രാഹുല്‍ ബജാജിന്റേത് ' സ്വന്തം തോന്നല്‍ ': നിര്‍മ്മല സീതാരാമന്‍
കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച വ്യവസായി രാഹുല്‍ ബജാജിനെതിരെ കേന്ദ്ര മന്ത്രി നിര്‍മ്മല സീതാരാമന്‍. പരാമര്‍ശം രാജ്യത്തെ മുറിപ്പെടുത്തുന്നതെന്ന് ധനമന്ത്രി ട്വീറ്റ് ചെയ്തു. സ്വന്തം തോന്നലുകള്‍ പ്രചരിപ്പിക്കുകയാണ് ബജാജ് എന്ന് അവര്‍ ആരോപിച്ചു.
രാജ്യത്ത് ഭയത്തിന്റെ അന്തരീക്ഷമാണ് നിലനില്‍ക്കുന്നതെന്നായിരുന്നു മുതിര്‍ന്ന വ്യവസായി രാഹുല്‍ ബജാജ് പറഞ്ഞത്.അമിത് ഷാ ഉള്‍പ്പെടെ കേന്ദ്ര മന്ത്രിസഭയിലെ ഉന്നത മന്ത്രിമാരും വന്‍കിട വ്യവസായികളും പങ്കെടുത്ത ' എക്കണോമിക് ടൈംസ് 'അവാര്‍ഡ് വിതരണ ചടങ്ങിലായിരുന്നു രാഹുല്‍ ബജാജിന്റെ വിമര്‍ശനം.
'ഞങ്ങള്‍ ഭയപ്പെടുന്നു. അത്തരമൊരു അന്തരീക്ഷം തീര്‍ച്ചയായും നമ്മുടെ മനസ്സിലുണ്ട്. പക്ഷേ ആരും ഇതിനെ കുറിച്ച് സംസാരിക്കില്ല. എന്റെ വ്യവസായി സുഹൃത്തുക്കളും പറയില്ല. എന്നാല്‍ ഞാന്‍ പറയും. നിഷേധിക്കലില്‍ കാര്യമില്ല. എനിക്ക് നല്ലൊരു മറുപടി കിട്ടേണ്ടതുണ്ട്. ഒരു മികച്ച അന്തരീക്ഷം സൃഷ്ടിച്ചെടുക്കണം. രണ്ടാം യുപിഎ സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ ഞങ്ങള്‍ക്ക് ആരേയും വിമര്‍ശിക്കാമായിരുന്നു. എന്നാല്‍ ഞങ്ങള്‍ നിങ്ങളെ പരസ്യമായി വിമര്‍ശിച്ചാല്‍ നിങ്ങളത് മുഖവിലക്കെടുക്കുമെന്ന് ഞങ്ങള്‍ക്ക് വിശ്വാസമില്ല. ഞാന്‍ പറയുന്നത് തെറ്റായിരിക്കാം. പക്ഷെ എല്ലാവര്‍ക്കും അത്തരമൊരു തോന്നലുണ്ടെന്ന് കരുതുന്നു. എല്ലാവര്‍ക്കുമായി സംസാരിക്കാന്‍ എനിക്കാവില്ല. പക്ഷെ എനിക്ക് പറയാതിക്കാനാവില്ല.' രാഹുല്‍ ബജാജ് പറഞ്ഞു.
രാഹുല്‍ ബജാജിന്റെ വിമര്‍ശനങ്ങള്‍ക്ക് വേദിയില്‍ തന്നെ അമിത് ഷാ മറുപടി നല്‍കിയിരുന്നു.' ഭയക്കേണ്ട കാര്യമില്ല, സര്‍ക്കാരിനെ മാധ്യമങ്ങള്‍ ധാരാളമായി വിമര്‍ശിക്കുന്നുണ്ട്. സുതാര്യമായാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്, കൂടുതല്‍ മെച്ചപ്പെടാന്‍ ശ്രമിക്കുകയാണെ'ന്നായിരുന്നു ഷായുടെ മറുപടി. പാര്‍ലമെന്റ് സീറ്റ് നേടാനുള്ള എളുപ്പവഴിയാണ് രാഹുലിന്റെ വിമര്‍ശനം എന്നായിരുന്നു ബിജെപി നേതാക്കള്‍ ആരോപിച്ചത്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline