പ്രിയങ്കയുടെ 'ടെൻ ഇയർ ചലഞ്ച്': തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് രംഗപ്രവേശം

യുപിയിൽ മാത്രമല്ല ഇന്ത്യയിലാകെ കോൺഗ്രസിന്റെ വിധിയെ മാറ്റിമറിക്കാൻ പോന്ന നീക്കമായാണ് നിരീക്ഷകർ പ്രിയങ്ക ഗാന്ധി വാദ്രയുടെ രാഷ്ട്രീയ രംഗപ്രവേശത്തെ വിലയിരുത്തുന്നത്. എന്നാൽ മുന്നോട്ടുള്ള വഴികൾ അത്ര എളുപ്പമാവില്ല പ്രിയങ്കയ്ക്ക്.

ഒരു വശത്ത് കോൺഗ്രസിന്റെ രക്ഷകയായി പ്രിയങ്കയെ കാണുന്ന പാർട്ടി പ്രവർത്തകർ. മറുവശത്ത് ഭർത്താവ് റോബർട്ട് വാദ്രയ്ക്ക് എതിരെയുള്ള അഴിമതി ആരോപണങ്ങൾ ആയുധമാക്കാൻ ഒരുങ്ങുന്ന രാഷ്ട്രീയ എതിരാളികൾ.

എന്തായാലൂം, പൊതുതെരഞ്ഞെടുപ്പിന് വെറും 90 ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വന്ന പ്രഖ്യാപനം സഖ്യകക്ഷികളേയും എതിർപാളയത്തിലുള്ളവരേയും ഒരുപോലെ ഞെട്ടിച്ചെന്നുള്ളതാണ് സത്യം. പുതിയ തന്ത്രങ്ങൾ മെനയാൻ ബിജെപിക്ക് അധികം സമയം കൊടുക്കാതെയാണ് കോൺഗ്രസിന്റെ നീക്കം.

2009 ഏപ്രിൽ മാസത്തിൽ നൽകിയ ഒരഭിമുഖത്തിൽ പ്രിയങ്ക പറഞ്ഞതിങ്ങനെ: "തുറന്നുപറഞ്ഞാൽ, രാഷ്ട്രീയത്തിലേക്ക് വരാൻ ഞാൻ ആഗ്രഹിക്കുന്നില്ല എന്നതാണ് സത്യം. ഞാനിപ്പോൾ എന്റെ ജീവിതത്തിൽ സംതൃപ്തയാണ്. രാഷ്ട്രീയത്തിന്റെ ചില വശങ്ങൾ എനിക്ക് യോജിച്ചതല്ലെന്ന് എനിക്ക് തോന്നുന്നു." ഇവിടെനിന്നും ഒരു യു-ടേൺ ആണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.

കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശം വളരെ ഉചിതമായ സമയത്താണ്. പൊതു തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ്. രാഹുല്‍ ഗാന്ധി തന്റേതായ ഇടവും സ്വാധീനവും പാര്‍ട്ടിയിലും ജനങ്ങള്‍ക്കിടയിലും കണ്ടെത്തിയ അവസരത്തിൽ.

ബിജെപിയുടെ കോട്ടയായ യുപിയിൽ വച്ചുതന്നെ അവരെ പരാജയപ്പെടുത്താൻ കോൺഗ്രസ് തന്ത്രങ്ങൾ മെനയുന്നുണ്ടെന്നതിന്റെ വ്യക്തമായ സൂചനകളാണ് ഇത് നൽകുന്നത്. നഗരപ്രദേശങ്ങളിലുള്ളവരുടെയും സവർണ വിഭാഗക്കാരുടെയും സ്ത്രീകളുടെയും വോട്ട് ലക്ഷ്യമിട്ടുള്ള രാഹുലിന്റെ തന്ത്രം കൂടിയാണ് പ്രിയങ്ക തിരഞ്ഞെടുപ്പിന്‌ തൊട്ടു മുമ്പ് രംഗ പ്രവേശം.

എന്തായാലും കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ഇത് ഒരു പുതിയ അദ്ധ്യായമാണ് എന്നതിൽ സംശയമില്ല. പ്രധാനമന്ത്രി സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി എത്തുകയാണെങ്കില്‍ അധ്യക്ഷ സ്ഥാനത്ത് പ്രിയങ്ക ഗാന്ധിയെ നിയമിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

1999-ലെ മാജിക്

1999-ൽ റായ്ബറേലിയിലും അമേഠിയിലും കോൺഗ്രസിന് വിജയക്കൊടി പാറിക്കാൻ സഹായിച്ച മാജിക് ഇത്തവണയും പുറത്തെടുക്കാൻ പ്രിയങ്കക്കാവുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.

ഇഷ്ടം മനഃശാസ്ത്രത്തോടും ബുദ്ധിസത്തിനോടും

സാധാരണ നേതാക്കളുടെ മക്കള്‍ സഞ്ചരിച്ച വഴികളിലൂടെയായിരുന്നില്ല പ്രിയങ്കയുടെ സഞ്ചാരം. പഠനത്തിനായി തിരഞ്ഞെടുത്തത് മേഖലകളില്‍ പോലും അത് ദൃശ്യമായിരുന്നു. മനശ്ശാസ്ത്രത്തിൽ ബിരുദം നേടി. ബുദ്ധിസ്റ്റ് സ്റ്റഡീസില്‍ ബിരുദാനന്തര ബിരുദവും. പിന്നീട് വിപാസന ധ്യാനത്തില്‍ പരിശീലനം നേടിയിട്ടുണ്ട്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it