പ്രതിസന്ധികളെ മറികടക്കാം, കേരളമേ ശ്രദ്ധിക്കൂ ഇക്കാര്യങ്ങള്‍

കെ.വി ഷംസുദ്ദീന്‍

ഗള്‍ഫിലെ സാഹചര്യങ്ങള്‍ മാറുകയാണ്. കഴിഞ്ഞ കാലത്തെ കാര്യങ്ങള്‍ ചിന്തിച്ച് മുന്നോട്ടുപോയാല്‍ കേരളവും വിദേശരാജ്യങ്ങളില്‍ തൊഴില്‍ തേടുന്നവരും നിരാശരാകും. മാറി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യേണ്ട കാലമാണിതെന്ന് പറയുന്നു പ്രവാസി ബന്ധു വെല്‍ഫെയര്‍ ട്രസ്റ്റ് ചെയര്‍മാനും ബര്‍ജീല്‍ ജിയോജിത് സെക്യൂരിറ്റീസ് ഡയറക്റ്ററുമായ കെ.വി ഷംസുദ്ദീന്‍.

പ്രവാസികളുടെ ധനകാര്യ സമീപനം മാറ്റുന്നതിനായി ദശാബ്ദങ്ങള്‍ നീണ്ട പ്രവര്‍ത്തനം കാഴ്ചവെച്ചിട്ടുള്ള ഷംസുദ്ദീന്‍ ലോകരാജ്യങ്ങളില്‍ നിന്ന് താന്‍ നേടിയ അനുഭവപരിചയത്തിന്റെ അടിസ്ഥാനത്തില്‍ കേരളം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വിശദീകരിക്കുന്നു

ഗള്‍ഫ് രാജ്യങ്ങളിലെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ അവിടത്തെ രണ്ടു മൂന്നു ഘടകങ്ങള്‍ നാം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഒന്ന് എണ്ണ വിലയിടിവ്. രണ്ടാമത്തേത്, പൊതുവേ സൗഹാര്‍ദ്ദത്തിലും ഒരുമയിലും കഴിഞ്ഞിരുന്നവയാണ് ഗള്‍ഫ് രാജ്യങ്ങള്‍.

എന്നാല്‍ ഖത്തര്‍ ഒറ്റപ്പെട്ടതോടെ യുഎഇയിലെ ബിസിനസുകളെ അത് പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഖത്തര്‍ ഒട്ടനവധി ആവശ്യങ്ങള്‍ക്കായി യുഎഇയെ ആശ്രയിച്ചിരുന്നു. മൂന്നാമത്തേത്, യെമനിലെ ആഭ്യന്തരകലഹത്തില്‍ ഇടപെട്ടതോടെ ജിസിസി രാജ്യങ്ങള്‍ക്ക് വലിയ ചെലവ് അതിലൂടെ വരുന്നുണ്ട് എന്നതാണ്.

ഇത്തരം കാര്യങ്ങളാണ് പ്രധാനമായും ആ രാജ്യങ്ങളില്‍ ഒരു ബിസിനസ് തളര്‍ച്ചയ്ക്ക് കാരണമായത്. ഇതോടൊപ്പം സൗദി അറേബ്യ പോലുള്ളവയില്‍ നടപ്പാക്കിയ 100 ശതമാനം സ്വദേശിവല്‍ക്കരണം ധാരാളം വിദേശികള്‍ക്ക്, പ്രത്യേകിച്ച് മലയാളികള്‍ക്ക് തൊഴില്‍ നഷ്ടമുണ്ടാകാനും കാരണമായിട്ടുണ്ട്. എന്നാല്‍ ഇത് ഗള്‍ഫിലെ അവസരങ്ങളുടെ അവസാനമല്ല. രജതരേഖകള്‍ ഇനിയും കാണാനുണ്ട്.

ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ബജറ്റാണ് 2019ല്‍ സൗദി അറേബ്യ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതു വരെ സൗദി അറേബ്യ ഗൗരവമായി ചിന്തിക്കാത്ത പല കാര്യങ്ങളും അവര്‍ നടപ്പാക്കാന്‍ ഒരുങ്ങുന്നു. അതിലൊന്ന് അസംസ്‌കൃത എണ്ണ അതേ പടി കയറ്റി അയക്കാതെ അതില്‍ നിന്ന് പരമാവധി മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ച് കയറ്റുമതി ചെയ്യുക എന്നതാണ്. അസംസ്‌കൃത എണ്ണയില്‍ നിന്ന് പരമാവധി മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളും ഉപോല്‍പ്പന്നങ്ങളും നിര്‍മിക്കാന്‍ വന്‍കിട സംവിധാനങ്ങളാണ് ആ രാജ്യത്ത് സൃഷ്ടിക്കപ്പെടാന്‍ പോകുന്നത്. ഇതോടൊപ്പം സൗദിയില്‍ ഒട്ടനവധി പ്രകൃതി വിഭവങ്ങളുണ്ട്. അവയുടെ ഖനനം പ്രോത്സാഹിപ്പിക്കാനും മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുണ്ടാക്കാനും തയ്യാറെടുക്കുന്നു.

