കേരളത്തെ വലച്ച് പണിമുടക്ക്: ഗതാഗതം സ്‌തംഭിച്ചു, ചരക്കുനീക്കം നിലച്ചു

സംയുക്ത തൊഴിലാളി യൂണിയനുകള്‍ നടത്തുന്ന 48 മണിക്കൂര്‍ പണിമുടക്ക് പുരോഗമിക്കുമ്പോൾ സംസ്ഥാനത്ത് ഹർത്താൽ സമാനമായ സ്ഥിതി. പണിമുടക്ക് ഹർത്താലാകില്ല എന്ന് മുഖ്യമന്ത്രിയും ട്രേഡ് യൂണിയൻ നേതാക്കളും ഇന്നലെ പ്രഖ്യാപിച്ചിരുന്നു.
എന്നാൽ സംസ്ഥാനത്ത് ഇന്ന് ഗതാഗതം ഏതാണ്ട് പൂർണ്ണമായി സ്തംഭിച്ച അവസ്ഥയാണ്. സമരക്കാർ പലയിടങ്ങളിലും ട്രെയിനുകൾ തടഞ്ഞു. കെഎസ്ആര്‍ടിസിയും സ്വകാര്യ ബസുകളും സര്‍വീസുകള്‍ നടത്തുന്നില്ല. ടാക്സി, ഓട്ടോ സർവിസുകൾ പൂർണമായും നിർത്തിവെച്ചിരിക്കുകയാണ്.
അതുകൊണ്ടുതന്നെ യാത്രക്കാർ പലരും വഴിയിൽ കുടുങ്ങിയിരിക്കുകയാണ്. സ്വകാര്യ വാഹനങ്ങൾ തടയുന്നില്ല എന്നതു മാത്രമാണ് ഒരാശ്വാസം.
തിരുനന്തപുരം, ആലപ്പുഴ, കോഴിക്കോട്, തൃപ്പൂണിത്തറ, കോട്ടയം എന്നിവിടങ്ങളിൽ സമരക്കാര്‍ ട്രെയിന്‍ തടഞ്ഞു. സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയാണ് ട്രെയിനുകള്‍ കടത്തി വിട്ടത്.
വ്യപാരികൾ പലരും കടകൾ തുറന്നെങ്കിലും ഗതാഗത സംവിധാനങ്ങൾ പ്രവർത്തിക്കാത്തതുമൂലം മൂലം ഉപഭോക്താക്കൾ എത്തുന്നില്ല. ചില ഹോട്ടലുകളും തുറന്നു പ്രവർത്തിക്കുന്നുണ്ട്. പല മാർക്കറ്റുകളിലും കടകൾ രാവിലെ തുറന്നിരുന്നു. എന്നാൽ ലോറികൾ ലോഡ് കൊണ്ടുവരാത്തതിനാൽ പിന്നീട് കടകൾ അടച്ചു. മംഗലാപുരം, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നുള്ള ചരക്കുനീക്കം ഏതാണ്ട് നിലച്ചമട്ടാണ്.
ഇതിനിടെ മഞ്ചേരിയിൽ സമരക്കാർ നിർബന്ധിച്ച് കടകൾ അടപ്പിക്കാൻ ശ്രമിച്ചു. എന്നാൽ പോലീസ് ഇടപ്പെട്ട് പ്രശ്‌നം ഏറെക്കുറെ ഒത്തുതീർപ്പാക്കിയിട്ടുണ്ട്.
കഴിഞ്ഞ ഹർത്താലിൽ അക്രമം നേരിട്ട കോഴിക്കോട് മിഠായിത്തെരുവിൽ കടകൾ തുറന്നു. കച്ചവടം ലഭിക്കാൻ സാധ്യതയില്ലെങ്കിലും കടകൾ തുറന്നിടാൻ തന്നെയാണ് വ്യാപാരികൾ തീരുമാനിച്ചിരിക്കുന്നത്.
ഇതിനിടെ ജോലിക്കെത്തുന്നവരെ പലയിടങ്ങളിലും തടഞ്ഞു. ചേളാരി ഐ.ഒ.സിയിലും കൊച്ചി തുറമുഖത്തും ജോലിക്കെത്തിയ തൊഴിലാളികളെ ട്രേഡ് യൂനിയൻ പ്രവർത്തകർ തടഞ്ഞു. കൊച്ചി കാക്കനാട് പ്രത്യേക സാമ്പത്തിക മേഖലയിൽ ജോലിക്കെത്തിയ ജീവനക്കാരെയും തടഞ്ഞിട്ടുണ്ട്.
അതേസമയം പണിമുടക്ക് ദേശീയതലത്തില്‍ വലിയ പ്രതികരണം സൃഷ്ടിച്ചില്ല. ദില്ലി, മുംബൈ, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, ഗുരുഗ്രാം, തുടങ്ങി പ്രമുഖ നഗരങ്ങളിലെല്ലാം ജനജീവിതവും ഗതാഗതവും സാധാരണനിലയിലാണ്. വ്യാപാരസ്ഥാപനകളും ഫാക്ടറികളും തുറന്നു പ്രവര്‍ത്തിക്കുന്നു. എന്നാൽ പശ്ചിമബംഗാളിലും ഒഡീഷയിലും പണിമുടക്കിനോടനുബന്ധിച്ച് അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.