എന്താണ് രാഹുൽ ഗാന്ധിയുടെ 'മിനിമം വരുമാനം' പദ്ധതി?

ഛത്തീസ്ഡഢിലെ റായ്‌പുരിൽ സംഘടിപ്പിച്ച റാലിയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നൽകിയ തെരഞ്ഞെടുപ്പ് വാഗ്ദാനം ബിജെപിയെ കടത്തിവെട്ടുന്നതായിരുന്നു.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് മിനിമം വരുമാനം ഉറപ്പാക്കുന്നതിനുള്ള 'മിനിമം ഇൻകം ഗ്യാരന്റി സ്കീം' ആണ് രാഹുൽ മുന്നോട്ട് വെച്ചത്.
കൂടുതൽ വിശദാംശങ്ങൾ കോൺഗ്രസിന്റെ പ്രകടന പത്രികയിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. എന്നിരുന്നാലും എന്തായിരിക്കും ഈ സ്കീമിന്റെ അടിസ്ഥാന ഘടനയെന്നത് ഇപ്പോൾ ഒരു വലിയ ചർച്ചാ വിഷയമായിരിക്കുകയാണ്.
മുൻ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രമണ്യം മുന്നോട്ടു വെച്ച യൂണിവേഴ്‌സൽ ബേസിക് ഇൻകം (UBI) എന്ന ആശയത്തിൽ നിന്നും വ്യത്യസ്തമാണ് രാഹുലിന്റെ 'മിനിമം വരുമാനം' സ്കീം.
പാവപ്പെട്ടവർക്ക് മിനിമം വരുമാനം ഉറപ്പാക്കുന്നതാണ് മിനിമം വരുമാനം സ്കീം. ഫണ്ടിംഗ് 'പ്രോഗ്രസ്സിവ്' ആയിരിക്കുമെന്നതാണ് യൂണിവേഴ്‌സൽ ബേസിക് ഇൻകവുമായി ഇതിനുള്ള പ്രധാന വ്യത്യാസമെന്ന് മുൻ ധനമന്ത്രിയും കോൺഗ്രസ് നേതാവുമായ പി. ചിദംബരം പറയുകയുണ്ടായി.
ഒരു നിശ്ചിത വരുമാന പരിധിക്ക് താഴെയുള്ളവർക്ക് 1,500-1,800 രൂപ മിനിമം വരുമാനം ഉറപ്പാക്കുമെന്നാണ് കോൺഗ്രസ് അവകാശപ്പെടുന്നത്. അധികാരത്തിലെത്തിയാൽ ഈ വർഷം തന്നെ തുക എക്കൗണ്ടുകളിലേക്ക് ഇട്ടു കൊടുക്കും.
ദശലക്ഷക്കണക്കിന് പേർ പട്ടിണി അനുഭവിക്കുമ്പോൾ നവീനഭാരതം കെട്ടിപ്പടുക്കാനാവില്ലെന്നും പട്ടിണി തുടച്ചുമാറ്റുമെന്ന് രാഹുൽ റാലിയിൽ പറഞ്ഞു. ഭക്ഷ്യ സബ്‌സിഡിക്കും മറ്റുമായി മാറ്റിവെച്ചിരിക്കുന്ന ഫണ്ട് ഇതിനായി വിനിയോഗിക്കും.
കർഷകർ, ഇടത്തരം വരുമാനക്കാർ എന്നിവർക്കായി നിരവധി പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിക്കുമെന്നാണ് വിലയിരുത്തൽ.
തെരഞ്ഞെടുപ്പിന് മുൻപേ ഭരണ-പ്രതിപക്ഷ നേതാക്കൾ മുന്നോട്ടു വെക്കുന്ന വാഗ്ദാനങ്ങൾ നടപ്പായാൽ ധനക്കമ്മി കൂടുകയും രാജ്യത്തിൻറെ സാമ്പത്തിക നില പരുങ്ങലിലാവുകയും ചെയ്യുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്.