ആശ്വാസ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍

വിദേശ, ആഭ്യന്തര പോര്‍ട്ട്‌ഫോളിയോ നിക്ഷേപകരുടെ വര്‍ദ്ധിച്ച സര്‍ചാര്‍ജ് കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. സമ്പദ് വ്യവസ്ഥയിലെ ഏറിവരുന്ന പിരിമുറുക്കം കുറയ്ക്കുന്നതിനു സര്‍ക്കാര്‍ നടപ്പാക്കുന്ന തീരുമാനങ്ങള്‍ വിശദീകരിക്കുന്നതിനായി വിളിച്ചുചേര്‍ത്ത മാധ്യമ സമ്മേളനത്തില്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചതാണീ കാര്യം. ഓഹരി അടക്കം വന്‍കിട നിക്ഷേപങ്ങള്‍ക്ക് അധിക സര്‍ച്ചാര്‍ജ് ഉണ്ടാകില്ല. വിദേശനിക്ഷേപകര്‍ക്കും ആഭ്യന്തരനിക്ഷേപകര്‍ക്കും ഇത് ഗുണകരമാകുമെന്നും അവര്‍ പറഞ്ഞു.
ആഗോള സമ്പദ് വ്യവസ്ഥ ആശങ്ക ജനിപ്പിക്കുന്നുണ്ടെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു. ചൈന-യുഎസ് വ്യാപാരയുദ്ധം ഉള്‍പ്പെടെ ആഗോള സാമ്പത്തിക സാഹചര്യങ്ങളാണ് നിലവിലെ പ്രശ്നങ്ങള്‍ക്കു കാരണം.ആഗോളവളര്‍ച്ചാനിരക്ക് താഴേക്കാണെങ്കിലും അമേരിക്കയെയും ചൈനയെയും അപേക്ഷിച്ച് ഇന്ത്യ മെച്ചപ്പെട്ട നിലയിലാണ്. ജി.എസ്.ടി നിരക്കുകള്‍ ലളിതമാക്കുന്നതുള്‍പ്പെടെ സാമ്പത്തിക പരിഷ്‌കാരങ്ങളും സാമ്പത്തിക പുനരുജ്ജീവന നടപടികളുമായി രാജ്യം മുന്നോട്ടു പോകും. സംരംഭകര്‍ക്ക് ഇളവുകള്‍ ഏര്‍പ്പെടുത്തും.
2 മുതല്‍ 5 കോടി വരെ വാര്‍ഷിക നികുതി നല്‍കുന്നവര്‍ക്ക് മൂന്നു ശതമാനവും അഞ്ചു കോടിയോ അതിനു മുകളിലോ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ഏഴു ശതമാനവും തുകയാണ് സൂപ്പര്‍ റിച്ച് ടാക്സ് എന്ന പേരില്‍ സര്‍ചാര്‍ജായി ഇക്കഴിഞ്ഞ ജൂലൈയിലെ ബജറ്റില്‍ ഏര്‍പ്പെടുത്തിയത്. നിലവിലുള്ള ആദായനികുതിക്കു പുറമെയായിരുന്നു ഇത്. തുടര്‍ന്ന് എഫ്പിഐ നിക്ഷേപകര്‍ കൂട്ടത്തോടെ നിക്ഷേപം പിന്‍വലിക്കാന്‍ തുടങ്ങിയത് ഓഹരി വിപണിയെ ഉലച്ചിരുന്നു.
പലിശയിലെ വ്യത്യാസം മൂലമുണ്ടാകുന്ന ഇളവുകള്‍ എല്ലാ വായ്പകള്‍ക്കും ലഭ്യമാക്കുമെന്ന് ധനമന്ത്രി പറഞ്ഞു.എല്ലാ ബാങ്കുകളും ഇതിനുള്ള സമ്മതമറിയിച്ചു. ഭവനവായ്പയ്ക്കും മറ്റ് വായ്പകള്‍ക്കും പലിശ കുറയാന്‍ ഇതിടയാക്കും. വ്യവസായങ്ങള്‍ക്കുള്ള പ്രവര്‍ത്തനമൂലധനവും മെച്ചപ്പെടും. വായ്പ അടച്ചാല്‍ 15 ദിവസത്തിനകം എല്ലാ രേഖകളും തിരികെ നല്‍കണം. വായ്പാ അപേക്ഷകളുടെ പുരോഗതി ഓണ്‍ലൈനില്‍ നിരീക്ഷിക്കാം.
വാഹന വ്യവസായത്തിന്റെ രക്ഷയ്ക്ക് വിവധ നടപടികളാണ് സര്‍ക്കര്‍ സ്വീകരിക്കുന്നതെന്ന് ധനമന്ത്രി പറഞ്ഞു. 2020 മാര്‍ച്ച് വരെ വാങ്ങിയ ബിഎസ് 4 വാഹനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ കാലാവധി തീരുന്നതുവരെ ഓടാം. 2020 മുതല്‍ അവയ്ക്ക് റോഡിലിറങ്ങാന്‍ കഴിയില്ലെന്നതായിരുന്നു നിലവിലെ സ്ഥിതി. ഒറ്റത്തവണ രജിസ്‌ട്രേഷന്‍ ഫീസ് പുതുക്കുന്നത് 2020 ജൂണ്‍ വരെ മാറ്റിവച്ചു.
ഇലക്ട്രിക് വാഹനങ്ങളുടെയും ആന്തരിക ജ്വലന വാഹനങ്ങളുടെയും രജിസ്റ്റ്രേഷന്‍ തുടരും. സര്‍ക്കാര്‍ വകുപ്പുകളിലേക്ക് പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിനുള്ള വിലക്ക് നീക്കും. പഴയ വാഹനങ്ങള്‍ക്ക് പകരമായി ഈ വാഹനങ്ങള്‍ ഉപയോഗിക്കും. ഒരു പുതിയ സ്‌ക്രാപ്പേജ് നയം ഉടന്‍ അവതരിപ്പിക്കുമെന്നും നിര്‍മല സീതാരാമന്‍ അറിയിച്ചു.
ആദായ നികുതി സംബന്ധിച്ച നോട്ടിസുകളും സമന്‍സുകളും അയക്കാന്‍ കേന്ദ്രീകൃത സംവിധാനം നടപ്പിലാക്കും. ഒക്ടോബര്‍ ഒന്നു മുതല്‍ പുതിയ സംവിധാനം നിലവില്‍ വരും. എല്ലാ നോട്ടിസുകളും മറുപടി ലഭിച്ച് മൂന്നുമാസത്തിനകം തീര്‍പ്പാക്കണമെന്ന നിബന്ധന നടപ്പാകും.നികുതി റിട്ടേണ്‍ കൂടുതല്‍ ലളിതമാക്കും. ഉദ്യോഗസ്ഥരുടെ ഉപദ്രവമുണ്ടാകില്ല. അതിവേഗ റീഫണ്ടിങ് ഉറപ്പാക്കും. ഫോമുകളുടെ എണ്ണം കുറയ്ക്കും. ജിഎസ്ടി റീഫണ്ട് വൈകാന്‍ അനുവദിക്കില്ല. സിഎസ്ആര്‍ ഉത്തരവാദിത്തം ലംഘിച്ചാല്‍ ക്രിമിനല്‍ നടപടിയില്ല. സിവില്‍ ബാധ്യത മാത്രമേയുണ്ടാകൂ.
കേന്ദ്ര ധനമന്ത്രിയുടെ മറ്റു പ്രഖ്യാപനങ്ങള്‍:
1. വാഹന വ്യവസായമേഖലയിലെ മാന്ദ്യം പരിഹരിക്കാന്‍ നിരവധി നടപടികള്‍ നടപ്പാക്കും.
2. പൊതുമേഖലാ ബാങ്ക് റീ ക്യാപിറ്റലൈസേഷനായി 70,000 കോടി രൂപ മുന്‍കൂര്‍ റിലീസ് ചെയ്യും.
3. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ് പ്രൊമോഷനില്‍ രജിസ്റ്റര്‍ ചെയ്ത സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഏഞ്ജല്‍ ടാക്‌സ് ഇളവ്.
4. റിപ്പോ നിരക്ക് വ്യത്യാസത്തിന്റെ അടിസ്ഥാനത്തില്‍ ബാങ്കുകള്‍ ഭവന വായ്പയുടെ ഉള്‍പ്പെടെ പലിശ നിരക്ക് കുറയ്ക്കും
5. ഹൗസിംഗ് ഫിനാന്‍സ് കമ്പനികള്‍ക്കുള്ള നാഷണല്‍ ഹൗസിംഗ് ബാങ്കിന്റെ പിന്തുണ 10,000 കോടി രൂപ ഉയര്‍ത്തി 30,000 കോടി രൂപയാക്കി.
6. എംഎസ്എംഇകളുടെ ഇപ്പോള്‍ കിട്ടാനുള്ള ജിഎസ്ടി റീഫണ്ട് 30 ദിവസത്തിനുള്ളില്‍; ഭാവിയില്‍ 60 ദിവസത്തിനുള്ളില്‍ റീഫണ്ട്.
7. വീട് വാങ്ങുന്നവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് നടപടിക്രമമുണ്ടാകും.
8. അടുത്ത കുറച്ച് ആഴ്ചകളില്‍ കൂടുതല്‍ നടപടികള്‍ പ്രഖ്യാപിക്കും.