നരേന്ദ്ര മോദി -ഷി ജിന്‍ പിങ് കൂടിക്കാഴ്ച ഇന്നും നാളെയും

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങും തമ്മിലുള്ള രണ്ടാം അനൗപചാരിക ഉച്ചകോടി ചര്‍ച്ച ചെന്നൈയുടെ പ്രാന്തഭാഗത്തുള്ള മാമല്ലപുരത്ത് ഇന്നാരംഭിക്കും. ഇന്ത്യയും ചൈനയുമുള്‍പ്പെടെ 15 രാജ്യങ്ങള്‍ പങ്കാളികളായ ആര്‍.സി.ഇ.പി. സ്വതന്ത്രവ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനായുള്ള നിര്‍ണായക ചര്‍ച്ച തായ്ലാന്‍ഡിലെ ബാങ്കോക്കില്‍ നടക്കുമ്പോഴാണ് ഈ വിഷയം കൂടി ഉള്‍പ്പെടുന്ന അജന്‍ഡയുമായി ഇരു നേതാക്കളും സുപ്രധാന കൂടിക്കാഴ്ച നടത്തുന്നത്.

ചൈനീസ് ഉല്‍പന്നങ്ങളുടെ ഇന്ത്യയിലേക്കുള്ള ഇറക്കുമതി കൂട്ടാനിടയാക്കുന്ന ആര്‍.സി.ഇ.പി കരാര്‍ ആഭ്യന്തര ഉല്‍പാദനത്തെയും വ്യവസായത്തെയും തകര്‍ക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ കരാറില്‍ കൂടുതല്‍ ഇളവുകള്‍ ഇന്ത്യ ആവശ്യപ്പെട്ടേക്കും. ഇന്ത്യയിലേക്ക് കൂടുതല്‍ ചൈനീസ് നിക്ഷേപം ക്ഷണിക്കാനും സാധ്യതയുണ്ടെന്നു നിരീക്ഷകര്‍ കരുതുന്നു.

വ്യാപാര പ്രശ്നങ്ങള്‍ക്കു പുറമേ അതിര്‍ത്തി തര്‍ക്കങ്ങളും ബഹുമുഖ സഹകരണവും കടല്‍ത്തീര റിസോര്‍ട്ടായ മാമല്ലപുരത്ത് ചര്‍ച്ചയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാളെ പ്രതിനിധി തല ചര്‍ച്ചകളും മോദിയും ഷി ജിന്‍പിങും തമ്മിലുള്ള കൂടിക്കാഴ്ചകളും നടക്കും.അരുണാചല്‍പ്രദേശിനോടുചേര്‍ന്ന ഡോക്ലാം മേഖലയില്‍ ചൈനീസ് സൈന്യം കടന്നുകയറിയതിനു പിന്നാലെ 2018 ഏപ്രിലില്‍ ചൈനയിലെ വുഹാനിലായിരുന്നു മോദി-ഷി ആദ്യ അനൗപചാരിക ഉച്ചകോടി.

ചരിത്രപരമായ ഭിന്നതകളും വര്‍ത്തമാനകാല അഭിപ്രായവ്യത്യാസങ്ങളും മാറ്റിവെച്ചുള്ള സഹകരണത്തിലൂന്നിയായിരിക്കും മാമല്ലപുരത്തെ ചര്‍ച്ചയെന്ന് ചൈന വ്യക്തമാക്കി.
കാഷ്്മീര്‍ വിഷയവും ചര്‍ച്ചയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി കേന്ദ്രകമ്മിറ്റി അംഗം യാങ് ജെയ്ചി, വിദേശകാര്യമന്ത്രി വാങ് യി എന്നിവരും സി ജിന്‍പിങിനെ അനുഗമിക്കുന്നുണ്ട്. ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ എന്നിവര്‍ മോദിക്കൊപ്പം ചര്‍ച്ചകളില്‍ പങ്കെടുക്കും

1,200 - 1,300 വര്‍ഷം പഴക്കമുള്ള ചരിത്ര പ്രാധാന്യമുള്ള നഗരമാണ് മഹാബലിപുരമെന്ന് ഇപ്പോള്‍ അറിയപ്പെടുന്ന മാമല്ലപുരം. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിലുള്ള സ്ഥലം കൂടിയാണ് ഇത്. പല്ലവ രാജാക്കന്മാരുടെ ഭരണകാലത്താണ് ഈ തുറമുഖ നഗരം നിര്‍മിക്കപ്പെട്ടത്. ചൈനയുമായി നൂറ്റാണ്ടുകള്‍ക്ക് മുമ്പെ വ്യാപാരബന്ധം നടന്നത് ഈ തുറമുഖം വഴിയായിരന്നു. ഇത് തെളിയിക്കുന്ന പുരാവസ്തു തെളിവുകള്‍ ഇവിടെ നിന്ന് കണ്ടെടുത്തിരുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it