മോദിയും രാഹുലും നേര്‍ക്കുനേര്‍: രാജ്യം കാത്തിരിക്കുന്ന സംവാദം യാഥാര്‍ത്ഥ്യമാകുമോ?
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനു മുന്നോടിയായി സ്ഥാനാര്‍ത്ഥികള്‍ തമ്മില്‍ നടത്തുന്ന തത്സമയ സംവാദങ്ങള്‍ ലോകശ്രദ്ധ നേടിയതാണ്. ഇതാ, ഇന്ത്യയിലും അതിനുള്ള അവസരം വരുന്നു. പ്രധാന മന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും തമ്മിലുള്ള നേരിട്ടുള്ള സംവാദത്തിന് അരങ്ങൊരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്.
പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായി ട്വിറ്ററില്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണിത്. ഇരുവും സംവാദത്തിന് സമ്മതിച്ചിട്ടുണ്ടെന്നും വോട്ടെടുപ്പ് ആരംഭിക്കുന്നതിന് രണ്ടു ദിവസം മുമ്പ് ഏപ്രില്‍ 9 ന് സംവാദം നടക്കുമെന്നുമാണ് രാജ്ദീപ് സര്‍ദേശായി ട്വീറ്റ് ചെയ്തിരിക്കുന്നത്.
സംവാദത്തിന്റെ ആങ്കര്‍ ആരാണെന്നതിനെ കുറിച്ചൊന്നും തീരുമാനമായിട്ടില്ല.
രാജ്യം ആകാംക്ഷയോടെയാണ് ഇതിനായി കാത്തിരിക്കുന്നത്. വ്യത്യസ്ത വിഷയങ്ങളിലൂന്നി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്ന ഭാരതീയ ജനതാ പാര്‍ട്ടിയുടെയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെയും ഏറ്റവും വലിയ നേതാക്കള്‍ തന്നെ പരസ്പരം സംവദിക്കുന്നതിനെ ആരോഗ്യപരമായ മാറ്റമെന്നാണ് പലരും വിലയിരുത്തുന്നത്.
ആശയങ്ങള്‍ എങ്ങനെ ജനങ്ങളിലേക്കെത്തിക്കുന്നു എന്നിടത്താണ് തെരഞ്ഞെടുപ്പ് വിജയം. കഴിഞ്ഞ തവണ നരേന്ദ്രമോദിയെ വികാസ് പുരുഷനായി അവതരപ്പിച്ച് ബിജെപി വലിയ വിജയം കൊയ്തു. എന്നാല്‍ ഇത്തവണ ദൗര്‍ബല്യങ്ങളുണ്ടെങ്കിലും കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ ശക്തനായ രാഹുലിനെയാണ് മോദിക്ക് എതിരേണ്ടി വരിക.
മാത്രമല്ല, അഞ്ചു വര്‍ഷത്തെ ഭരണം കൊണ്ട് മോദിയുടെ പ്രഭാവത്തിന് അല്‍പ്പ്ം ഇടിവ് സംഭവിക്കുകയും ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ മികച്ച ആശയങ്ങള്‍ ജനങ്ങള്‍ക്കിടയിലേക്ക് എത്തിച്ചാലേ വിജയത്തിലെത്താനാവൂ. ശ്രദ്ധിക്കേണ്ട ഒരു കാര്യം പൊതുവായ ഒരു പ്രശ്‌നം ഉയര്‍ത്തിപ്പിടിച്ചല്ല ബിജെപിയും കോണ്‍ഗ്രസും തെരഞ്ഞെടുപ്പിനെ നേരിടുന്നത് എന്നതാണ്.
രാജ്യസുരക്ഷയും ഗ്രാമീണ ഇന്ത്യയുടെ വികാസവുമാണ് ബിജെപി ഇപ്പോള്‍ ഉയര്‍ത്തിക്കാട്ടുന്ന വലിയ വിഷയങ്ങള്‍. അതേസമയം തൊഴിലില്ലായ്മയും കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങളും എടുത്തു കാട്ടി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുന്നു. പുല്‍വാമ അക്രമവും അതിനുള്ള തിരിച്ചടിയും രാജ്യസുരക്ഷയുടെ പേരില്‍ മോദി തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ അവതരിപ്പിക്കുമ്പോള്‍ കോണ്‍ഗ്രസിന് വേണ്ടവിധത്തില്‍ പ്രതിരോധിക്കാനാവുന്നില്ല.
അതേസമയം തൊഴിലില്ലായ്മ പ്രശ്‌നം ഉയര്‍ത്തുന്ന കോണ്‍ഗ്രസിന് മികച്ചൊരു മറുപടി നല്‍കാന്‍ ബിജെപിയും കുഴങ്ങുന്നു. ഇത്തരത്തില്‍ ദാരിദ്ര്യം, അടിസ്ഥാന സൗകര്യ വികസനം, സ്ത്രീ സുരക്ഷ തുടങ്ങിയ വിഷയങ്ങളിലും മോദിയും രാഹുലും മുന്നോട്ട് വെക്കുന്ന ന്യായവാദങ്ങള്‍ എന്തെന്നറിയാന്‍ രാജ്യം കാത്തു നില്‍ക്കുകയാണ്.