എന്റെ റിട്ടയർമെന്റ് പ്ലാൻ ഇതാണ്: അക്ഷയ് കുമാറുമായുള്ള അഭിമുഖത്തിൽ മോദി

പ്രശസ്ത സിനിമാ താരം അക്ഷയ് കുമാറുമായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൗഹൃദ അഭിമുഖത്തിനാണ് ഔദ്യോഗിക വസതിയായ 7 ലോക് കല്യാൺ മാർഗ് ബുധനാഴ്ച സാക്ഷ്യം വഹിച്ചത്.
ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായുള്ള സൗഹൃദം മുതൽ മാമ്പഴത്തോടുള്ള ഇഷ്ടം വരെ ചർച്ചാ വിഷയമായി.
രാഷ്ട്രീയത്തിൽ ശത്രുക്കളാണെങ്കിലും മമത ബാനർജിയുമായി മികച്ച ബന്ധമാണുള്ളതെന്നും ‘ദീദി’ തനിക്ക് എല്ലാ വർഷവും കുർത്തകൾ അയയ്ക്കാറുണ്ടെന്നും മോദി പറഞ്ഞു.
“മധുരപലഹാരങ്ങളും അയയ്ക്കാറുണ്ട്. ബംഗ്ലദേശ് പ്രധാനമന്ത്രി ധാക്കയിൽനിന്ന് ബംഗാളി മധുരപലഹാരങ്ങൾ അയയ്ക്കാറുണ്ടെന്ന് അറിഞ്ഞതിനുശേഷമാണ് മമത അയച്ചുതുടങ്ങിയത്,” മോദി കൂട്ടിച്ചേർത്തു.
വെറും 3 മണിക്കൂർ ഉറങ്ങി എങ്ങനെയാണ് ഇത്ര ഉത്സാഹത്തോടുകൂടി ഒരു ദിവസം നയിക്കുന്നതെന്നുള്ള ചോദ്യം മുൻ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയും തന്നോടു ചോദിച്ചിട്ടുണ്ടെന്ന് മോദി പറഞ്ഞു. “എന്റെ ശരീരത്തിലെ ക്ലോക്ക് അതുപ്രകാരമാണ് പ്രവർത്തിക്കുന്നത്. ഇതിൽ കൂടുതൽ നേരം എനിക്ക് ഉറങ്ങാൻ സാധിക്കില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.
“റിട്ടയർമെന്റിന് ശേഷം, എങ്ങനെ കൂടുതൽ സമയം ഉറങ്ങാമെന്ന് കണ്ടെത്തുകയായിരിക്കും എന്റെ പ്രധാന ദൗത്യങ്ങളിലൊന്ന്,” അദ്ദേഹം പറഞ്ഞു.
അഭിമുഖത്തിൽ പറഞ്ഞ മറ്റു ചില കാര്യങ്ങൾ മോദിയുടെ വാക്കുകളിൽ:
ഇഷ്ടപ്പെട്ട സ്പോർട്സ്: ഞാൻ വളരെ ചെറുപ്പത്തിലേ ശാഖയിൽ ചേർന്നു. അതുകൊണ്ട് ടീം സ്പിരിറ്റ് ഉയർത്താനുള്ള പല സ്പോർട്സുകളിലും ഞാൻ ഭാഗമായി. എന്റെ നാട്ടിലെ തോടുകളിലും കനാലുകളിലും നീന്തുന്നത് എനിക്കിഷ്ടമുള്ള കാര്യമായിരുന്നു.
ട്രോളുകളെക്കുറിച്ച്: ട്രോളുകൾ കാണുമ്പോൾ അതിൽ എത്രമാത്രം ക്രിയേറ്റിവിറ്റി ഉണ്ടെന്നാണ് ഞാൻ ചിന്തിക്കാറ്. സോഷ്യൽ മീഡിയയെ സംബന്ധിച്ച ഏറ്റവും ഗുണകരമായ കാര്യം അത് ആളുകളുടെ ക്രിയേറ്റിവിറ്റി പുറത്തുകൊണ്ടുവരുമെന്നതാണ്.
വസ്ത്രധാരണത്തെക്കുറിച്ച്: ഗുജറാത്ത് മുഖ്യമന്ത്രി ആകുന്നവരെ എന്റെ വസ്ത്രം ഞാൻ തന്നെയാണ് കഴുകാറുള്ളത്. എനിക്കെപ്പോഴും വൃത്തിയുള്ള വസ്ത്രം ധരിക്കാനാണിഷ്ടം.
അലാവുദീന്റെ അത്ഭുദവിളക്ക് കിട്ടിയാൽ: അലാവുദീന്റെ അത്ഭുദവിളക്ക് എനിക്ക് ലഭിച്ചാൽ ഞാൻ ആദ്യം ചെയ്യുക ആ കഥ ഇനി കുട്ടികൾക്ക് പറഞ്ഞുകൊടുക്കരുതേയെന്ന് അധ്യാപകരോട് പറയാൻ [ജീനിയോട്] അഭ്യർഥിക്കും.
ദേഷ്യപ്പെടാറുണ്ടോ എന്ന ചോദ്യത്തിന്: ഞാൻ അല്പം സ്ട്രിക്റ്റും ഡിസിപ്ലിൻഡുമാണ്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ ഏതെങ്കിലും ഉദ്യോഗസ്ഥരോട് ചൂടായതായി എന്റെ ഓർമ്മയിലില്ല. ദേഷ്യം ‘നെഗറ്റിവിറ്റി’ ഉണ്ടാക്കും.