വീണ്ടും സാമ്പത്തിക പരിഷ്‌കാരങ്ങള്‍; കൂടുതല്‍ ബാങ്കുകളുടെ ലയനം പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രി

ലയനങ്ങള്‍:

  • പഞ്ചാബ് നാഷണല്‍ ബാങ്ക് + ഓറിയന്റല്‍ ബാങ്ക് ഓഫ് ഇന്ത്യ + യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ
  • കാനറ ബാങ്ക് + സിന്‍ഡിക്കേറ്റ് ബാങ്ക്
  • യൂണിയന്‍ ബാങ്ക് + ആന്ധ്ര ബാങ്ക് + കോര്‍പ്പറേഷന്‍ ബാങ്ക്
  • ഇന്ത്യന്‍ ബാങ്ക് + അലഹബാദ് ബാങ്ക്

വന്‍ സാമ്പത്തിക പരിഷ്‌കരണ നടപടികളുടെ ഭാഗമായി ബാങ്കുകളുടെ ലയനം പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. പത്ത് ബാങ്കുകള്‍ ലയിച്ച് നാലു വലിയ ബാങ്കുകളായി മാറും. ഇതോടെ രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെയെണ്ണം 12 ആയി ചുരുങ്ങും

പഞ്ചാബ് നാഷണല്‍ ബാങ്ക് , ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സ് , യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവ ലയിക്കുന്നതോടെ എസ്.ബി.ഐ കഴിഞ്ഞാല്‍ രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ ബാങ്ക് രൂപം കൊള്ളും. കാനറാബാങ്കും സിന്‍ഡിക്കേറ്റ് ബാങ്കും ലയിപ്പിച്ച് രാജ്യത്തെ നാലാമത്തെ ബാങ്കിംഗ് ശൃംഖലയാക്കി മാറ്റും.

യൂണിയന്‍ ബാങ്കും ആന്ധ്ര ബാങ്കും കോര്‍പ്പറേഷന്‍ ബാങ്കും ലയിപ്പിച്ച് ഒന്നാക്കും. ഇന്ത്യന്‍ ബാങ്കും അലഹബാദ് ബാങ്കും തമ്മില്‍ ലയിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. കൂടുതല്‍ ശക്തിയുള്ള കുറച്ചു ബാങ്കുകള്‍ മതിയെന്നതാണ് സര്‍ക്കാര്‍ നിലപാടെന്ന് ധനമന്ത്രി അറിയിച്ചു.

ബാങ്കുകള്‍ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കി.നേരത്തെ നടന്ന ലയനത്തിനുശേഷം ബാങ്ക് ഓഫ് ബറോഡ ശക്തമായ വളര്‍ച്ച കൈവരിച്ചു. ബാങ്കുകളുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഏകീകരണത്തില്‍ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് നിര്‍മല സീതാമാന്‍ പറഞ്ഞു. വായ്പ വര്‍ദ്ധിപ്പിക്കുന്നതിനു ശേഷിയുള്ളതാകണം വന്‍കിട ബാങ്കുകള്‍.

സാമ്പത്തിക ഉത്തേജനത്തിനായി നേരത്തെ പ്രഖ്യാപിച്ച ചില നടപടികള്‍ ഇതിനകം പ്രാവര്‍ത്തികമായിത്തുടങ്ങിയതായി ധനമന്ത്രി പറഞ്ഞു. എട്ട് പൊതുമേഖലാ ബാങ്കുകള്‍ റിപ്പോ റേറ്റ് ലിങ്ക്ഡ് ലോണ്‍ ഉല്‍പ്പന്നങ്ങള്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. എന്‍ബിഎഫ്സി, എച്ച്എഫ്സി എന്നിവയ്ക്കായുള്ള ഗാര്‍ഹിക ക്രെഡിറ്റ് ഗ്യാരണ്ടി പദ്ധതി ആരംഭിച്ചതായും 3,300 കോടി രൂപ അനുവദിച്ചതായും അവര്‍ അറിയിച്ചു.

സര്‍ക്കാര്‍ നടപ്പാക്കിയ പരിഷ്‌കാരങ്ങള്‍ കാരണം വായ്പാ റിക്കവറി ഭേദപ്പെട്ട നിലയിലെത്തിയെന്ന് നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ഈ സാമ്പത്തിക വര്‍ഷം 1.21 ലക്ഷം കോടി രൂപയുടെ തിരിച്ചുവരവാണ് ഉണ്ടായത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് 77,000 കോടി രൂപയായിരുന്നു. 18 പൊതുമേഖലാ ബാങ്കുകളില്‍ 14 ഉം പ്രവര്‍ത്തിക്കുന്നത് ലാഭത്തിലാണ്

മോശം വായ്പകളുടെ ആകെത്തുക ഒരു ലക്ഷം കോടി രൂപ കുറഞ്ഞ് 7.9 ലക്ഷം കോടി രൂപയായി. പ്രൊവിഷന്‍ കവറേജ് അനുപാതം ഏഴ് വര്‍ഷത്തെ ഉയര്‍ന്ന നിലയിലാണെന്നും ബാങ്ക് ഓഫ് ബറോഡ, ദേനാ ബാങ്ക്, വിജയബാങ്ക് ലയനം നല്ല ഫലങ്ങള്‍ക്ക് കാരണമായെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. വന്‍ വായ്പകള്‍ക്ക് പ്രത്യേക ഏജന്‍സികളുണ്ടാകും. വന്‍ വായ്പകള്‍ നല്‍കുന്നതിനും തിരിച്ചടവ് നിരീക്ഷിക്കുന്നതിനും പ്രത്യക സംവിധാനം ഏര്‍പ്പെടുത്തും. 250 കോടി രൂപയിലേറെയുള്ള വായ്പകള്‍ ഈ ഏജന്‍സിയുടെ ചുമതലയിലായിരിക്കും. ബാങ്ക് ലയനം ജീവനക്കാരെ ബാധിക്കില്ല.

പഞ്ചാബ് നാഷണല്‍ ബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സ്, യുണൈറ്റഡ് ബാങ്ക് എന്നിവ ഒരുമിച്ച് രണ്ടാമത്തെ വലിയ പൊതുമേഖലാ ബാങ്കായി മാറുന്നത് 17.95 ലക്ഷം കോടി രൂപയുടെ ബിസിനസ് ബലത്തോടെയാണ് . കാനറ ബാങ്കിന്റെയും സിന്‍ഡിക്കേറ്റ് ബാങ്കിന്റെയും ലയനം നെറ്റ്വര്‍ക്ക് ഓവര്‍ലാപ്പ് കാരണം ഏറ്റവും സാമ്പത്തിക കാര്യക്ഷമതയുള്ളതാകും. ലയനശേഷമുള്ള ബാങ്കിന് 15.2 ലക്ഷം കോടി രൂപയുടെ ബിസിനസും 10,342 ശാഖകളും സ്വന്തമാകും. മൂന്നാമത്തെ വലിയ ബ്രാഞ്ച് ശൃംഖലയായി മാറും ഇത്. യൂണിയന്‍ ബാങ്ക്, ആന്ധ്ര ബാങ്ക്, കോര്‍പ്പറേഷന്‍ ബാങ്ക് എന്നിവ ചേരുമ്പോള്‍ 9,609 ശാഖകളുള്ള നാലാമത്തെ വലിയ ബ്രാഞ്ച് ശൃംഖലയാകും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it