വാഷിങ്ടണ്‍ പോസ്റ്റിനും ടൈംസിനും വൈറ്റ് ഹൗസില്‍ വിലക്ക്; ട്രംപിന്റെ അസഹിഷ്ണുതയ്ക്കു വിമർശനം

സര്‍ക്കാര്‍ ഓഫീസുകളിലും ഈ പത്രങ്ങളെ ഒഴിവാക്കാന്‍ നീക്കം

ന്യൂയോര്‍ക്ക് ടൈംസ്, വാഷിങ്ടണ്‍ പോസ്റ്റ് പത്രങ്ങള്‍ക്ക് വൈറ്റ് ഹൗസില്‍ വിലക്ക് ഏര്‍പ്പടുത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ നിലപാടിനെതിരെ വിമര്‍ശനമുയരുന്നു. സോഷ്യല്‍ മീഡിയയില്‍ വ്യാപകമായുള്ള ആക്ഷേപത്തിനു പുറമേ അമേരിക്കയിലെ നിരവധി മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരും പ്രസിഡന്റിന്റെ അസഹിഷ്ണുതയ്‌ക്കെതിരെ രംഗത്തു വന്നു.

ട്രംപ് ഭരണകൂടത്തെ വിമര്‍ശിക്കുന്ന കാര്യത്തില്‍ മുന്നിലാണെന്നതു തന്നെയാണ് അമേരിക്കയിലെ പ്രമുഖ ദിനപത്രങ്ങളായ ന്യൂയോര്‍ക്ക് ടൈംസിനും വാഷിങ്ടണ്‍ പോസ്റ്റിനും പ്രസിഡന്റ് കാണുന്ന കുഴപ്പം. ‘ഫോക്‌സ് ന്യൂസി’ ന് നല്‍കിയ അഭിമുഖത്തില്‍ അമേരിക്കയിലെ പ്രമുഖ പത്രങ്ങള്‍ വൈറ്റ് ഹൗസ് വേണ്ടെന്ന് വയ്ക്കുമെന്നും ഇവയ്ക്കായി വരിസംഖ്യ നല്‍കില്ലെന്നും സൂചന ട്രംപ് നല്‍കിയിരുന്നു.ന്യൂയോര്‍ക്ക് ടൈംസിനെ വ്യാജ ന്യൂസ് പേപ്പര്‍ എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. അതുകൊണ്ടുതന്നെ വൈറ്റ് ഹൗസില്‍ ആരും തന്നെ അത് വായിക്കാന്‍ ആഗ്രഹിക്കുന്നില്ല. വാഷിങ്ടണ്‍ പോസ്റ്റും അതുപോലെ ഒരു വ്യാജ ദിനപത്രമാണ്- ട്രംപ് പറഞ്ഞു. ഇതിന് തൊട്ടുപിന്നാലെയാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.

ചരിത്രത്തില്‍ ആദ്യമായാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ വസതിയില്‍ ടൈംസിനും പോസ്റ്റിനും സാന്നിധ്യമില്ലാതാകുന്നത്. സര്‍ക്കാര്‍ ഏജന്‍സികളോടും ഈ രണ്ട് പത്രങ്ങളും നിര്‍ത്താന്‍ ട്രംപ് ആവശ്യപ്പെടുമെന്ന് വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇപ്പോഴും വൈറ്റ് ഹൗസില്‍ വരുത്തുന്ന പത്രമാണ് വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍.

LEAVE A REPLY

Please enter your comment!
Please enter your name here