'സ്റ്റാഗ്ഫ്‌ളേഷന്‍' ദുരവസ്ഥയുടെ നിഴലിലാണ് കേന്ദ്ര ബജറ്റെന്ന് സാമ്പത്തിക വിദഗ്ധര്‍

കേന്ദ്ര ബജറ്റിലേക്ക് മൂന്നു വാരം മാത്രം അകലെ നില്‍ക്കവേ ഇന്ത്യ അഭിമുഖീകരിക്കുന്നത് സാമ്പത്തിക മുരടിപ്പും വിലക്കയറ്റവും ഒരുമിച്ചു ചേര്‍ന്നുള്ള 'സ്റ്റാഗ്ഫ്‌ളേഷന്‍' എന്ന ദുരവസ്ഥയെയാണെന്ന നിരീക്ഷണവുമായി വിദഗ്ധര്‍. ഉല്‍പ്പാദനവും തൊഴിലും വര്‍ധിക്കാതെ പണപ്പെരുപ്പം രൂക്ഷമാകുന്നതാണിതിനു കാരണം.

ബഹുമുഖ പ്രതിസന്ധിയുടെ വക്കിലാണു രാജ്യമെന്ന ആശങ്കയാണ് അന്താരാഷ്ട്ര പ്രശസ്തരായ പല സാമ്പത്തിക വിദഗ്ധരും പ്രകടിപ്പിക്കുന്നത്.സാമ്പത്തിക വിദഗ്ധരുടെ വിശകലനങ്ങളുടെ ചുവടുപിടിച്ച് 'സ്റ്റാഗ്ഫ്‌ളേഷന്‍' സ്ഥിതിഗതിയെ മറികടക്കാന്‍ എന്തു മാന്ത്രികച്ചെപ്പാണ് കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റിലൊളിപ്പിക്കുന്നതെന്ന ചര്‍ച്ചയും വ്യാപകം.

'സാമ്പത്തികവളര്‍ച്ചയും ഉപഭോഗവും തൊഴിലും ഇടിയുന്നതിനിടെ പണപ്പെരുപ്പം കുതിക്കുന്നു. തൊഴിലില്ലായ്മ 45 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലായി. വ്യവസായ ഉല്‍പ്പാദനവളര്‍ച്ച മന്ദഗതിയിലായി. വാഹനവില്‍പ്പനയില്‍ ഇടിവ് തുടരുന്നു. കയറ്റുമതിയും ചുരുങ്ങി' സാമ്പത്തിക നിരീക്ഷണ-വിശകലന ഏജന്‍സിയായ ക്രിസിലിന്റെ മുഖ്യ സാമ്പത്തികവിദഗ്ധന്‍ ഡി കെ ജോഷി പറഞ്ഞു. സ്റ്റാഗ്‌നേഷനും ഇന്‍ഫ്‌ളേഷനും സംയോജിച്ചുള്ള 'സ്റ്റാഗ്ഫ്‌ളേഷന്‍' കടന്നുവന്നതായി സംശയിക്കേണ്ടിയിരിക്കുന്നു.

ഡിസംബറില്‍ ഭക്ഷ്യ പണപ്പെരുപ്പം 14.12 ശതമാനമായി കുതിച്ചു. നവംബറില്‍ ഇത് 10.01 ശതമാനമായിരുന്നു. പണപ്പെരുപ്പം ആറ് ശതമാനത്തില്‍ കൂടരുതെന്ന് റിസര്‍വ് ബാങ്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചില്ലറ വിപണിയിലെ പണപ്പെരുപ്പം സാധാരണക്കാരെയാണ് ബാധിക്കുന്നത്. വാഹനവിപണിയിലെ ഇടിവുകാരണം നിര്‍മാണശാലകള്‍ അടച്ചിട്ടു. നിരവധി കമ്പനികള്‍ ജീവനക്കാരെ പിരിച്ചുവിട്ടു. ട്രെയിന്‍ നിരക്കും ടെലികോം നിരക്കുകളും വര്‍ധിപ്പിച്ചത് പണപ്പെരുപ്പം വീണ്ടും ഉയരാന്‍ വഴിയൊരുക്കും. രാജ്യാന്തരവിപണിയില്‍ എണ്ണവില ഉയരുന്നത് സ്ഥിതി വീണ്ടും വഷളാക്കും.

