കൊറോണ ഭീഷണിയില്‍ തകര്‍ന്ന് കാര്‍ഷികമേഖല
സാമ്പത്തികപ്രതിസന്ധിയിലും
വിളകളുടെ വിലയിടിയിവിലും പെട്ട് ദുരിതത്തിലായിരുന്ന കര്‍ഷകര്‍ക്ക് കനത്ത
പ്രഹരമായി കൊറോണ വൈറസ്. റബര്‍, കുരുമുളക്, ഏലം തുടങ്ങിയവയുടെ ഡിമാന്റ്
കുറയുകയും വില ഇടിയുകയും ചെയ്തതോടെ മലയോരമേഖലകളിലും ഗ്രാമങ്ങളിലുമുള്ള
കര്‍ഷകര്‍ കടുത്ത സാമ്പത്തികപ്രതിസന്ധിയിലാണ്. കാരണം ഇവരില്‍ ബഹുഭൂരിപക്ഷം
പേര്‍ക്കും കൃഷി മാത്രമാണ് ഉപജീവനമാര്‍ഗ്ഗം.
''കമ്മോഡിറ്റി
മേഖല കടുത്ത സമ്മര്‍ദ്ദത്തിലൂടെയാണ് കടന്നുപോകുന്നത്. റബര്‍, കുരുമുളക്,
ഏലം ഇവ മൂന്നും കേരളത്തില്‍ നിന്ന് കയറ്റുമതി ചെയ്യുന്ന കമ്മോഡിറ്റികളില്‍
മുന്നില്‍ നില്‍ക്കുന്നത് എന്നതിനാല്‍ രാജ്യാന്തരവിപണിയിലെ പ്രശ്‌നങ്ങള്‍
ഏറ്റവും ഗുരുതരമായി ബാധിച്ചിരിക്കുന്നത് ഇവയെയാണ്. ഏലത്തിന്റെ വിലയിലാണ്
കൊറോണ ബാധയെത്തുടര്‍ന്ന് ഏറ്റവുമധികം ഇടിവുണ്ടായിരിക്കുന്നത്. 45
ശതമാനത്തോളം കുറവുണ്ടായി. കൊറോണ വ്യാപകമാകുന്നതിന് മുമ്പ് ജനുവരി ആദ്യം
ഏലത്തിന്റെ വില 3800 രൂപയായിരുന്നെങ്കില്‍ ഇന്ന് 2642 രൂപ മാത്രമാണ്.''
ചോയ്‌സ് ഇക്വിറ്റി ബ്രോക്കിംഗിലെ റിസര്‍ച്ച് അനലിസ്റ്റായ മുരുകേഷ് കുമാര്‍
പറയുന്നു.
റബര്‍ വില ഇനിയും കുറഞ്ഞേക്കും
റബര്‍
വില ഉയരുമെന്ന പ്രവചനങ്ങള്‍ക്കിടയിലാണ് കൊറോണ വൈറസ് കടന്നുവരുന്നത്. വൈറസ്
വാഹനമേഖലയിലുള്‍പ്പടെ റബര്‍ ഉപഭോഗം താഴ്ത്തിയതോടെ കുറഞ്ഞ വില ഇനിയും
താഴ്‌ന്നേക്കുമെന്നാണ് കണക്കുകളും വിശകലനങ്ങളും നല്‍കുന്ന സൂചന. വൈറസ് ബാധ
വന്നതോടെ ചൈനയിലെ വാഹനവിപണി തകര്‍ന്നുകിടക്കുകയാണ്. ഫാക്ടറികള്‍
അടഞ്ഞുകിടക്കുന്നു.
''കാര്‍ഷികോല്‍പ്പന്നങ്ങളുടെ
വിലയെ കാര്യമായി ബാധിച്ചിട്ടുണ്ട്. റബര്‍ RSS4 ഗ്രേഡിന്റെ വില ഇന്നലെ
ക്വിന്റലിന് 13000 രൂപയായിരുന്നു. എന്നാല്‍ ജനുവരി പകുതിയില്‍ 13700
രൂപയായിരുന്നു. കുരുമുളകിന്റെ വിലയില്‍ 13 ശതമാനം ഇടിവുണ്ടായിട്ടുണ്ട്.
ജനുവരി മധ്യത്തില്‍ ക്വിന്റലിന് 34400 രൂപയായിരുന്നത് കുറഞ്ഞ് ഇന്നലെ 29900
രൂപയിലെത്തി. ഏലത്തിനാണ് ഏറ്റവും തിരിച്ചടിയുണ്ടായത്. ജനുവരി പകുതിയില്‍
കിലോഗ്രാമിന് 3937 രൂപയില്‍ നിന്ന് ഇന്നലെ 2664 രൂപയിലെത്തി.'' അക്യൂമെന്‍
കാപ്പിറ്റല്‍ മാര്‍ക്കറ്റ് ഇന്ത്യ ലിമിറ്റഡിന്റെ ഓണ്‍ലൈന്‍ ബിസിനസ് വിഭാഗം
ഡയറക്റ്ററായ ശരത് എസ് പിള്ള പറയുന്നു.
റബറിന്റെ
ആഭ്യന്തര ഡിമാന്റിലും കുറവുവന്നു. ഇന്ത്യയില്‍ ഏതാനും മാസങ്ങളായി
മാന്ദ്യത്തിലായിരുന്നു വാഹനവിപണിയും ഉല്‍പ്പാദനവും. ചൈനയില്‍ നിന്നുള്ള
ഘടകഭാഗങ്ങളുടെ സപ്ലൈ തകരാറിലായതോടെ ഇന്ത്യയുടെയും മറ്റ് രാജ്യങ്ങളുടെയും
വാഹനഉല്‍പ്പാദനം കുറഞ്ഞു. ഇതോടെ പ്രകൃതിദത്ത റബറിന്റെ ആഗോള സപ്ലൈ 2.7
ശതമാനം വര്‍ധിച്ച് ഈ വര്‍ഷം 14.177 മില്യണ്‍ ടണ്‍ ആയി ഉയരുമെന്ന
അസോസിയേഷന്‍ ഓഫ് നാച്ചുറല്‍ റബര്‍ പ്രൊഡ്യുസിംഗ് കണ്‍ട്രീസ് പുറത്തുവിട്ട
കണക്ക് അപ്രസക്തമായി.
രാജ്യത്ത് ഏറ്റവും
കൂടുതല്‍ റബര്‍ ഉല്‍പ്പാദിപ്പിക്കുന്ന സംസ്ഥാനം കേരളം ആയതിനാല്‍ ഇത്
ഏറ്റവും പ്രഹരമാകുക കേരളത്തിന് തന്നെ. ചുടേറിയ കാലാവസ്ഥ
ഉല്‍പ്പാദനക്ഷമതയെയും ബാധിച്ചിട്ടുണ്ട്. സാധാരണഗതിയില്‍ ഉല്‍പ്പാദനം
കുറയുമ്പോള്‍ വില കൂടേണ്ടതാണെങ്കിലും വൈറസ് ആ സാധ്യതയും ഇല്ലാതാക്കി.
''രാജ്യാന്തരവിപണിയില്‍ ഡിമാന്റ് ഇടിഞ്ഞതിനാല്‍ റബറിന് 15 രൂപയോളം കുറഞ്ഞിട്ടുണ്ട്. മറ്റ് വിളകളുടെ വിലയും കുത്തനെ ഇടിഞ്ഞിരിക്കുന്നു. പണിക്കൂലി കൊടുക്കാനുള്ളതുപോലും കിട്ടുന്നില്ല. എങ്ങനെ മുന്നോട്ടുപോകും എന്നറിയാത്ത അവസ്ഥയിലാണ്. പല കൃഷിക്കാരും പിടിച്ചുനില്‍ക്കാനാതെ തോട്ടം വില്‍ക്കുകയാണ്. എന്നാല്‍ സ്ഥലത്തിന് ഡിമാന്റും വിലയുമില്ലാത്ത സാഹചര്യമാണ്. പ്ലോട്ട് ആയി തിരിച്ചുകൊടുത്താല്‍ വില കിട്ടിയേക്കാം. എന്നാല്‍ ഉള്‍പ്രദേശങ്ങളില്‍ അതിനും സാധ്യതകളില്ലല്ലോ'' കോട്ടയം കടുത്തുരുത്തിയിലെ കര്‍ഷകനായ ബെന്നി ആനിത്താനം പറയുന്നു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline