വൈറസ് പടരുമ്പോള്‍ ഓഹരി വിപണിയില്‍ നേട്ടം കൊയ്ത് ചൈനീസ് മരുന്ന് കമ്പനികള്‍

ചൈനയില്‍ അജ്ഞാത വൈറസ് കൂടുതല്‍ വ്യാപകമാകുന്നതിലുള്ള ഉത്ക്കണ്ഠ ലോക ആരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ)യില്‍ തീവ്രമാകുന്നതിനിടെ തങ്ങളുടെ ഓഹരികള്‍ക്കു വില കുതിച്ചുകയറുന്നതിലുള്ള നിഗൂഢാനന്ദവുമായി ചൈനീസ് മരുന്ന് നിര്‍മ്മാതാക്കള്‍. ഷാങ്ഹായ്, ഷെന്‍ഷെന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളിലെ നിരവധി ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുടെ ഓഹരിവില 10 ശതമാനം ഉയര്‍ന്നു.ഒരു ദിവസം ഇതിലധികം വില വര്‍ദ്ധന ഇവിടെ അനുവദനീയമല്ല.

കൊറോണ വൈറസ് പടരുന്നതായുള്ള സ്ഥിരീകരണമാണ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ക്കു തുണയായത്. രോഗബാധിതരുടെ എണ്ണം വാരാന്ത്യത്തില്‍ മൂന്നിരട്ടിയായി വര്‍ദ്ധിച്ചു. മധ്യ ചൈനീസ് നഗരമായ വുഹാനില്‍ തുടക്കമിട്ട വൈറസ് ബാധ മറ്റ് പ്രധാന നഗരങ്ങളിലേക്ക് പടര്‍ന്നിട്ടുണ്ട്. ഇതോടെ ലോക ആരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) അടിയന്തര യോഗം വിളിച്ചു. നാളെ യോഗം ചേരാനാണ് തീരുമാനം. വൈറസ് ചൈനയ്ക്ക് പുറത്തേക്കും വ്യാപിക്കുന്നതായാണ് റിപ്പോര്‍ട്ട്.

ഇപ്പോഴത്തെ വൈറസ് ബാധയ്ക്ക് 2002-2003 ല്‍ ചൈനയിലും ഹോങ്കോങ്ങിലുമായി 800 പേരുടെ ജീവനെടുത്ത സിവിയര്‍ അക്യൂട്ട് റസ്പിറേറ്ററി സിന്‍ഡ്രോമിനോട് (സാര്‍സ്) സാമ്യമുള്ളതാണ് അധികൃതരെ കൂടുതല്‍ ഭയപ്പെടുത്തുന്നത്. അജ്ഞാത വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ ആരോഗ്യ അടിയന്തരാവസ്ഥ ലോകം മുഴുവന്‍ പ്രഖ്യാപിക്കണമോ എന്ന് ജനീവയില്‍ ചേരുന്ന എച്ച്.ഡബ്ല്യു.ഒ യോഗം തീരുമാനിക്കും.

ജിയാങ്സു സിഹുവാന്‍ ബയോ എഞ്ചിനീയറിംഗ്, ഷാന്‍ഡോംഗ് ലുകാങ് ഫാര്‍മസ്യൂട്ടിക്കല്‍, ഹെന്‍ഗ്രുയി മെഡിസിന്‍ എന്നിവ ഓഹരി വിപണിയില്‍ 10% നേട്ടമുണ്ടാക്കിയ മരുന്ന് നിര്‍മ്മാതാക്കളില്‍ ഉള്‍പ്പെടുന്നു. മുഖാവരണ നിര്‍മാതാക്കളായ ടിയാന്‍ജിന്‍ ടെഡ, ഷാങ്ഹായ് ഡ്രാഗണ്‍ എന്നിവരും 10% ഉയര്‍ന്നു. മറുവശത്ത്, ചൈനീസ് എയര്‍ലൈന്‍സും ടൂര്‍, ഹോട്ടല്‍ കമ്പനികളും ഓഹരിവിപണിയില്‍ നഷ്ടത്തിലായി.സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എയര്‍ ചൈന ഓഹരികള്‍ക്കും വിലയിടിഞ്ഞു.

ചൈനയിലെ 'ഗോള്‍ഡന്‍ വീക്ക്' അവധി ദിനങ്ങളാകയാല്‍ ജനുവരി 24 മുതല്‍ 30 വരെ സ്റ്റോക്ക് മാര്‍ക്കറ്റുകള്‍ അടയ്ക്കും. ദശലക്ഷക്കണക്കിന് ചൈനക്കാര്‍ പുതുവത്സര അവധിദിനങ്ങളാസ്വദിച്ച് രാജ്യത്തിനകത്തും വിദേശത്തും യാത്ര ചെയ്യാന്‍ ഒരുങ്ങുന്ന സമയമാണിതെങ്കിലും വൈറസ് ബാധയുടെ കരിനിഴല്‍ പടര്‍ന്നിരിക്കുകയാണ് ചൈനയിലെ ടൂറിസം മേഖലയില്‍.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it