നിക്ഷേപകര്‍ക്കു സ്വര്‍ണ്ണത്തില്‍ ഭ്രമം; വിലക്കുതിപ്പ് തുടരുന്നു

ഒരു വര്‍ഷത്തിനിടെ പവന് വില വര്‍ദ്ധന 7,760 രൂപ; കൊറോണ വൈറസ് വന്ന ശേഷം വീണ്ടും മേലോട്ട്

gold price

കൊറോണ വൈറസ് ബാധയുടെ തുടര്‍ച്ചയായി ആഗോള സാമ്പത്തിക മാന്ദ്യം അരികിലെന്ന ആശങ്കയുടെ നിഴലില്‍ സ്വര്‍ണ്ണത്തിലുള്ള നിക്ഷേപം ഏറുന്നു; ഒപ്പം വിലയും ദിനംപ്രതി ഉയരുന്നു. പവന് (8 ഗ്രാം) ഇന്ന് 200 രൂപ വര്‍ധിച്ച് 31,480 രൂപയായി. 3935 രൂപയാണ് ഗ്രാമിന്റെ വില.

വൈകാതെ പവന് വില 32,000 ആകുമെന്ന് വ്യാപാരികള്‍ പറയുന്നു. 2020ല്‍ ഇതുവരെ പവന് കൂടിയത് 2,400 രൂപയാണ്. ഒരുവര്‍ഷത്തിനിടെ ഉണ്ടായ വര്‍ദ്ധന 7,760 രൂപ. പണിക്കൂലിയും ജി.എസ്.ടി.യും പ്രളയ സെസുമൊക്കെ ചേര്‍ക്കുമ്പോള്‍ ഒരു പവന്‍ സ്വര്‍ണം ലഭിക്കാന്‍ നിലവില്‍ ഏകദേശം 36,000 രൂപ നല്‍കേണ്ടി വരും.

രാജ്യാന്തര വിപണിയില്‍ ഏഴു വര്‍ഷത്തെ ഉയരത്തിലാണ് സ്വര്‍ണ വില. വെള്ളിയാഴ്ച പവന് 400 രൂപയാണ് വര്‍ധിച്ചത്. ഫെബ്രുവരി ആറിന് രേഖപ്പെടുത്തിയ 29,920 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില. അതിനുശേഷം കയറ്റിറക്കങ്ങളിലൂടെ രണ്ടാഴ്ചകൊണ്ട് 1,560 രൂപ പവന് വര്‍ധിച്ചു.സ്വര്‍ണ്ണ വില വന്‍ തോതില്‍ ഉയര്‍ന്നതോടെ ആഭ്രണ വില്പന കുറഞ്ഞു.

ആഗോള ഓഹരി, കടപ്പത്ര വിപണികളില്‍ നിന്ന് നിക്ഷേപം വന്‍തോതില്‍ ഇടിയുന്നതിന്റെ ചുവടുപിടിച്ചാണ് പൊന്നിന്റെ മുന്നേറ്റം.മാന്ദ്യവേളയില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന് ഡിമാന്‍ഡ് കൂടാറുണ്ട്. ഡോളറിനെതിരേ രൂപയുടെ മൂല്യം ഇടിയുന്നതും സ്വര്‍ണത്തിന്റെ വിലയില്‍ പ്രതിഫലിച്ചു.കൊറോണ ഭീതി ഒഴിഞ്ഞ്, ചൈന സാധാരണ നിലയില്‍ എത്തുന്നതുവരെ പൊന്നിനു സുവര്‍ണ്ണ കാലം തുടര്‍ന്നേക്കുമെന്നാണു വിപണിയിലെ വിലയിരുത്തല്‍. അന്താരാഷ്ട്ര വിപണിയില്‍ ട്രോയ് ഔണ്‍സ് (31.1 ഗ്രാം) തനിത്തങ്കത്തിന്റെ വില 1.39 ശതമാനം ഉയര്‍ന്ന് 1641.70 ഡോളറായി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here