രൂക്ഷമാകുന്ന ധനപ്രതിസന്ധി, കേന്ദ്രത്തിനെതിരെ വാളെടുത്ത് ഡോ.തോമസ് ഐസക്
രൂക്ഷമായിക്കൊണ്ടിരിക്കുന്ന ധനപ്രതിസന്ധി സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ താളംതെറ്റിക്കുന്ന അവസ്ഥയിലേക്കാണ് നീക്കിക്കൊണ്ടിരിക്കുന്നത്. പണമില്ലാത്തതിനാല്‍ കഴിഞ്ഞ ഒരാഴ്ചയിലേറെയായി സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ട്രഷറി നിയന്ത്രണം തുടരുകയാണ്. അടിയന്തര പ്രാധാന്യമുള്ളവ ഒഴികെ മറ്റുള്ള എല്ലാ ബില്ലുകളും ധനവകുപ്പിന്റെ അനുമതിയില്ലാതെ മാറ്റാനാകില്ലെന്നതാണ് അവസ്ഥ. ഡിസംബറിലെ ശമ്പളവും പെന്‍ഷന്‍ വിതരണവുമൊക്കെ ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് സംസ്ഥാനത്ത് കര്‍ശനമായ ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ജി.എസ്.ടി നിയമപ്രകാരം സംസ്ഥാനങ്ങള്‍ക്ക് 14 ശതമാനം വരുമാന വര്‍ദ്ധനവ് ഇല്ലെങ്കില്‍ ആ കുറവ് നഷ്ടപരിഹാരമായി ലഭിക്കേണ്ടതുണ്ട്. എന്നാല്‍ ഇക്കഴിഞ്ഞ ഒക്ടോബര്‍ വരെ 1600 കോടി രൂപയാണ് ജി.എസ്.ടി നഷ്ടപരിഹാരമായി കേന്ദ്രം സംസ്ഥാനത്തിന് നല്‍കാനുള്ളത്. ' നഷ്ടപരിഹാര തുക തരുന്നില്ലെന്ന് മാത്രമല്ല കേന്ദ്ര നികുതി വിഹിതത്തിലും ഗണ്യമായ കുറവ് ഉണ്ടായിരിക്കുകയാണ്. കേന്ദ്ര നികുതിയിലെ ഇടിവും കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കിയ നികുതി ഇളവുകളുമാണ് ഇതിന് കാരണം' കഴിഞ്ഞ ആഴ്ച നടന്ന ധനമന്ത്രിമാരുടെ എംപവേഡ് കമ്മറ്റിക്ക് ശേഷം ഡോ.തോമസ്് ഐസക് അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം വിശദീകരിച്ചിരിക്കുന്നത്.
മറ്റുള്ള സംസ്ഥാനങ്ങള്‍ വായ്പ എടുത്തുകൊണ്ടാണ് പ്രതിസന്ധി നേരിടുന്നതെന്നും എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന്റെ വായ്പയില്‍ നിന്നും 6500 കോടി രൂപ വെട്ടിച്ചുരുക്കിയതിനാല്‍ സംസ്ഥാനത്തിന് കൂടുതല്‍ വായ്പ എടുക്കാനാകില്ലെന്നും അദ്ദേഹം പറയുന്നു. 'കേന്ദ്രത്തിന്റേത് ഒരു ഭ്രാന്തന്‍ നയമാണ്. രാഷ്ട്രം സാമ്പത്തിക മാന്ദ്യത്തെ നേരിടുമ്പോള്‍ പ്രതിവിധി കേന്ദ്രവും സംസ്ഥാനവും ചെലവ് വര്‍ദ്ധിപ്പിക്കണമെന്നാണ് സാമ്പത്തികശാസ്ത്രം പറയുന്നത്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളെക്കൊണ്ട് ചെലവ് ചുരുക്കിക്കുന്ന നയമാണ് മുന്നോട്ട് വയ്ക്കുന്നത്. നോട്ട് നിരോധനം പോലെ തന്നെ ഈ നയത്തിന് പിന്നിലും ഒരു സാമ്പത്തികശാസ്ത്ര യുക്തിയില്ല' ഐസക് ആക്ഷേപിക്കുന്നു.
അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നു
'ധനകാര്യ മേഖലയില്‍ മാത്രമല്ല കേന്ദ്രം സംസ്ഥാനങ്ങളുടെ അധികാരം കവരുന്നത്. കേന്ദ്ര സര്‍ക്കാര്‍ സമീപകാലത്ത് പാസാക്കിയ മോട്ടോര്‍ വാഹനം, ആര്‍ട്ടിക്കിള്‍ 370, എന്‍.ഐ.എ, വിദ്യാഭ്യാസം തുടങ്ങിയ ഒട്ടേറെ നിയമങ്ങളുടെ പൊതുസ്വഭാവം സംസ്ഥാന അധികാരങ്ങളുടെ മേലുള്ള കടന്നുകയറ്റമാണ്. അവതരിപ്പിക്കാന്‍ പോകുന്ന കേന്ദ്ര വൈദ്യുത നിയമത്തില്‍ ഇത് മൂര്‍ദ്ധന്യത്തിലെത്തുകയാണ്. വൈദ്യുതി മേഖലയിലുള്ള സംസ്ഥാനങ്ങളുടെ അവകാശം പൂര്‍ണ്ണമായും കേന്ദ്രം ഏറ്റെടുക്കുകയാണ്' ഐസക് ആരോപിക്കുന്നു.
ജി.എസ്.ടി നഷ്ടപരിഹാരമായി ഈ വര്‍ഷം ഇതുവരെ 28000 കോടി രൂപയാണ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയത്. എന്നാല്‍ ഇപ്പോള്‍ ഈ ഇനത്തിലുള്ള കുടിശിക 40000 കോടിയായി ഉയര്‍ന്നുകഴിഞ്ഞു. സാമ്പത്തിക മാന്ദ്യം കാരണം ജി.എസ്.ടി വരുമാനം കുറഞ്ഞതും കൂടാതെ കോര്‍പ്പറേറ്റുകള്‍ക്ക്് വന്‍തോതിലുള്ള നികുതി ഇളവുകള്‍ നല്‍കിയതുമൊക്കെയാണ് കേന്ദ്ര സര്‍ക്കാരിന്റെ വരുമാനത്തിന് തിരിച്ചടിയായത്. അതേസമയം ജി.എസ്.ടി നഷ്ടപരിഹാര തുക നേടിയെടുക്കുന്നതിനായി പ്രതിസന്ധി നേരിടുന്ന സമാന സംസ്ഥാനങ്ങളുമായി ചേര്‍ന്ന് നിയമനടപടികള്‍ സ്വീകരിക്കുന്നതിനും സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline