'കള്ളസ്വര്‍ണ്ണം' വെളിപ്പെടുത്താന്‍ വഴിയൊരുക്കുന്ന ആംനെസ്റ്റി പദ്ധതിക്കായി സര്‍ക്കാര്‍ നീക്കം

നികുതി സംവിധാനത്തില്‍ നിന്നു മറച്ച് വ്യക്തികള്‍ കൈവശം വച്ചിട്ടുള്ള സ്വര്‍ണ്ണം വെളിപ്പെടുത്താന്‍ അനുവദിക്കുന്ന 'ഗോള്‍ഡ് ആംനെസ്റ്റി സ്‌കീം' കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കിവരുന്നതായി റിപ്പോര്‍ട്ട്. കള്ളപ്പണം വെളുപ്പിക്കാനുള്ള നടപടികളുടെ കൂടി ഭാഗമായാണു നീക്കം.'കള്ള സ്വര്‍ണം' ഇപ്രകാരം വെളിപ്പെടുത്തുന്നവര്‍ നികുതിയും പിഴയും ഒടുക്കേണ്ടി വരുമെങ്കിലും ഇപ്പോഴത്തെ വ്യവസ്ഥകളില്‍ ചില ഇളവുകള്‍ വരുത്തുന്ന കാര്യവും പരിഗണിക്കപ്പെടുന്നുണ്ട്.

ഇന്ത്യയിലെ വീടുകളില്‍ 25000 ടണ്‍ സ്വര്‍ണമുണ്ടെന്നാണ് വിലയിരുത്തല്‍. 120 ലക്ഷം കോടി രൂപ കവിയും ഇതിന്റെ മൂല്യം.വെളിപ്പെടുത്തുന്ന സ്വര്‍ണത്തില്‍ ഒരു ഭാഗം നിശ്ചിത കാലത്തേക്ക് സര്‍ക്കാരില്‍ നിക്ഷേപിക്കാന്‍ നിബന്ധനയുണ്ടാകും.കള്ളപ്പണം ഒളിപ്പിക്കാന്‍ നികുതി വെട്ടിച്ച് വന്‍തോതില്‍ സ്വര്‍ണം വാങ്ങിക്കൂട്ടിയവരെ നിര്‍ദ്ദിഷ്ട ഗോള്‍ഡ് ആംനെസ്റ്റി സ്‌കീം ലക്ഷ്യമിടുന്നു.സ്വര്‍ണം ഇറക്കുമതി കുത്തനെ കുറയ്ക്കുകയും കേന്ദ്ര ലക്ഷ്യമാണ്. ഇതു സംബന്ധിച്ച് നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ വിദഗ്ധാഭിപ്രായം തേടി വരികയാണ്. നിതി അയോഗിന്റെ ശുപാര്‍ശ പ്രകാരം കഴിഞ്ഞ ഒക്ടോബര്‍ മുതലാണ് സ്വര്‍ണ ആംനെസ്റ്റി നടപ്പാക്കാനുള്ള ആലോചന മുറുകിയത്.

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സാമ്പത്തികമായി വലിയ ഞെരുക്കം നേരിടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ജനങ്ങളുടെ കൈവശമുള്ള കണക്കില്‍പ്പെടാത്ത സ്വര്‍ണം തിട്ടപ്പെടുത്തി നികുതി പിരിക്കുന്ന കാര്യം സര്‍ക്കാര്‍ സജീവമായി പരിഗണിച്ചത്.അതേസമയം, ഉദാര വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയാലും ഗോള്‍ഡ് ആംനെസ്റ്റി പദ്ധതിയുടെ വിജയം എളുപ്പമാകില്ലെന്ന അഭിപ്രായം ഉയരുന്നുണ്ട്. കുടുംബങ്ങള്‍ക്ക് പാരമ്പര്യമായി ലഭിച്ച സ്വര്‍ണത്തിന് രേഖകളുണ്ടാവില്ല.പരമ്പരാഗതമായി കണക്കാക്കപ്പെടുന്ന മൂല്യത്തില്‍ ഗണ്യമായ കുറവു രേഖപ്പെടുത്തി നികുതി ഘടനയ്ക്കു കീഴ്‌പ്പെട്ട് കള്ള സ്വര്‍ണം വെളിപ്പെടുത്താന്‍ അധികം പേര്‍ തയ്യാറാകില്ലെന്നും ഈ മേഖലയുമായി ബന്ധമുള്ളവര്‍ പറയുന്നു.

കള്ളപ്പണക്കാരെ പിടിക്കുമെന്ന് വാഗ്ദാനം ചെയ്ത്് 2014 ല്‍ അധികാരത്തിലേറിയ നരേന്ദ്ര മോദി 2016 ല്‍ നോട്ട് നിരോധനം നടപ്പാക്കിയെങ്കിലും കള്ളപ്പണ വേട്ട ഫലം കണ്ടില്ല. നികുതി വെട്ടിപ്പ് തടയുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ഗോള്‍ഡ് ആംനെസ്റ്റി പദ്ധതി നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നതായി കഴിഞ്ഞ വര്‍ഷവും റിപ്പോര്‍ട്ടുണ്ടായിരുന്നു. 2015-ലാണ് മൂന്ന് സംസ്ഥാനങ്ങളുടെ മാത്രം പിന്തുണയോടെ മോദി സര്‍ക്കാര്‍ പദ്ധതി ആദ്യം അവതരിപ്പിച്ചത്. എന്നാല്‍, വിവിധ ഭാഗങ്ങളില്‍നിന്ന് വിമര്‍ശനമുയര്‍ന്നതോടെ സര്‍ക്കാര്‍ പിന്‍മാറി.

സ്വര്‍ണ്ണത്തോടുള്ള താല്‍പര്യം രാജ്യത്ത് കൂടുതല്‍ ശക്തമായിക്കൊണ്ടിരിക്കുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കേരളത്തില്‍ മാത്രമല്ല, രാജ്യം മൊത്തമായി പരിഗണിക്കുമ്പോഴും സ്വര്‍ണ ഉപഭോഗം കൂടിയ അളവിലാണ്. ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണം ഉപയോഗിക്കുന്നത് ഇന്ത്യക്കാരാണ്. രാജ്യത്തെ പല കുടുംബങ്ങളുടെയും സമ്പാദ്യത്തിന്റെ നല്ലൊരു ഭാഗം സ്വര്‍ണമാണ്. എന്നാല്‍ എത്രത്തോളം സ്വര്‍ണം കൈവശം സൂക്ഷിക്കാനാവും എന്നത് സംബന്ധിച്ച് പൊതുവേ അവബോധം കുറവാണ് സമൂഹത്തില്‍.

ആദായനികുതി നിയമങ്ങള്‍ അനുസരിച്ച് ഒരാള്‍ക്ക് സാമ്പത്തിക ഉറവിടം വ്യക്തമാക്കാതെ എത്രത്തോളം സ്വര്‍ണം കൈവശം സൂക്ഷിക്കാമെന്നതിന് പരിധി നിശ്ചയിച്ചിട്ടുണ്ട്. വിവാഹിതരായ സ്ത്രീകള്‍, അവിവാഹിതരായ സ്ത്രീകള്‍, പുരുഷന്‍മാര്‍ എന്നിങ്ങനെ വ്യക്തികള്‍ക്കനുസരിച്ചുള്ള തരം തിരിവിന്റെ അടിസ്ഥാനത്തില്‍ ഈ പരിധിയില്‍ മാറ്റം വരും. ഈ പരിധിയില്‍ കുറവാണ് സ്വര്‍ണം വീട്ടില്‍ സൂക്ഷിച്ചിരിക്കുന്നതെങ്കില്‍ വരുമാനം സംബന്ധിച്ച വിവരങ്ങള്‍ അധികൃതരെ ധരിപ്പിക്കേണ്ട ആവശ്യമില്ല.

