'കാല്‍ നീട്ടി ഇരിക്കാനായില്ല': അര കോടി പാഴാക്കി ജാഗ്വറിനെ മുന്‍ ലോക്‌സഭാ സ്പീക്കര്‍ കൈവിട്ടു

'കാല്‍ നീട്ടിയിരിക്കാന്‍ വേണ്ടത്ര സ്ഥലമില്ലാതിരുന്നതിനാലാ' ണ് ഖജനാവില്‍ നിന്ന് അര കോടിയോളം രൂപ മുടക്കി വാങ്ങിയ ആഡംബര കാറായ ജാഗ്വര്‍ എക്‌സ് ഇ താന്‍ ഉപയോഗിക്കാതിരുന്നതെന്ന് മുന്‍ ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍. ലോക്‌സഭാ സെക്രട്ടറിയേറ്റിനു വേണ്ടി വെള്ള നിറത്തിലുള്ള ഈ സെഡാന്‍ തിരഞ്ഞെടുത്തത് താന്‍ തന്നെയായിരുന്നെങ്കിലും അതിന് അങ്ങനെയൊരു കുഴപ്പമുള്ള വിവരം പിന്നീടാണ് മനസിലായതെന്നും മുന്‍ സ്പീക്കര്‍ സമ്മതിച്ചു.

സ്പീക്കര്‍ക്ക് ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ 48.25 ലക്ഷം രൂപ മുടക്കി 2016-ല്‍ വാങ്ങിയ ആഡംബര ജാഗ്വര്‍ ഇപ്പോള്‍ പാര്‍ലമെന്റ് ഗ്യാരേജില്‍ പൊടിപിടിച്ചു കിടക്കുന്നത്. സുരക്ഷ ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ ജാഗ്വര്‍ എക്‌സ് ഇ വാങ്ങിയെന്നാണ് അന്ന് ലോക്‌സഭാ സെക്രട്ടറിയേറ്റ് വിശദീകരിച്ചത്. പുതിയ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട ഓം ബിര്‍ല ഉപയോഗിക്കുന്നത് 36.74 ലക്ഷത്തിന്റെ ടൊയോട്ട കാമ്രി ഹൈബ്രിഡാണ്.

സുമിത്ര മഹാജന്‍ സ്പീക്കര്‍ പദവി വഹിച്ച 2014 -19 കാലഘട്ടത്തില്‍ ചുരുങ്ങിയ യാത്രകള്‍ മാത്രമേ അവര്‍ ഈ കാറില്‍ നടത്തിയിട്ടുള്ളൂ. ജാഗ്വര്‍ സെഡാനിലെ യാത്ര അസൗകര്യമുണ്ടാക്കുന്നെന്ന് പറഞ്ഞ് അവര്‍ കാര്‍ ഉപേക്ഷിച്ചു. കാറിന്റെ പിന്നിലെ സീറ്റില്‍ ഇരിക്കുമ്പോള്‍ കാല് നീട്ടി വെക്കാന്‍ കാറില്‍ കുറച്ച് സ്ഥലം മാത്രമേ ഉള്ളെന്നും അതിനാലാണ് വാഹനം ഉപേക്ഷിച്ചതെന്നും സുമിത്ര മഹാജന്‍ പറഞ്ഞു.

3.91 ലക്ഷത്തിന്റെ അംബാസഡര്‍, 14.7 ലക്ഷത്തിന്റെ ഹോണ്ട അക്കോര്‍ഡ്, 21 ലക്ഷലക്ഷത്തിന്റെ ടൊയോട്ട കാമ്രി, 48.25 ലക്ഷത്തിന്റെ ജാഗ്വര്‍, 36.74 ലക്ഷത്തിന്റെ ടൊയോട്ട കാമ്രി ഹൈബ്രിഡ് എന്നിങ്ങനെ 18 വര്‍ഷത്തിനിടെ അഞ്ച് കാറുകളാണ് ലോക്‌സഭാ സ്പീക്കര്‍മാര്‍ക്കായി വാങ്ങിയിട്ടുള്ളത്.വിവരാവകാശ നിയമപ്രകാരം ലഭിച്ച വിവരങ്ങള്‍ വെബ് മാധ്യമമായ 'ദി പ്രിന്റ'ാണ് റിപ്പോര്‍ട്ട് ചെയ്തത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it