മുംബൈ നിര്‍മ്മല്‍ ബാംഗ് ഇക്വിറ്റീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ സാമ്പത്തിക വിദഗ്ധ തെരേസ ജോണും 'സ്റ്റാഗ്ഫ്‌ളേഷന്‍' ലക്ഷണങ്ങള്‍ക്കു നേരെ വിരല്‍ ചൂണ്ടുന്നു. 'രാജ്യത്തെ മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ 60% ഉപഭോഗം ആണ്. ബിസിനസ് ജോലികള്‍ കുറഞ്ഞു. നിക്ഷേപ പദ്ധതികള്‍ നിര്‍ത്തിവയ്ക്കുന്നു. ഈ സാഹചര്യങ്ങളില്‍ ഉപഭോക്തൃ വികാരം മന്ദഗതിയിലായതോടെ വിപണികളില്‍ ചെലവ് ഇടിഞ്ഞു. അടുത്തിടെയുണ്ടായ എണ്ണവിലയിലെ ചാഞ്ചാട്ടം കൂടുതല്‍ കുഴപ്പങ്ങള്‍ക്കിടയാക്കും. മാര്‍ച്ച് 31 വരെയുള്ള സാമ്പത്തിക വര്‍ഷത്തിലെ സാമ്പത്തിക വളര്‍ച്ച 5 ശതമാനമായി കുറയുമെന്നാണ് കണക്ക്. ഇത് ഒരു ദശകത്തിലേറെക്കാലത്തെ ഏറ്റവും ദുര്‍ബലമായ വേഗതയാണ്. ഈ ദുരവസ്ഥയില്‍ നിന്നുള്ള കരകയറല്‍ വളരെ ക്രമാനുഗതമായിരിക്കും. സ്തംഭനാവസ്ഥ ഉണ്ടാകാനും സാധ്യതയുണ്ട് '-തെരേസ ജോണ്‍ വിലയിരുത്തുന്നതിങ്ങനെ.

ഒരു വലിയ മാന്ദ്യത്തിലേക്ക് നീങ്ങുന്ന ഘട്ടത്തോട് വളരെ അടുത്തെത്തിക്കഴിഞ്ഞു ഇന്ത്യയെന്ന് സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ അഭിജിത് ബാനര്‍ജി ഈ മാസം മുംബൈയില്‍ പറഞ്ഞിരുന്നു. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയിലെ നിര്‍ണായക പ്രശ്‌നം ഡിമാന്‍ഡിന്റെ പോരായ്മയാണ്. ഡിമാന്‍ഡ് ഉത്തേജിപ്പിക്കാന്‍ പണപ്പെരുപ്പവും ബജറ്റ് കമ്മി ലക്ഷ്യങ്ങളും സംബന്ധിച്ച മുന്‍ ധാരണകള്‍ പലതും രാജ്യം തിരുത്തേണ്ടതുണ്ട്. 2021 മാര്‍ച്ച് വരെയുള്ള സാമ്പത്തിക വര്‍ഷത്തില്‍ വളര്‍ച്ച 6.2 ശതമാനമായി ഉയരുമെന്ന് സാമ്പത്തിക വിദഗ്ധര്‍ പ്രവചിക്കുന്നുണ്ടെങ്കിലും ആഗോള ഡിമാന്‍ഡും ആഭ്യന്തര ചെലവുമൊക്കെ ഏതു വിധത്തിലാകുമെന്നതിനെ ആശ്രയിച്ചിരിക്കും അന്തിമഫലം.

ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റിയിലെ പ്രശസ്ത മാക്രോ ഇക്കണോമിക് പ്രൊഫസറായ നൗറിയല്‍ റൂബിനി കഴിഞ്ഞയാഴ്ച മുംബൈ സന്ദര്‍ശിച്ചപ്പോള്‍ പറഞ്ഞതിങ്ങനെ: ഇന്ത്യയിലെ മാന്ദ്യം പിന്നിലേക്കു മാറി ഗണ്യമായ വളര്‍ച്ചയ്ക്ക് ഉടന്‍ വഴിയൊരുങ്ങുമെന്നതിന് ഇതുവരെ തെളിവുകള്‍ കാണുന്നില്ല.ഈ സാമ്പത്തിക വര്‍ഷം നയ നിര്‍മാതാക്കളുടെ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് സമ്പദ്വ്യവസ്ഥയിലാകണം. രാഷ്ട്രീയ കാര്യങ്ങളില്‍ അമിതശ്രദ്ധ ചെലുത്തേണ്ട സാഹചര്യം ഒഴിവാക്കപ്പെടണം

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it