വ്യാപാര യുദ്ധം: 'ചൈനയ്ക്കു മാത്രമല്ല, നഷ്ടം യുഎസിനും ലോക സമ്പദ് വ്യവസ്ഥയ്ക്കും!'
വ്യാപാര നഷ്ടം മൂലമുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധി ചൈനയേക്കാളേറെ ബാധിക്കുക യുഎസിനെയാണെന്ന് പ്രമുഖ ഇൻവെസ്റ്റ്മെന്റ് ബാങ്കായ മോർഗൻ സ്റ്റാൻലി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ചൈനയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്നും ചൈനീസ് കേന്ദ്ര ബാങ്കിന്റെ അയഞ്ഞ വായ്പാ- ധന നയം പുറമേ നിന്നുള്ള സാമ്പത്തിക ആഘാതത്തെ തടുക്കുമെന്നും മോർഗൻ സ്റ്റാൻലിയുടെ റിപ്പോർട്ടിൽ പറയുന്നു.
മാത്രമല്ല, യുഎസിനേക്കാളേറെ നികുതി വെട്ടിച്ചുരുക്കുകയും ചെയ്തത് ചൈനയിലെ ആഭ്യന്തര ഡിമാൻഡ് കൂട്ടുകയും കയറ്റുമതി ചെലവ് കൂടുന്നതുമൂലമുള്ള നഷ്ടം നികത്തുകയും ചെയ്യുമെന്നാണ് വിലയിരുത്തൽ.
വ്യാപാര യുദ്ധത്തിന് ആക്കം കൂട്ടിയത് കഴിഞ്ഞ ദിവസത്തെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിൻറെ ഉത്തരവാണ്. ചൈനയിൽ നിന്നുള്ള എല്ലാ ഇറക്കുമതികൾക്കും തീരുവ 10 ശതമാനത്തിൽ നിന്ന് 25 ശതമാനമായി ഉയർത്താനാണ് ട്രംപ് ഉത്തരവിട്ടത്. 20000 കോടി ഡോളർ മൂല്യമുള്ള ഇറക്കുമതിക്കു മേലാണ് പുതിയ നികുതി ഏര്‍പ്പെടുത്തുന്നത്. അനുയോജ്യമായ തുടർനടപടികൾ സ്വീകരിക്കുമെന്ന് ചൈനയും പ്രഖ്യാപിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച്ച ചർച്ചകൾ സമവായത്തിലെത്താതെ അവസാനിച്ചിരുന്നു. അതിനുശേഷമാണ് തീരുവ ഉയർത്തി ട്രംപിന്റെ പ്രഖ്യാപനം വന്നത്.
ലോകത്തെ ഏറ്റവും വലിയ രണ്ടു സാമ്പത്തിക ശക്തികൾ തമ്മിലുള്ള വ്യാപാര യുദ്ധം മൂലം ലോക സമ്പദ് വ്യവസ്ഥയുടെ വളർച്ച 30-40 ബേസിസ് പോയ്ന്റ്റ് കുറയുമെന്ന് മോർഗൻ സ്റ്റാൻലി കണക്കുകൂട്ടുന്നു. വ്യാപാര യുദ്ധം കൂടുതൽ കാലം തുടർന്നാൽ ക്യാപിറ്റൽ എക്സ്പെൻഡിച്ചർ, കോർപറേറ്റ് കോൺഫിഡൻസ് എന്നീ രണ്ടു ഘടകങ്ങളെയായിരിക്കും ഇതു കൂടുതൽ ബാധിക്കുകയെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി.