സമ്പദ്വ്യവസ്ഥ വേഗതയിലാകാന്‍ സമയമെടുക്കും: വിദഗ്ധ റിപ്പോര്‍ട്ട്

സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ട നടപടികള്‍ പൊടുന്നനെ വലിയ ഫലങ്ങളുളവാക്കാനിടയില്ലെന്ന് വിദഗ്ധ റിപ്പോര്‍ട്ട് . സമ്പദ്വ്യവസ്ഥ നേരിടുന്ന ഘടനാപരമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം വൈകുന്ന സാഹചര്യത്തില്‍ വളര്‍ച്ചാ വേഗത ഇനിയും അല്പമെങ്കിലും കുറയാനുള്ള സാധ്യത കാണുന്നതായും ഡണ്‍ & ബ്രാഡ്സ്ട്രീറ്റ് ഇന്ത്യയുടെ നിരീക്ഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

വ്യാവസായിക ഉല്‍പാദന സൂചികയിലെ (ഐഐപി) മോശം വളര്‍ച്ചാനിരക്ക് താല്‍ക്കാലികമായെങ്കിലും നിലനില്‍ക്കുമെന്നു കരുതേണ്ടിയിരിക്കുന്നു. കാരണം ഉത്പാദന മേഖല ഒന്നിലധികം വെല്ലുവിളികള്‍ നേരിടുന്നു, അത് പരിഹരിക്കാന്‍ സമയമെടുക്കും. കഴിഞ്ഞ മാസം ഐഐപി നേടിയ വളര്‍ച്ച 2.5-3 ശതമാനം മാത്രമായിരുന്നു.

ഗവണ്‍മെന്റിന്റെ സാമ്പത്തിക ഉത്തേജന പരിപാടികളും വായ്പയുടെ പലിശ കുറയ്ക്കാനുള്ള റിസര്‍വ് ബാങ്ക് നയവും മറ്റും ചേര്‍ന്ന് കോര്‍പ്പറേറ്റുകള്‍ക്ക് കുറച്ച് ആശ്വാസം പകര്‍ന്നെങ്കിലും മേഖലാ തലത്തിലുള്ള വിവിധ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സമഗ്രവും വിശാലവുമായ പരിഷ്‌കരണ പാക്കേജ് ഇനിയും ആവശ്യമാണ്.

ആഗോള, ആഭ്യന്തര സമ്പദ്വ്യവസ്ഥയില്‍ നിലവിലുള്ള ഒന്നിലധികം പ്രശ്നങ്ങള്‍ ഇന്ത്യയുടെ വളര്‍ച്ചയെ ഇനിയും ബാധിക്കുക സ്വാഭാവികം. മേഖലാ തലത്തില്‍ ഘടനാപരമായ പ്രശ്നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരമുണ്ടാകില്ല. അതിനാല്‍, വളര്‍ച്ചാ വേഗത ഉയര്‍ത്താനുതകുന്ന തരത്തില്‍ ദ്രുതഗതിയിലുള്ള മാറ്റങ്ങള്‍ക്കു സാധ്യതയില്ല. -ഡണ്‍ & ബ്രാഡ്സ്ട്രീറ്റ് ഇന്ത്യയുടെ ചീഫ് ഇക്കണോമിസ്റ്റ് അരുണ്‍ സിംഗ് പറഞ്ഞു.

സര്‍ക്കാരിന്റെ സമഗ്രമായ നടപടികളും സമ്പദ്വ്യവസ്ഥയുടെ വിവിധ വിഭാഗങ്ങള്‍ക്ക് അനുയോജ്യമായ ഇടപെടലുകളും കൂടുതലായുണ്ടാകണം. ഉപഭോക്തൃ വികാരം പെട്ടെന്നുണരാന്‍ ഇത് സഹായിക്കും. സ്വകാര്യ നിക്ഷേപത്തെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും വേണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it