മോദി റിയാദില്‍; സൗദിയുമായി പുതിയ സാമ്പത്തിക കരാറുകള്‍ അണിയറയില്‍

സൗദി അറേബ്യ സംഘടിപ്പിക്കുന്ന രാജ്യാന്തര നിക്ഷേപസമ്മേളനത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി റിയാദിലെത്തി. ഇന്ത്യയുടെ അടുത്ത സുഹൃത്തായ സൗദി അറേബ്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള പ്രധാനപ്പെട്ട സന്ദര്‍ശനത്തിനാണ് തുടക്കമിട്ടിരിക്കുന്നതെന്ന് മോദി ട്വീറ്റ് ചെയ്തു.
യോഗത്തില്‍ പങ്കെടുക്കുന്നതിന് പുറമെ സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസുമായും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായും മോദി കൂടിക്കാഴ്ച നടത്തും. പെട്രോളിയം, പ്രകൃതിവാതം, പാരമ്പര്യേതര ഊര്‍ജ്ജസ്രോതസ്സുകള്‍, സിവില്‍ ഏവിയേഷന്‍ തുടങ്ങിയ മേഖലകളിലുള്ള ബന്ധം മെച്ചപ്പെടുത്താനായി ഇരുരാജ്യങ്ങളും ഏതാനും കരാറുകളില്‍ ഒപ്പു വെക്കുമെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
കഴിഞ്ഞ ഏതാനും വര്‍ഷമായി സൗദിയുമായുള്ള ഇന്ത്യയുടെ ബന്ധം മികച്ച രീതിയിലാണ് മുന്നേറുന്നത്. ഇന്ത്യയുടെ നാലാമത്തെ ഏറ്റവും വലിയ വാണിജ്യ പങ്കാളിയായ സൗദി അറേബ്യയുമായി 27 മില്യണ്‍ ഡോളറിലധികം കച്ചവടം പ്രതിവര്‍ഷം നടക്കുന്നുണ്ട്. പെട്രോളിയം, കൃഷി, ഖനനമേഖലകളില്‍ കഴിഞ്ഞ വര്‍ഷം സൗദി അറേബ്യ ഇന്ത്യയില്‍ 100 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാനുള്ള സന്നദ്ധത അറിയിച്ചിരുന്നു.
നിക്ഷേപ സമ്മേളനത്തില്‍ വിവിധ സര്‍ക്കാര്‍ പ്രതിനിധികളും വ്യവസായികളും ബാങ്കുകളും പങ്കെടുക്കും. വരുംവര്‍ഷങ്ങളില്‍ ലോകത്തെ നിക്ഷേപസാഹചര്യങ്ങള്‍ വിലയിരുത്തി പുതിയ കാലത്ത് സ്വീകരിക്കേണ്ട മാറ്റങ്ങള്‍ എന്തെല്ലാമെന്ന് ചര്‍ച്ച ചെയ്യുകയാണ് സംഗമത്തിന്റെ ലക്ഷ്യം.സൗദി പത്രപ്രവര്‍ത്തകനായ ജമാല്‍ ഖഷോഗിയുടെ മരണത്തിനു പിന്നില്‍ സൗദി ഭരണകൂടമാണെന്ന ആരോപണം ഉയര്‍ന്നതിനു പിന്നാലെ കഴിഞ്ഞ വര്‍ഷം ലോകരാജ്യങ്ങള്‍ സൗദിയുടെ നിക്ഷേപ സംഗമം ബഹിഷ്‌കരിച്ചിരുന്നു.
കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുമായി തെറ്റി നില്‍ക്കുന്ന പാക്കിസ്ഥാന്‍ സൗദി അറേബ്യയുമായുള്ള സൗഹൃദം മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് മോദിയുടെ സൗദി സന്ദര്‍ശനം. ഇന്ത്യയും സൗദി അറേബ്യയും തമ്മില്‍ ചരിത്രപരമായി അടുത്ത സുഹൃത്തുക്കളാണ്. ഇന്ത്യയുടെ ഊര്‍ജ്ജമേഖലയിലെ ഏറ്റവും വലുതും വിശ്വസനീയവുമായ വിതരണക്കാരാണ് സൗദി അറേബ്യ.
പ്രതിരോധം, സുരക്ഷ, വാണിജ്യം, സംസ്‌കാരം, വിദ്യാഭ്യാസം എന്നീ മേഖലകളിലും കൂടുതല്‍ സഹകരണ സാധ്യതയുണ്ടെന്ന് സൗദി സന്ദര്‍ശനത്തിനായി പുറപ്പെടവേ മോദി ഇന്നലെ ചൂണ്ടിക്കാട്ടിയിരുന്നു. സുപ്രധാന വിഷയങ്ങളില്‍ തീരുമാനമെടുക്കാനായുള്ള സ്ട്രാറ്റജിക് പാര്‍ട്‌നര്‍ഷിപ്പ് കൗണ്‍സില്‍ രൂപീകരിക്കാനായി ഇരു രാജ്യങ്ങളും തന്ത്രപ്രധാനമായ കരാറില്‍ ഒപ്പുവെക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും സൗദി രാജകുമാരനുമായിരിക്കും കൗണ്‍സില്‍ യോഗങ്ങളില്‍ അധ്യക്ഷത വഹിക്കുക.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel - https://t.me/dhanamonline