും സംയുക്ത സംരംഭമാണ് ഡൽഹി മെട്രോ. ഒരു കൂട്ടർക്ക് ഏകപക്ഷീയമായ തീരുമാനം എടുക്കാൻ സാധിക്കില്ല. ഇത്തരം ഇളവുകൾ അനുവദിച്ചാൽ മെട്രോയുടെ പ്രവർത്തനത്തെ ഇത് ബാധിക്കുകയും അധികം വൈകാതെ അടച്ചുപൂട്ടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഡിഎംആർസി ജീവനക്കാരും മാനേജിങ് ഡയറക്ടർ വരെയും ടിക്കറ്റ് എടുത്താണ് യാത്ര ചെയ്യുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it