ചൈനയില്‍ നിന്നുള്ള നിക്ഷേപത്തിന് വിലക്ക്: ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് തിരിച്ചടിയാവുമോ?
ഇന്ത്യയുടെ അയല്‍ രാജ്യങ്ങള്‍, പ്രത്യേകിച്ച് ചൈനയില്‍ നിന്നുള്ള നിക്ഷേപത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം രാജ്യത്തെ സ്റ്റാര്‍ട്ടപ്പുകളെ പ്രതികൂലമായി ബാധിക്കാനിട. ഇന്ത്യയിലെ 30 യൂണികോണ്‍ കമ്പനികളില്‍ (ഒരു ബില്യണ്‍ ഡോളറിലേറെ മൂല്യമുള്ള സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍) 18 എണ്ണത്തിലും ചൈനീസ് നിക്ഷേപമുണ്ട്.
അടുത്തിടെ പുറത്തുവിട്ട ഒരു റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ ടെക് സ്റ്റാര്‍ട്ടപ്പ് രംഗത്ത് ചൈനയ്ക്ക് നാല് ബില്യണ്‍ യുഎസ് ഡോളര്‍ നിക്ഷേപമുണ്ട്. തുക വെച്ച് നോക്കുമ്പോള്‍ ഇത് ചെറുതാണെങ്കിലും ടെക് കമ്പനികളുടെ സ്വഭാവവും അതിന്റെ വ്യാപ്തിയും വെച്ചുനോക്കുമ്പോള്‍ ഇതിന്റെ സ്വാധീനം വളരെ വലുതാണ്.
മാത്രമല്ല ഇന്ത്യയില്‍ വ്യാപകമായി ഉപയോഗിക്കുന്ന മൊബീല്‍ ആപ്പുകളുടെ മേഖലയിലും ചൈനീസ് സ്വാധീനം ശക്തമാണ്. ചൈനീസ് നിക്ഷേപമുള്ള പ്രമുഖ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളില്‍ ബൈജൂസ്, ബിഗ് ബാസ്‌കറ്റ്, ഡ്രീം 11, ഫഌപ്കാര്‍ട്ട്, ഹൈക്ക്, മേക്ക് മൈ ട്രിപ്പ്, ഓല, ഓയോ, പേ ടിഎം മാള്‍, പോളിസി ബസാര്‍, സ്‌നാപ് ഡീല്‍, സ്വിഗ്ഗി, സോമാറ്റോ എന്നീ പ്രമുഖരെല്ലാമുണ്ട്.
മൂല്യം കൊണ്ടല്ല, മറിച്ച് രാജ്യത്തെ സാധാരണക്കാരിലേക്ക് വരെ നീളുന്ന സ്വാധീനം കൊണ്ടാണ് ഇന്ത്യന്‍ ടെക് ലോകത്ത് ചൈന ആധിപത്യം സ്ഥാപിച്ചിരിക്കുന്നത്. ചൈനീസ് കമ്പനിയായ ബൈറ്റ്ഡാന്‍സിന്റെ ടിക് ടോക് ആപ്പ് രാജ്യത്ത് വളരെ പോപ്പുലറായ മൊബീല്‍ ആപ്പാണ്. ഷവോമി ഹാന്‍ഡ് സെറ്റ് സാംസംങിനേക്കാള്‍ വിപണി ഇന്ത്യയില്‍ നേടിയിട്ടുണ്ട്. ഹുവാവയുടെ റൂട്ടറുകളാണ് രാജ്യത്ത് വ്യാപകമായി ഉപയോഗിക്കുന്നത്.
ബൈജൂസ്, ഓയോ, ഓല തുടങ്ങിയവ അടക്കം 92 ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളില്‍ ആലിബാബ, ബൈറ്റ്ഡാന്‍സ്, ടെന്‍സെന്റ് എന്നിവര്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. ചൈന ഇന്ത്യന്‍ സമൂഹത്തിലും ടെക്‌നോളജി ലോകത്തും അസാധാരണമായ വിധത്തില്‍ ഇതിനകം പിടിമുറുക്കിയിട്ടുണ്ട്.
രാജ്യത്ത് സ്ഥാപിച്ച റെയ്ല്‍വേ ലൈന്‍ പോലെയോ തുറമുഖം പോലെ എല്ലാവര്‍ക്കും കാണാന്‍ പറ്റുന്ന ഒന്നല്ല ചൈനയുടെ രാജ്യത്തെ നിക്ഷേപം. പക്ഷേ അതിന്റെ സ്വാധീനം അതിശക്തമാണ് താനും.
ഇ കോമേഴ്‌സ്, ഫിന്‍ടെക്, മീഡിയ/സോഷ്യല്‍ മീഡിയ, അഗ്രിഗേഷന്‍ സേവനങ്ങള്‍, ലോജിസ്റ്റിക്‌സ്, എഡ്യുടെക് തുടങ്ങിയ മേഖലകളിലെല്ലാമുള്ള സ്റ്റാര്‍ട്ടപ്പുകളില്‍ ചൈനീസ് നിക്ഷേപമുണ്ട്. ചൈനീസ് കമ്പനികള്‍ ചൈനയിലെ പ്രവര്‍ത്തന രംഗത്ത് ഡാറ്റകളുടെ സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തുമ്പോള്‍ ഇന്ത്യയില്‍ സ്ഥിതി അതല്ല. രാജ്യത്തെ കമ്പനികളുടെ ഡാറ്റകള്‍ പലവിധത്തില്‍ ചോരാന്‍ സാഹചര്യം നിലനില്‍ക്കുമ്പോള്‍ ഇന്ത്യയിലെ ടെക് കമ്പനികളുടെ രംഗത്തെ ചൈനയുടെ നിക്ഷേപം അതിന്റെ തുകയുടെ മൂല്യം കൊണ്ട് മാത്രം അളക്കാനുമാവില്ല.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline