രാജീവ് കുമാര്‍ മുതല്‍ സന്യാല്‍ വരെ: നിര്‍മ്മല സീതാരാമന്റെ ടീമംഗങ്ങള്‍

ഒരു മാസത്തിനുള്ളില്‍ അവതരിപ്പിക്കാനുള്ള കേന്ദ്ര ബജറ്റിന്റെ പണിപ്പുരയിലാണ് ധനമന്ത്രി നിര്‍മ്മല സീതാരാമനും സംഘവും. തന്റെ രണ്ടാമത്തെ ബജറ്റ് ഒരു സംഭവമാക്കി മാറ്റാന്‍ ധനമന്ത്രിയെ സഹായിക്കുന്ന 'ശില്‍പി സംഘ'ത്തിന് നവല്‍സരാഘോഷത്തിനൊന്നുമുള്ള ഇടവേളയില്ല.
ആറ് വര്‍ഷക്കാലത്തെ ഏറ്റവും താഴ്ന്ന വളര്‍ച്ചാ നിരക്കും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള മാന്ദ്യവും ഉല്‍പ്പാദക, ഉപഭോക്തൃമേഖലകളെ സാരമായി ബാധിക്കുമ്പോള്‍ പുരോഗതിയും ക്ഷേമവും സാധ്യമാക്കുന്ന പരമാവധി നടപടികള്‍ പ്രഖ്യാപിക്കാനുള്ള ക്‌ളേശകരമായ യത്‌നത്തിലാണ് സീതാരാമനും സംഘവും. സാമ്പത്തിക ശില്‍പികളുടെ സംഘത്തിലുള്‍പ്പെടുന്നവര്‍:
രാജീവ് കുമാര്‍ (ധനകാര്യ ധനകാര്യ സേവന സെക്രട്ടറി)
ധനമന്ത്രാലയത്തിലെ അഞ്ച് സെക്രട്ടറിമാരില്‍ ഏറ്റവും മുതിര്‍ന്ന ആളായതിനാല്‍ ധനകാര്യ സേവന സെക്രട്ടറി രാജീവ് കുമാര്‍ മുന്‍കാല മാനദണ്ഡമനുസരിച്ച് ധനകാര്യ സെക്രട്ടറിയുടെ പദവി വഹിക്കുന്നു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബാങ്കുകളുടെ ലയനത്തിന്റെ പിന്നിലെ പ്രേരകശക്തികളിലൊരാളാണദ്ദേഹം. ജാര്‍ഖണ്ഡ് കേഡറില്‍ നിന്നുള്ള 1984 ബാച്ച് ഐ എ എസുകാരന്‍. 2.1 ട്രില്യണ്‍ രൂപയുടെ ബാങ്ക് റീകാപ്പിറ്റലൈസേഷന്‍ പ്രോഗ്രാമും അദ്ദേഹത്തിന്റെ ഒത്താശയിലാണ് പ്രഖ്യാപിക്കപ്പെട്ടത്. ബാങ്കിംഗ് സമ്പ്രദായത്തിലെ നിഷ്‌ക്രിയ ആസ്തികളുടെ ആധിക്യവും ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികളിലെ (എന്‍ബിഎഫ്സി) പണലഭ്യത പ്രതിസന്ധിയുമാണ് കുമാറിന് നേരിടേണ്ടി വന്ന ഏറ്റവും വലിയ വെല്ലുവിളികള്‍. ഫെബ്രുവരി അവസാനം സേവനത്തില്‍ നിന്ന് വിരമിക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ ഇത്തവണത്തെ കേന്ദ്ര ബജറ്റ് 2020-21 അദ്ദേഹത്തിന്റെ അവസാനത്തേതായിരിക്കും. ധനകാര്യ സേവന സെക്രട്ടറിയുടെ സേവന കാലാവധി നീട്ടിയാല്‍ത്തന്നെ താല്‍ക്കാലികമാകാനാണു സാധ്യത.
അജയ് ഭൂഷണ്‍ പാണ്ഡെ (റവന്യൂ സെക്രട്ടറി)
ഹസ്മുഖ് അദിയയെ മാറ്റിസ്ഥാപിക്കുന്നത് ഒരിക്കലും എളുപ്പമല്ല. ചരക്ക് സേവന നികുതി ശൃംഖലയുടെ ചെയര്‍മാന്‍ കൂടിയായ പാണ്ഡെ അടുത്ത കാലം വരെ യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ തലവനായിരുന്നു. ഈ വര്‍ഷത്തെ നികുതി വരുമാന ലക്ഷ്യങ്ങള്‍ പാളം തെറ്റിയപ്പോള്‍ ലക്ഷ്യ നിര്‍വചനം തെറ്റിപ്പോയെന്ന കടുത്ത വിമര്‍ശനമാണ് പാണ്ഡെക്കു നേരെ ഉയര്‍ന്നത്. വളര്‍ച്ച മുരടിച്ചതോടെ, പ്രത്യക്ഷവും പരോക്ഷവുമായ എല്ലാ നികുതി പ്രവചനങ്ങളും തെറ്റി. കൂടാതെ 2019-20 ലെ മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ 3.3 ശതമാനം എന്ന ധനക്കമ്മി ലക്ഷ്യം നിറവേറാനും സാധ്യതയില്ല. സമീപകാലത്തെ കോര്‍പ്പറേറ്റ് നികുതി വെട്ടിക്കുറവുകള്‍ സ്വകാര്യമേഖലയുടെ നിക്ഷേപ നിലവാരത്തെ എങ്ങനെ സ്വാധീനിച്ചുവെന്നതാകട്ടെ കണ്ടറിയേണ്ടിയിരിക്കുന്നു.
1984 ബാച്ച് മഹാരാഷ്ട്ര കേഡര്‍ ഉദ്യോഗസ്ഥനാണ് പാണ്ഡെ. കുമാറിന്റെ വിരമിക്കലിനുശേഷം ധനകാര്യ സെക്രട്ടറിയായി പാണ്ഡെതിരഞ്ഞെടുക്കപ്പെടുമെന്നാണ് നിരീക്ഷകര്‍ കരുതുന്നത്. സംസ്ഥാനങ്ങള്‍ക്ക് അവരുടെ ജിഎസ്ടി നഷ്ടപരിഹാരം ലഭിക്കുമെന്ന് ഉറപ്പാക്കുക എന്നതാണ് അദ്ദേഹത്തിന്റെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി.
അതാനു ചക്രവര്‍ത്തി (സാമ്പത്തിക കാര്യ സെക്രട്ടറി)
റിസര്‍വ് ബാങ്ക്, സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ എന്നിവയും മറ്റ് സര്‍ക്കാര്‍ വകുപ്പുകളുമായും റെഗുലേറ്ററി ബോഡികളുമായുള്ള ബന്ധം നന്നാക്കുന്നതിന് നിക്ഷേപ, പബ്ലിക് അസറ്റ് മാനേജ്മെന്റ് വകുപ്പില്‍ നിന്ന് കൊണ്ടുവന്ന 1985 ബാച്ച് ഗുജറാത്ത് കേഡര്‍ ഐ എ എസ് ഉദ്യോഗസ്ഥനാണ് അതാനു ചക്രവര്‍ത്തി. പല കാരണങ്ങളാല്‍ അദ്ദേഹത്തിന്റെ മുന്‍ഗാമിയായ സുഭാഷ് ഗാര്‍ഗിന്റെ കാലത്ത് ഈ ബന്ധങ്ങള്‍ക്ക് നേരിയ കേടുപാടുകള്‍ സംഭവിച്ചു. സാമ്പത്തിക കാര്യങ്ങളുടെയും ചെലവുകളുടെയും ചുമതല ഈയിടെ വരെ ചക്രബര്‍ത്തി വഹിച്ചിരുന്നു. ധനപരമായ ഉത്തരവാദിത്തവും ബജറ്റ് മാനേജുമെന്റ് നിയമവും അനുസരിച്ച് 0.5 ശതമാനത്തില്‍ കൂടാത്ത വിധത്തില്‍ ധനപരമായ ലക്ഷ്യങ്ങള്‍ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുകയാണ് അദ്ദേഹത്തിനു മുന്നിലുള്ള വലിയ വെല്ലുവിളി. ബജറ്റ് പ്രസംഗത്തിന്റെ ഭൂരിഭാഗവും എഴുതുന്നത് അതാനു ചക്രവര്‍ത്തി ആയിരിക്കുമെന്ന് പറയപ്പെടുന്നു.
തുഹിന്‍ കാന്ത പാണ്ഡെ (നിക്ഷേപ, പൊതു ആസ്തി മാനേജുമെന്റ് സെക്രട്ടറി)
നിക്ഷേപ, പൊതു ആസ്തി മാനേജുമെന്റ് ചുമതലയാണ് തുഹിന്‍ കാന്ത പാണ്ഡെ വഹിക്കുന്നത്. ചെറുപ്പക്കാരനും മിടുക്കനും ഉത്സാഹശാലിയുമെന്ന നിലയില്‍ അറിയപ്പെടുന്ന പാണ്ഡെ, അഭൂതപൂര്‍വമായുള്ള 1.05 ട്രില്യണ്‍ രൂപയുടെ ഓഹരി വിറ്റഴിക്കല്‍ ലക്ഷ്യത്തിന്റെ രൂപത്തില്‍ തന്റെ കരിയറിലെ ഏറ്റവും വലിയ പരീക്ഷണത്തെ അഭിമുഖീകരിക്കുന്നു. എയര്‍ ഇന്ത്യ, ഭാരത് പെട്രോളിയം, ഷിപ്പിംഗ് കോര്‍പ്പറേഷന്‍ എന്നിവയുടെ സ്വകാര്യവല്‍ക്കരണത്തിനു പുറമേ ടിഎച്ച്ഡിസി, നീപ്‌കോ എന്നിവയിലെ കേന്ദ്രത്തിന്റെ മുഴുവന്‍ ഓഹരികളും എന്‍ടിപിസിക്ക് വില്‍ക്കുന്നതും പാണ്ഡെ ഉറപ്പാക്കേണ്ടതുണ്ട്.1987 ബാച്ച് ഒഡീഷ കേഡര്‍ ഉദ്യോഗസ്ഥനാണ്.നികുതി വരുമാനത്തിലെ കുറവു മൂലം നിക്ഷേപ, പൊതു ആസ്തി മാനേജുമെന്റിനു മുന്നിലുള്ളത് ഭാരിച്ച ലക്ഷ്യങ്ങളാണ്.
ടി വി സോമനാഥന്‍ (എക്‌സ്‌പെന്‍ഡിച്ചര്‍ സെക്രട്ടറി)
2015 നും 2017 നും ഇടയില്‍ സാമ്പത്തിക നയങ്ങള്‍ നടപ്പിലാക്കുന്നതിനായി സോമനാഥന്‍ പ്രധാനമന്ത്രിയുടെ ഓഫീസിലായിരുന്നു. അങ്ങനെയാണ് അദ്ദേഹത്തിന് ഉന്നത രാഷ്ട്രീയ നേതൃത്വത്തിന്റെ വിശ്വാസമാര്‍ജ്ജിക്കാനായത്. 1987 ബാച്ച് തമിഴ്നാട് കേഡര്‍. ചെലവ് കാര്യങ്ങളുടെ സെക്രട്ടറി തസ്തികയിലേക്കുള്ള നിയമനം കഴിഞ്ഞ ആഴ്ച്ചയാണു പ്രഖ്യാപിച്ചത്. സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കേണ്ടതിന്റെ ആവശ്യകതയില്‍ സര്‍ക്കാര്‍ മനസ്സിരുത്തുമ്പോള്‍, കേന്ദ്ര ബജറ്റില്‍ അദ്ദേഹത്തിന്റെ പങ്ക് സൂക്ഷ്മമായി നിരീക്ഷിക്കപ്പെടുക സ്വാഭാവികം.
കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യന്‍ (മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്)
ബജറ്റിലൂടെ പുതിയ വഴികള്‍ കണ്ടെത്താനിടവരുത്തുന്ന ചില വലിയ ആശയങ്ങള്‍ക്കായി സുബ്രഹ്മണ്യന്‍ സാമ്പത്തിക വിദഗ്ധരുമായും പൊതു-സ്വകാര്യ മേഖലയിലെ അനുഭവ സമ്പന്നരുമായും തുടര്‍ച്ചയായി മസ്തിഷ്‌കം പങ്കിട്ടുവരികയാണെന്നു പറയപ്പെടുന്നു. ബിഹേവിയറല്‍ ഇക്കണോമിക്‌സിന്റെ വക്താവായ സുബ്രഹ്മണ്യന് സാമ്പത്തിക മേഖലയെക്കുറിച്ച് ആഴത്തിലുള്ള ധാരണയുണ്ട്. ബാങ്കിംഗ്, സാമ്പത്തിക മേഖലാ പരിഷ്‌കാരങ്ങളെ കൂടുതല്‍ മുന്നോട്ട് നയിക്കാന്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശം സര്‍ക്കാരിന് അനിവാര്യമാകും.
സഞ്ജീവ് സന്യാല്‍ (പ്രധാന സാമ്പത്തിക ഉപദേഷ്ടാവ്)
എഴുത്തുകാരന്‍ , ചരിത്രകാരന്‍, സാമ്പത്തിക ശാസ്ത്രജ്ഞന്‍ തുടങ്ങി പല രംഗങ്ങളിലും മികവു പ്രദര്‍ശിപ്പിക്കുന്നയാളാണ് സഞ്ജീവ് സന്യാല്‍. പ്രധാന സാമ്പത്തിക ഉപദേഷ്ടാവ് എന്ന നിലയില്‍, റിസര്‍വ് ബാങ്കുമായും സാമ്പത്തിക മേഖലയുമായും മേഖലയുടെ നിര്‍ദ്ദിഷ്ട നിഷ്‌ക്രിയ ആസ്തികള്‍ ഉള്‍പ്പെടെ നിരവധി വിഷയങ്ങളില്‍ ചര്‍ച്ചകളുടെ ഭാഗമായിരുന്നു അദ്ദേഹം. വാണിജ്യ, വാണിജ്യ പരിഷ്‌കാരങ്ങള്‍ സംബന്ധിച്ച പാനലിന്റെയും ഭാഗമായിരുന്നു. സാമ്പത്തിക സര്‍വേയ്ക്കും ബജറ്റിനും വലിയ സംഭാവന നല്‍കും സന്യാല്‍.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline