നിക്ഷേപത്തിന് ഏറ്റവും മികച്ച ഇടം ഇന്ത്യയെന്ന് നിര്‍മ്മല സീതാരാമന്‍

ജനാധിപത്യ സൗഹൃദാന്തരീക്ഷവും മൂലധനഭക്തിയും നിലനില്‍ക്കുന്ന രാജ്യമായ ഇന്ത്യയെക്കാള്‍ നിക്ഷേപത്തിന് അനുയോജ്യമായ സ്ഥലങ്ങള്‍ ലോകത്തൊരിടത്തും കണ്ടെത്താനാകില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ഐ.എം.എഫ് ആസ്ഥാനത്ത് അന്താരാഷ്ട്ര നിക്ഷേപകരുമായി സംവദിക്കുകയായിരുന്നു മന്ത്രി.
ഇന്ത്യക്കു വേണ്ടി നിക്ഷേപകര്‍ എന്തിന് ഫണ്ട് മാറ്റിവെക്കണമെന്നതായിരുന്നു സദസില്‍നിന്നുയര്‍ന്ന ഒരു ചോദ്യം. കോടതി നടപടികളില്‍ കുറച്ച് മെല്ലപ്പോക്കുണ്ടെങ്കിലും ഇന്ത്യ സുതാര്യവും തുറന്നമനസ്സുള്ളതുമായ സമൂഹമാണെന്ന് ഇതിനുള്ള മറുപടിയില്‍ മന്ത്രി പറഞ്ഞു. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ മുരടിപ്പിനെ കുറിച്ചുള്ള ചോദ്യത്തിന് സമ്മര്‍ദ്ദത്തിലായ മേഖലകളിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നിരവധി നടപടികള്‍ സര്‍ക്കാര്‍ എടുത്തുകൊണ്ടിരിക്കുകയാണെന്നായിരുന്നു മറുപടി.
നിക്ഷേപകര്‍ക്കു ഗുണകരമാകുന്ന പരിഷ്‌കാരങ്ങള്‍ നടപ്പാക്കാന്‍ നിരന്തരശ്രമങ്ങളിലാണ് സര്‍ക്കാരെന്നും ധനമന്ത്രി പറഞ്ഞു. ഇന്നും അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥകളിലൊന്നായ ഇന്ത്യയിലേത് ഏറ്റവും മികച്ച വൈദഗ്ധ്യമുള്ള തൊഴിലാളികളാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. യു എസ്- ഇന്ത്യാ സ്ട്രാറ്റജിക്ക് ആന്‍ഡ് പാര്‍ട്ണര്‍ഷിപ്പ് ഫോറവുമായി സഹകരിച്ച് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേമ്പര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയാണ് പരിപാടി സംഘടിപ്പിച്ചത്.
എല്ലാവരോടും തുറന്ന സമീപനമാണ് സര്‍ക്കാരിനുള്ളത്. കോര്‍പ്പറേറ്റ് മേഖലയോടൊ നിക്ഷേപകരോടൊ യാതൊരു വിധ വിശ്വാസക്കുറവും സര്‍ക്കാരിനില്ലെന്നും നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി. അതേസമയം ഇന്ത്യയിലെ ധനക്കമ്മി നിലനിര്‍ത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അവര്‍ പറഞ്ഞു.
ഈ സാമ്പത്തിക വര്‍ഷത്തില്‍ കൂടുതല്‍ പരിഷ്‌കാരങ്ങള്‍ വരുമെന്ന് നേരത്തെ കൊളംബിയ യൂണിവേഴ്സിറ്റി സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ ആന്റ് പബ്ലിക് അഫയേഴ്സിനെ അഭിസംബോധന ചെയ്യവേ നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ഐഎംഎഫിന്റെ ഏറ്റവും പുതിയ വളര്‍ച്ചാ പ്രവചനത്തെക്കുറിച്ച് സീതാരാമന്‍ പ്രതികരിച്ചതിങ്ങനെ: 'ഞങ്ങള്‍ ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥകളിലൊന്നായി തുടരുന്നു. ചില ഭാഗങ്ങളിലുണ്ടായ തളര്‍ച്ചയുടെ തടവുകാരാകാന്‍ ഞങ്ങള്‍ക്കാകില്ല' വാണിജ്യ യുദ്ധങ്ങളും, സംരക്ഷണവാദങ്ങളും, ക്രൂഡ് വിലയിലെ ചാഞ്ചാട്ടവുമാണ് സാമ്പത്തിക വളര്‍ച്ചയെ ബാധിച്ചതെന്ന് അവര്‍ പറഞ്ഞു.