എമർജിങ് മാർക്കറ്റുകൾ പ്രതിസന്ധിയിലേക്ക്; മുന്നറിയിപ്പുമായി സാമ്പത്തിക വിദഗ്ധർ

ലോക സമ്പദ്വ്യവസ്ഥയുടെ ചാലകശക്തിയായ എമർജിങ് മാർക്കറ്റകൾ സാമ്പത്തിക തകർച്ചയുടെ വക്കിലാണെന്ന മുന്നറിയിപ്പുമായി വിദഗ്ധർ. തുർക്കി, അർജന്റീന, ബ്രസീൽ എന്നീ രാജ്യങ്ങൾ ഇപ്പോൾത്തന്നെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇത് ക്രമേണ ഇന്ത്യയടക്കമുള്ള മറ്റ് എമർജിങ് മാർക്കറ്റ് രാജ്യങ്ങളിലേക്കും പടരാനുള്ള സാധ്യത തള്ളിക്കളയാനാകില്ലന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്.

തുർക്കയിലെയും അർജന്റീനയിലെയും സ്ഥിതി വഷളാവുകയാണെന്ന് ചൂണ്ടിക്കാട്ടി അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞനും നോബൽ സമ്മാന ജേതാവുമായ പോൾ ക്രൂഗ്മാൻ ട്വിറ്ററിൽ കുറിച്ചതനുസരിച്ച് എമർജിങ് മാർക്കറ്റുകൾ 1997-98 കാലഘട്ടത്തിലേതു പോലെ മറ്റൊരു പ്രതിസന്ധിയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. തുർക്കിയിലെ കറന്റ് എക്കൗണ്ട് കമ്മി വളരെ കൂടുതലാണ്. അർജന്റീനയും നല്ല സ്ഥിതിയിലല്ല.

ക്രൂഗ്മാൻ പറയുന്നതിങ്ങനെ: കറന്‍സി മൂല്യം ഇടിയുന്നു. കോർപറേറ്റുകളുടെ കടം കുമിഞ്ഞു കൂടുന്നു. ഇത് മൊത്തം സമ്പദ് വ്യവസ്ഥയെ സമ്മർദ്ദത്തിലാക്കുന്നു. അങ്ങിനെ വീണ്ടും കറന്‍സി മൂല്യം ഇടിയുന്നു. എമർജിങ് മാർക്കറ്റുകളിലെ ഇപ്പോഴത്തെ അവസ്ഥ ഏതാണ്ട് ഇതിനോട് സമമാണ്. കഴിഞ്ഞ ഒരു ദശാബ്ദത്തിനുള്ളിൽ എമർജിങ് മാർക്കറ്റുകളിൽ കോർപ്പറേറ്റ് കടം വലിയതോതിൽ വർധിച്ചിട്ടുണ്ട്. അത് കൂടുതലും വിദേശ കറൻസിയിലാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.

എമർജിങ് മാർക്കറ്റുകൾക്ക് അത്ര നല്ല കാലമല്ല വരാനിരിക്കുന്നതെന്നാണ് ഓഹരി വിദഗ്ദ്ധനും ഫണ്ട് മാനേജരുമായ മാർക്ക് മോബിയസ് ബ്ലൂം ബെർഗിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയത്. തുർക്കിയിലെ പ്രതിസന്ധി മറ്റുരാജ്യങ്ങളിലേക്ക് പടരാനുള്ള സാധ്യതയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അർജന്റീനയുടെയും ബ്രസീലിന്റെയും സ്ഥിതി അത്ര നല്ല നിലയിലല്ലെന്നും മോബിയസ് പറഞ്ഞു.

പൊതുവെ എമർജിങ് മാർക്കറ്റുകളെ ശുഭാപ്തിവിശ്വാസത്തോടെ നോക്കിക്കാണുന്ന മോബിയസ് ഈ പ്രതിസന്ധികൾക്കിടയിലും അവസരങ്ങൾ ഉണ്ടെന്ന് അവകാശപ്പെടുന്നു. പ്രതേകിച്ചും, ഇന്ത്യ ചൈന പോലുള്ള രാജ്യങ്ങളിൽ. ഇന്ത്യയിലെ ധനകാര്യ സ്ഥാപനങ്ങളുടെയും ടെക്നോളജി കമ്പനികളുടെയും ഓഹരികൾ ഇപ്പോഴും ആകർഷകമാണെന്ന് മോബിയസ് വിശ്വസിക്കുന്നു. ബാങ്കുകളെ സഹായിക്കാൻ സർക്കാർ മുന്നോട്ടു വന്നതും, ടെക് കമ്പനികൾ വിജയകരമായി ഔട്സോഴ്സിങ് ചെയ്യുന്നതും ഇതിനു കാരണമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

ഈ രാജ്യങ്ങളുടെ സാമ്പത്തിക നില 1997 ലെ അത്രയും മോശമല്ലെങ്കിലും, എവിടെയോ അപകടം തങ്ങിനിൽക്കുന്നുണ്ടെന്നാണ് ക്രൂഗ്മാൻന്റെ അഭിപ്രായം. എന്നാൽ ഒരു വലിയ ആഗോള സാമ്പത്തിക പ്രതിസന്ധിയൊന്നും ഉണ്ടാകുമെന്ന് അദ്ദേഹം വിശ്വസിക്കുന്നില്ല.

മൂലധന നിക്ഷേപത്തിന്റെ പുറത്തേക്കുള്ള ഒഴുക്ക് തടയാൻ അർജന്റീനയും തുർക്കിയും പലിശ നിരക്കുകൾ കുത്തനെ ഉയർത്തിയിട്ടും ഫലമൊന്നുമുണ്ടായിട്ടില്ല. യുഎസ് ട്രഷറി ആദായനിരക്ക് ഉയർന്നതും ഡോളറിന്റെ മൂല്യം വർധിച്ചതും താരതമ്യേന റിസ്ക് കൂടുതലുള്ള എമർജിങ് മാർക്കറ്റ് ആസ്തികളിൽ നിക്ഷേപകർ താല്പര്യം കുറയാൻ കാരണമായി.

അമേരിക്കയിലെയും യൂറോപ്യൻ രാജ്യങ്ങളിലെയും താഴ്ന്ന പലിശ നിരക്ക് ഇതുവരെ എമർജിങ് മാർക്കറ്റ് രാജ്യങ്ങൾക്ക് അനുഗ്രഹമായിരുന്നു.

വലിയ ഒരു ശതമാനം വിദേശ നിക്ഷേപെങ്ങൾ എമർജിങ് മാർക്കറ്റുകളെ തേടിയെത്തി. എന്നാൽ ഈ രാജ്യങ്ങളിൽ പലതിന്റെയും രാഷ്ട്രീയ-സാമ്പത്തിക സ്ഥിതികൾ മോശമായതോടെ നിക്ഷേപകർക്ക് വിശ്വാസം നഷ്ടപ്പെട്ടു. അതേസമയംതന്നെ അമേരിക്കയും മറ്റ് വികസിതരാജ്യങ്ങളും പലിശനിരക്ക് ഉയർത്തുമെന്ന പ്രതീക്ഷയും വളർന്നു.

ഇന്റർനാഷണൽ മോണേറ്ററി ഫണ്ട് (ഐഎംഎഫ്) ഈയിടെ പുറത്തിറങ്ങിയ ഗ്ലോബൽ ഫിനാൻഷ്യൽ സ്റ്റെബിലിറ്റി റിപ്പോർട്ടിൽ ഇതു സംബന്ധിച്ച മുന്നറിയിപ്പ് നൽകുന്നുണ്ട്. 2018-19 സാമ്പത്തിക വർഷത്തിൽ എമർജിങ് മാർക്കറ്റുകളിലെ വിദേശ നിക്ഷേപത്തിൽ കുറഞ്ഞത് 4000 കോടി ഡോളന്റെ കുറവുണ്ടാകാൻ സാധ്യതയുണ്ടെന്ന് ഐഎംഎഫ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വികസിത രാജ്യങ്ങളിലെ പലിശ നിരക്ക് വേഗത്തിൽ ഉയരാൻ സാധ്യതയുണ്ടെന്ന് കണക്കാക്കിയാണ് ഐഎംഎഫ് ഈ മുന്നറിപ്പ് പുറത്തിറക്കിയത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it