കൊറോണ പ്രതിരോധം: കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചത് തെറ്റായ ഉപദേശങ്ങളെന്ന് വിദഗ്ധര്‍

ആരോഗ്യ വിദഗ്ധരുടെ നര്‍ദ്ദേശങ്ങള്‍ കേള്‍ക്കാതെ ഉദ്യോഗസ്ഥ വൃന്ദത്തിന്റെ ഉപദേശ പ്രകാരമാണ് കേന്ദ്ര സര്‍ക്കാര്‍ കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കാന്‍ ശ്രമിച്ചതെന്ന വിമര്‍ശനവുമായി മൂന്ന് പ്രമുഖ മെഡിക്കല്‍ പ്രൊഫഷണല്‍ അസോസിയേഷനുകള്‍ രംഗത്ത്. രാജ്യത്ത് കോവിഡ് രോഗത്തിന്റെ സാമൂഹിക വ്യാപനമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും ഇതു നിഷേധിക്കുന്ന സര്‍ക്കാര്‍ നിലപാട് വസ്തുനിഷ്ഠമല്ലെന്നും ഇന്ത്യന്‍ പബ്ലിക് ഹെല്‍ത്ത് അസോസിയേഷന്‍, ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് പ്രിവന്റീവ് ആന്‍ഡ് സോഷ്യല്‍ മെഡിസിന്‍, ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് എപ്പിഡെമിയോളജിസ്റ്റ്‌സ് എന്നിവയുടെ സംയുക്ത പ്രസ്താവനയില്‍ പറയുന്നു.

ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയത് 'ക്രൂരമായാ'ണ്്. ആദ്യഘട്ടത്തില്‍ ആരോഗ്യമേഖലയെ ഉള്‍പ്പെടെ ബാധിക്കുന്ന തരത്തില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയത് മറ്റു ചികിത്സ തേടിയിരുന്നവര്‍ക്കു തിരിച്ചടിയായി.രോഗവ്യാപനം ചെറിയതോതിലായിരുന്ന ആദ്യഘട്ടത്തില്‍ത്തന്നെ അതിഥി തൊഴിലാളികളെ നാട്ടിലേക്കു മടങ്ങാന്‍ അനുവദിക്കണമായിരുന്നു. ഇപ്പോള്‍ മടങ്ങിപ്പോകുന്നവര്‍ രാജ്യത്തിന്റെ എല്ലാ കോണുകളിലേക്കും രോഗം എത്തിക്കുകയാണ്. ഇത് ഒഴിവാക്കണമായിരുന്നു. പൊതുആരോഗ്യ സംവിധാനം ദുര്‍ബലമായ ഗ്രാമീണമേഖലകളില്‍ ഇത്തരത്തില്‍ രോഗവ്യാപനം വര്‍ധിക്കുന്നത് ആശങ്കാജനകമാണ്.

ഭൂരിഭാഗം കേസുകളും ലക്ഷണങ്ങളില്ലാത്തതോ കുറച്ചു ലക്ഷണങ്ങള്‍ മാത്രമുള്ളതോ ആയതിനാല്‍ ആശുപത്രി ചികിത്സയേക്കാള്‍ വീടുകളില്‍ ചികിത്സ ലഭ്യമാക്കുന്നതാണ് ഉചിതമെന്നും ഇവര്‍ വ്യക്തമാക്കുന്നു. തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇടപെടല്‍ നടത്തി ജില്ലാ തലത്തില്‍ രോഗനിയന്ത്രണം സാധ്യമാക്കണം. രോഗവ്യാപനമുള്ള മേഖലകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കിക്കൊണ്ടു പൊതു ലോക്ഡൗണ്‍ ഒഴിവാക്കണം. പരിശോധന, കണ്ടെത്തല്‍, നിരീക്ഷണം, ഐസലേറ്റ് ചെയ്യല്‍ തുടങ്ങിയ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തമാക്കണം. സെന്റിനല്‍ നിരീക്ഷണത്തിലൂടെ ഹോട്സ്പോട്ടുകളും ക്ലസ്റ്ററുകളും കൃത്യമായി കണ്ടെത്തണം തുടങ്ങിയ നിര്‍ദേശങ്ങളാണ് സംഘടനകള്‍ മുന്നോട്ടുവയ്ക്കുന്നത്.

ജനങ്ങള്‍ക്കിടയിലിറങ്ങി പ്രവര്‍ത്തിച്ചു വൈദഗ്ധ്യമില്ലാത്ത ചില അക്കാദമിക് വിദഗ്ധര്‍, പൊതുസംവിധാനത്തില്‍നിന്നു ലഭിക്കുന്ന പരിമിതമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നല്‍കിയ ഉപദേശങ്ങളാണ് സര്‍ക്കാര്‍ ആദ്യഘട്ടത്തില്‍ സ്വീകരിച്ചത്. ഭരണാധികാരികള്‍ ചില ഉദ്യോഗസ്ഥരെ അമിതമായി ആശ്രയിച്ചു. ഒരു പ്രമുഖ സ്ഥാപനം അവതരിപ്പിച്ച മോഡലിന്റെ ചുവടുപിടിച്ചാണ് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതെന്നും ഇവര്‍ വിമര്‍ശിക്കുന്നു. രോഗവ്യാപനത്തെക്കുറിച്ച് ധാരണയുള്ള പകര്‍ച്ചവ്യാധി ചികിത്സാ വിദഗ്ധരുമായും മറ്റും കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിരുന്നെങ്കില്‍ പ്രതിരോധ സംവിധാനം കൂടുതല്‍ ഫലപ്രദമാകുമായിരുന്നു.

ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ സെന്റര്‍ ഫോര്‍ കമ്യൂണിറ്റി മെഡിസിനില്‍ പ്രവര്‍ത്തിക്കുന്ന ഡോ. ശശി കാന്ത്, ബനാറസ് ഹിന്ദു സര്‍വകലാശാല മുന്‍ പ്രൊഫസര്‍ ഡോ. ഡി.സി.എസ്. റെഡ്ഡി എന്നിവരാണ് പ്രസ്താവനയില്‍ ഒപ്പിട്ടവരില്‍ ചിലര്‍.കോവിഡ് -19 നിരീക്ഷണത്തിന് ഏപ്രിലില്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ഗ്രൂപ്പ് സമിതിയുടെ അദ്ധ്യക്ഷനായിരുന്നു ഡോ. റെഡ്ഡി, കാന്ത് അതിലെ അംഗവും.

പകര്‍ച്ചവ്യാധി നിയന്ത്രണം, പൊതുആരോഗ്യം, പ്രതിരോധമരുന്ന്, സാമൂഹിക സേവനം എന്നീ മേഖലകളില്‍ വൈദഗ്ധ്യമുള്ളവരുമായി ചര്‍ച്ച നടത്തണമായിരുന്നു. ഗവേഷകര്‍, പൊതുആരോഗ്യ വിദഗ്ധര്‍, പൊതുജനങ്ങള്‍ എന്നിവരുമായി സുതാര്യമായി വിവരങ്ങള്‍ പങ്കുവയ്ക്കണം. എന്നാല്‍ അത് ഇതുവരെ ഉണ്ടായിട്ടില്ലെന്നും സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. രാജ്യത്ത് കോവിഡ് -19 വ്യാപനം ഉടന്‍ ഇല്ലാതാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നത് യാഥാര്‍ത്ഥ്യ ബോധത്തോടെയല്ല. കാരണം ചിലയിടങ്ങളില്‍ വലിയ സമൂഹങ്ങളില്‍ തന്നെ ഇതിനകം തന്നെ രോഗം പടരുകയാണ് -ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it