രാജ്യത്തെ സ്വര്‍ണം, വെള്ളി ഇറക്കുമതിയില്‍ വന്‍ ഇടിവ്; കാരണമിതാണ്

രാജ്യത്തേക്കുളള സ്വര്‍ണ ഇറക്കുമതി ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങളില്‍ 94 ശതമാനം ഇടിഞ്ഞതായി റിപ്പോര്‍ട്ട്. 688 മില്യണ്‍ ഡോളറായാണ് ഇറക്കുമതി ഇടിഞ്ഞത് (5160 കോടി രൂപ). കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി 11.5 ബില്യണ്‍ ഡോളറായിരുന്നു (ഏകദേശം 86250 കോടി രൂപ).

സ്വര്‍ണത്തിന്റേതു മാത്രമല്ല, വെള്ളി ഇറക്കുമതിയിലും കുറവു വന്നിട്ടുണ്ട്. കഴിഞ്ഞ പാദത്തില്‍ വെള്ളി ഇറക്കുമതി 45 ശതമാനം ഇടിഞ്ഞ് 575 മില്യണ്‍ ഡോളറായി (4300 കോടി രൂപ). സ്വര്‍ണം, വെള്ളി ഇറക്കുമതിയിലുണ്ടായ ഇടിവ് രാജ്യത്തിന്റെ വ്യാപാര കമ്മി 2020-21 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുളള കാലയളവില്‍ 9.12 ബില്യണ്‍ ഡോളറായി ചുരുക്കാന്‍ സഹായിച്ചു. കഴിഞ്ഞ വര്‍ഷം സമാന കാലയളവില്‍ ഇത് 45.96 ബില്യണ്‍ ഡോളറായിരുന്നു.

വ്യാപാര കമ്മി കുറയുന്നതുമൂലം ജനുവരി- മാര്‍ച്ച് കാലയളവില്‍ ഇന്ത്യയുടെ കറണ്ട് അക്കൗണ്ട് മിച്ചം 0.6 ബില്യണ്‍ ഡോളറായി. മുന്‍ വര്‍ഷം സമാന കാലയളവില്‍ ഇത് 4.6 ബില്യണ്‍ ഡോളറോ അല്ലെങ്കില്‍ ജിഡിപിയുടെ 0.7ശതമാനമോ ആയിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മുതല്‍ സ്വര്‍ണ ഇറക്കുമതി വളര്‍ച്ചാ സൂചിക താഴേക്കായിരുന്നു.

ജ്വല്ലറി വ്യവസായത്തിനായിട്ടാണ് രാജ്യത്തേക്ക് സ്വര്‍ണ ഇറക്കുമതി പ്രധാനമായും നടത്തുന്നത്. ലോകത്തെ എറ്റവും വലിയ സ്വര്‍ണ ഇറക്കുമതി രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. 800- 1000 ടണ്‍ സ്വര്‍ണമാണ് രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നത്. ഇറക്കുമതി ഇടിഞ്ഞെങ്കിലും ആഭ്യന്തര മാര്‍ക്കറ്റില്‍ പഴയ സ്വര്‍ണ വില്‍പന വര്‍ദ്ധിച്ചത് ജുവല്ലറി വ്യവസായത്തിന് അനുകൂല ഘടകമാണ്.

ഇറക്കുമതിയിലെ ഇടിവ്

മാര്‍ച്ച് : 62.6%

ഏപ്രില്‍ : 99.93%

മെയ് : 98.4%

ജൂണ്‍ : 77.5%

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it