സംസ്ഥാനങ്ങള്‍ക്ക് ജി.എസ്.ടി നഷ്ട പരിഹാരം: വാഗ്ദാനം നിറവേറ്റാനാകാതെ കേന്ദ്രം

ജി.എസ്.ടി ഇനത്തിലുള്ള നഷ്ട പരിഹാരം സംസ്ഥാനങ്ങള്‍ക്ക് നല്‍കാമെന്ന മുന്‍ വാഗ്ദാനത്തില്‍ നിന്ന് കേന്ദ്രം പിന്നോട്ടു പോകുന്നതായി സൂചന. 5250 കോടി രൂപ ജി.എസ്.ടി കുടിശ്ശിക കിട്ടാനുള്ള കേരളം പോലുള്ള സംസ്ഥാനങ്ങളെ സാരമായി ബാധിക്കും കേന്ദ്രത്തിന്റെ നിലപാടുമാറ്റം.

കോവിഡും ലോക്ക്ഡൗണും സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മൂലം ജി.എസ്.ടി സമാഹരണം താളം തെറ്റിയതോടെ സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത് തത്കാലം കേന്ദ്രസര്‍ക്കാര്‍ നിറുത്തിവച്ചേക്കുമെന്നാണു റിപ്പോര്‍ട്ട്. മൂന്നുവര്‍ഷം മുമ്പ് ജി.എസ്.ടി പ്രാബല്യത്തില്‍ വന്നപ്പോള്‍, 14 ശതമാനത്തിന് താഴെ നികുതി വരുമാന വളര്‍ച്ച കുറിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം കേന്ദ്രം നല്‍കുമെന്ന് വ്യവസ്ഥയുണ്ടാക്കിയിരുന്നു. ഈ വ്യവസ്ഥ നിലവിലെ സാഹചര്യത്തില്‍ പാലിക്കാനാവില്ലെന്നാണ് ധനമന്ത്രാലയ ഉദ്യോഗസ്ഥര്‍ പറയുന്നത്.

ജി എസ് ടി കൗണ്‍സില്‍ ആവശ്യമായ തുക വായ്പ എടുത്ത് സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്ന നിര്‍ദേശം ജി.എസ്.ടി കൗണ്‍സിലില്‍ കേരളം മുന്നോട്ടു വച്ചിരുന്നു. വായ്പ എടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഗ്യാരന്റി നില്‍ക്കണം. ജൂലൈയില്‍ ചേരുന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗം ഈ വിഷയം പരിഗണിക്കുമെന്നായിരുന്നു സൂചനയുണ്ടായിരുന്നത്. കേന്ദ്രത്തിന്റെ ജി.എസ്.ടി വരുമാനത്തില്‍ 87 ശതമാനം കുറവുണ്ട്. ഏപ്രില്‍, മേയ് മാസങ്ങളിലെ റിട്ടേണ്‍ നീട്ടിയതിനാല്‍ ഈ രണ്ടു മാസത്തെ വരുമാനം തിട്ടപ്പെടുത്തിയിട്ടില്ല.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2019-20) ലക്ഷ്യമിട്ട വരുമാനം സാമ്പത്തികമാന്ദ്യം മൂലം ജി.എസ്.ടിയിലൂടെ നേടാന്‍ കേന്ദ്രത്തിന് കഴിഞ്ഞിരുന്നില്ല. ഇതിനിടെയാണ്, നടപ്പുവര്‍ഷം കോവിഡ് പ്രതിസന്ധി വന്നത്. വാറ്റ്, എക്സൈസ്, ഭൂനികുതി തുടങ്ങിയവ ഉള്‍പ്പെടെ സംസ്ഥാനങ്ങളുടെ നികുതി വരുമാനവും ഇടിഞ്ഞിട്ടുണ്ടെന്നും അതുകൊണ്ട്, കേന്ദ്രത്തിന്റെ അവസ്ഥ സംസ്ഥാനങ്ങള്‍ക്ക് മനസിലാക്കാവുന്നതേയുള്ളൂ എന്നും ധനമന്ത്രാലയ ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെടുന്നു.

പ്രതിമാസം ശരാശരി ഒരു ലക്ഷം കോടി രൂപ നേടുകയാണ്, ജി.എസ്.ടി നടപ്പാക്കിയപ്പോള്‍ കേന്ദ്രം ഉദ്ദേശിച്ചത്. എന്നാല്‍ ഈ വര്‍ഷം ഏപ്രില്‍, മേയ് സമാഹരണം ഇതിന്റെ 45 ശതമാനത്തോളം മാത്രമാണ്. കഴിഞ്ഞയാഴ്ച ചേര്‍ന്ന ജി.എസ്.ടി കൗണ്‍സിലില്‍ അവതരിപ്പിച്ച കണക്ക് പ്രകാരം ഏപ്രിലില്‍ 32,172 കോടി രൂപയും മേയില്‍ 62,151 കോടി രൂപയുമാണ് മൊത്തം ജി.എസ്.ടി സമാഹരണം. 2019 മേയ് മാസത്തെ അപേക്ഷിച്ച്, കഴിഞ്ഞ മാസത്തെ സമാഹരണത്തിലെ ഇടിവ് 38 ശതമാനമാണ്.

ജനുവരിയില്‍ 1.10 ലക്ഷം കോടി, ഫെബ്രുവരിയില്‍ 1.05 ലക്ഷം കോടി, മാര്‍ച്ചില്‍ 97,597 കോടി, ഏപ്രിലില്‍ 32,172 കോടി എന്നിങ്ങനെയായിരുന്നു ജി.എസ്.ടി വരുമാനം. കഴിഞ്ഞവര്‍ഷം (2019-20) മൊത്തത്തില്‍ സംസ്ഥാനങ്ങളുടെ നികുതി വരുമാനം ഇടിഞ്ഞത് 23 ശതമാനമാണ്. ഈ വരുമാനനഷ്ടം കേന്ദ്രസര്‍ക്കാര്‍ നികത്തണമെന്നാണു നിബന്ധന.കേരളത്തിന് 10 ശതമാനത്തോളം നികുതി വരുമാനം കുറഞ്ഞപ്പോള്‍ ചെലവ് 15 ശതമാനം കൂടി. ഏറ്റവും കൂടുതല്‍ വരുമാനനഷ്ടം കുറിച്ച സംസ്ഥാനം പുതുച്ചേരിയാണ്- 57%, പഞ്ചാബ് : 46%, ജമ്മു കാശ്മീര്‍, ഹിമാചല്‍ : 41%, ഉത്തരാഖണ്ഡ് : 40%, ഛത്തീസ്ഗഢ് : 36%.

കേരളത്തില്‍ 370 കോടിയായിരുന്നു ഏപ്രിലിലെ നികുതി വരുമാനം. മേയ് മാസം നികുതി വരുമാനം 690 കോടിയായി വര്‍ദ്ധിച്ചു. വരുന്ന മാസങ്ങളില്‍ നികുതി വരുമാനത്തില്‍ മെച്ചമുണ്ടാകുമെങ്കിലും മുന്‍ വര്‍ഷത്തേ പോലെയാകില്ലെന്നാണ് ധനമന്ത്രി തോമസ് ഐസക്ക് പറയുന്നത്. 5250 കോടി രൂപ ജി.എസ്.ടി കുടിശ്ശിക കിട്ടാതെ കേരളത്തിനു പിടിച്ചുനില്‍ക്കാനാകില്ല. ഫെബ്രുവരി വരെയുള്ള വിഹിതമാണ് ഇതുവരെ ലഭിച്ചത്. മൂന്ന് മാസത്തെ ജി എസ് ടി കോമ്പന്‍സേഷനാണ് ലഭിക്കാനുളളത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it