വിവാഹിതയായ ഒരു സ്ത്രീക്ക് സാമ്പത്തിക ഉറവിടം വ്യക്തമാക്കാതെ 500 ഗ്രാം വരെ സ്വര്‍ണം കൈവശം വയ്ക്കാം. എന്നാല്‍ അവിവാഹിതയായ സ്ത്രീക്ക് 250 ഗ്രാം വരെ സ്വര്‍ണമേ ഇത്തരത്തില്‍ കൈവശം വയ്ക്കാനാവൂ. കുടുംബത്തിലെ പുരുഷന് 100 ഗ്രാം സ്വര്‍ണം മാത്രമാണ് ഇത്തരത്തില്‍ കൈവശം വയ്ക്കാനാവുക. ഇതില്‍ കൂടുതല്‍ സ്വര്‍ണം കൈവശമുണ്ടെങ്കില്‍ വരുമാനത്തിന്റെ ഉറവിടം സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമാക്കേണ്ടതാണ്.അതേസമയം, ഏത് വരുമാന സ്രോതസ് വഴിയാണ് സ്വര്‍ണം കൈവശപ്പെടുത്തിയതെന്ന് വ്യക്തമാക്കുകയാണെങ്കില്‍ ഒരാള്‍ക്ക് എത്ര സ്വര്‍ണം വേണമെങ്കിലും കൈവശം വയ്ക്കാമെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് 2016 ഡിസംബറില്‍ വ്യക്തമാക്കിയിരുന്നു. പാരമ്പര്യമായി ലഭിച്ച സ്വര്‍ണത്തിനും സ്രോതസ് സുതാര്യത ബാധകമാണ്. ആദായ നികുതി നിയമത്തില്‍ ഒരാള്‍ക്ക് സ്വന്തമായി സൂക്ഷിക്കാവുന്ന സ്വര്‍ണത്തിന് പരിധി നിശ്ചയിച്ചിട്ടില്ല. പക്ഷേ നിശ്ചിത പരിധിക്കപ്പുറം സ്വര്‍ണം സൂക്ഷിക്കുന്നുണ്ടെങ്കില്‍ അതിനായുള്ള വരുമാന സ്രോതസ്സ് വ്യക്തമാക്കണമെന്ന് മാത്രം.

സ്വര്‍ണത്തിന്റെ അളവ് കൂടുതലാണെങ്കില്‍ വരുമാന സ്രോതസ്സ് പരിഗണിക്കേണ്ടതുണ്ട്. ആദായ നികുതി റിട്ടേണിനായി സമര്‍പിക്കുന്ന, ഇന്‍വെസ്റ്റ്‌മെന്റ് പ്രൂഫിന്റെ സഹായത്താല്‍ നിക്ഷേപത്തിന്റെ ഉറവിടം ഏതെന്ന് വ്യക്തമാക്കാന്‍ സാധിക്കും. എന്നാല്‍ പാരമ്പര്യമായോ ഉപഹാരമായോ ലഭിച്ച സ്വര്‍ണത്തിന്റെ കാര്യത്തില്‍ ഇത് വ്യത്യസ്തമാണ്. ഉപഹാരം നല്‍കിയതിനുള്ള രേഖകള്‍ (ഗിഫ്റ്റ് ഡീഡ്), ആദ്യ ഉടമയില്‍ നിന്ന് സ്വര്‍ണം സ്വന്തമാക്കിയപ്പോഴുള്ള റെസീപ്റ്റുകള്‍ എന്നിവ ആവശ്യമായി വരും. പാരമ്പര്യമായി ലഭിച്ചതാണെങ്കില്‍ കുടുംബത്തിലെ വസ്തുവകകള്‍ ഭാഗം വച്ചതിന്റെ രേഖകളോ വില്‍പത്രമോ മതിയാകും.

വ്യക്തിയുടെ വാര്‍ഷിക വരുമാനം 50 ലക്ഷം രൂപയില്‍ കൂടുതലാണെങ്കില്‍ ആഭരണങ്ങളുടെ മൂല്യം പ്രഖ്യാപിക്കുകയും വിശദാംശങ്ങള്‍ നല്‍കുകയും വേണം. വരുമാനത്തില്‍ പ്രഖ്യാപിച്ച മൂല്യവും ഭൗതികമായ വസ്തുവും തമ്മില്‍ പൊരുത്തക്കേട് ഉണ്ടാകരുതെന്നാണ് വ്യവസ്ഥയെങ്കിലും ഇക്കാര്യത്തില്‍ അത്ര കര്‍ശന സമീപനമല്ല ഇതുവരെ നിലവിലുള്ളതെന്നും ഈ വൈരുദ്ധ്യം മാറ്റാനുള്ള എന്തെല്ലാം ഉപായങ്ങളാണ് നിര്‍ദ്ദിഷ്ട പദ്ധതിയില്‍ ഉണ്ടാവുകയെന്നതാണ് സുപ്രധാന ചോദ്യമെന്നും ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാര്‍ പറയുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it