മോദി 'ഭിന്നിപ്പിന്റെ തലവൻ': വിവാദ തലക്കെട്ടുമായി ടൈം മാഗസിൻ

തെരഞ്ഞെടുപ്പ് അവസാനിക്കാൻ രണ്ടു ദിവസം മാത്രം ബാക്കി നിൽക്കേ പ്രമുഖ അമേരിക്കൻ ന്യൂസ് മാഗസിനായ ടൈമിന്റെ ഏറ്റവും പുതിയ കവർ പേജ് രാഷ്ട്രീയ ഇന്ത്യയിൽ ചൂടേറിയ ചർച്ചകൾക്ക് തിരികൊളുത്തിയിരിക്കുകയാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് മെയ് 20 ലെ ടൈം മാഗസിന്റെ കവർ. 'ഡിവൈഡർ ഇൻ ചീഫ്' (ഭിന്നിപ്പിന്റെ തലവൻ) എന്നാണ് മാഗസിന്റെ കവറിലെ തലക്കെട്ട്. ഇനിയൊരു 5 വർഷം കൂടി മോദി ഭരണം ഇന്ത്യയ്ക്ക് താങ്ങാനാകുമോ എന്ന ചോദ്യവും മാഗസിൻ ഉന്നയിക്കുന്നു.

ലേഖനം ചൂണ്ടിക്കാട്ടി പ്രധാന പ്രതിപക്ഷമായ കോൺഗ്രസ് ഇതിനകം രംഗത്തെത്തിയിട്ടുണ്ട്. രണ്ടുവർഷം മുൻപ് ടൈം മാഗസിൻ നടത്തിയ ഓൺലൈൻ അഭിപ്രായ സർവേയിൽ മോദിയെ 'Time Person Of the Year' ആയി തെരഞ്ഞെടുത്തിരുന്നു. കൂടാതെ, 2015 മെയ് ഇഷ്യൂവിൽ മോദിയുമായുള്ള അഭിമുഖം മാഗസിൻ നൽകിയിരുന്നു.

ബ്രിട്ടീഷുകാരനായ ലേഖകൻ ആതിഷ് തസീർ, ഇന്ത്യൻ പത്രപ്രവർത്തകയായ തവ്ലീൻ സിംഗിന്റെയും പാക്കിസ്ഥാൻ രാഷ്ട്രീയ പ്രവർത്തകനും ബിസിനസുകാരനുമായിരുന്ന സൽമാൻ തസീറിന്റെയും മകനാണ്.

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ ശക്തിയായ ഇന്ത്യ എന്നത്തേക്കാളുമേറെ പിളർന്നിരിക്കുകയാണെന്നും ഹിന്ദു മുസ്‌ലിം സാഹോദര്യം വളർത്തുന്നതിന് അദ്ദേഹം യാതൊരു താല്പര്യവും കാണിച്ചിട്ടില്ലെന്നും ലേഖനം ആരോപിക്കുന്നു. ഗുജറാത്ത് കലാപം ഓർമ്മപ്പെടുത്തുന്ന ലേഖനം ആൾക്കൂട്ട കൊലപാതകങ്ങളും യോഗി ആദിത്യനാഥിനെ ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി നിയമിച്ചതും സാധ്വി പ്രഗ്യ സിംഗ് താക്കൂറിനെ ഭോപ്പാലിലെ സ്ഥാനാർത്ഥിയാക്കിയതും സൂചിപ്പിക്കുന്നുണ്ട്.

കോൺഗ്രസിനേയും ലേഖനം വിമർശിക്കുന്നുണ്ട്. പ്രതിപക്ഷം ദുർബലമായ, കുത്തഴിഞ്ഞ ഒരു കൂട്ടുകക്ഷിയാണെന്നും 'പഠിപ്പിക്കാൻ സാധിക്കാത്ത ഇടത്തരക്കാരനാണ്' രാഹുൽ ഗാന്ധിയെന്നും ലേഖനം പറയുന്നു.

ഇതേ ലേഖനത്തോടൊപ്പം തന്നെ മാഗസിൻ മറ്റൊരു ലേഖനവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിൽ ഇന്ത്യൻ സാമ്പത്തിക പരിഷ്‌ക്കാരങ്ങൾക്ക് ഏറ്റവും പ്രതീക്ഷയർപ്പിക്കാവുന്ന നേതാവ് മോദിയാണെന്നാണ് വിശേഷണം.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it