ഇത്തരത്തിലുള്ള വ്യാവസായിക മുന്നേറ്റം നടക്കുമ്പോള്‍ തദ്ദേശവാസികള്‍ മാത്രം മതിയാകില്ല ജോലികള്‍ക്ക്. ഉയര്‍ന്ന ജീവിത നിലവാരമുള്ള സ്വദേശികള്‍ ആയാസകരമായ ജോലികളില്‍ അധികമായി ഏര്‍പ്പെടുമെന്നും പ്രതീക്ഷിക്കാന്‍ പാടില്ല. അപ്പോള്‍ വിദേശികള്‍ വേണ്ടിവരും.

മാത്രമല്ല, ഗള്‍ഫ് രാജ്യങ്ങളില്‍ ഭവന നിര്‍മാണ മേഖലയില്‍ വന്‍ പദ്ധതികളുണ്ട്. ഇവയെല്ലാം ലാഭകരമായി മുന്നോട്ടു പോകണമെങ്കില്‍ വിദേശികള്‍ വേണം. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി വിദ്യാഭ്യാസ യോഗ്യതയും നൈപുണ്യവു മുള്ളവര്‍ക്കാവും ഇനി അവിടെ മികച്ച അവസരങ്ങള്‍ ലഭിക്കുക.

2020ല്‍ ദുബായിയില്‍ നടക്കുന്ന വേള്‍ഡ് എക്‌സ്‌പോയും 2022ല്‍ ഖത്തര്‍ ആതിഥ്യം വഹിക്കാനൊരുങ്ങുന്ന ലോകകപ്പ് ഫുട്‌ബോളും ജിസിസിയില്‍ വലിയ ചലനം സൃഷ്ടിക്കും. ടൂറിസം അടക്കമുള്ള മേഖലകളില്‍ ഉണര്‍വുണ്ടാകും. ഇത് പ്രവാസി മലയാളി സമൂഹത്തെ സംബന്ധിച്ചിടത്തോളവും ശുഭ സൂചനകളാണ്.

കേരളം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ബിസിനസ് സംബന്ധമായും അല്ലാതെയും നിരവധി രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. ലോകത്തെ പല രാജ്യങ്ങളിലെയും നല്ല കാര്യങ്ങള്‍ കാണുമ്പോള്‍ നമ്മുടെ നാടും ഇങ്ങനെ ആയെങ്കിലെന്ന് ആശിച്ചുപോകും. ഓരോ രാജ്യങ്ങളും തങ്ങളുടെ പരമ്പരാഗത ശേഷിപ്പുകള്‍ നിലനിര്‍ത്തുന്നതിനും പ്രകൃതി വിഭവങ്ങള്‍ സംരക്ഷിക്കുന്നതിനും കാണിക്കുന്ന ജാഗ്രത നമ്മെ അത്ഭുതപ്പെടുത്തും. എന്നാല്‍ നാം അത്തരം കാര്യങ്ങളില്‍ കുറ്റകരമായ അലംഭാവമാണ് കാണിക്കുന്നത്. കേരളം അതിന്റെ തനത് സംസ്‌കൃതിയും ഭക്ഷണവുമെല്ലാം നല്‍കി സഞ്ചാരികള്‍ക്ക് വേറിട്ട അനുഭവമാകാന്‍ ശ്രദ്ധിക്കണം.

ധൂര്‍ത്ത് ആപത്ത്

ധൂര്‍ത്താണ് മലയാളികള്‍ നേരിടുന്ന മറ്റൊരു പ്രശ്‌നം. ഒരു ദിവസം 191 കോടി രൂപ പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്നുണ്ടെന്നാണ് കണക്ക്. കഴിഞ്ഞ 14 വര്‍ഷത്തിനിടയില്‍ എട്ട് ലക്ഷം കോടി രൂപയാണ് പ്രവാസികള്‍ വഴി കേരളത്തിലേക്ക് ഒഴുകിയതെന്ന് കണക്കുകള്‍ പറയുന്നു. ഇതില്‍ പത്തുശതമാനം ഉല്‍പ്പാദനപരമായി നിക്ഷേപിച്ചിരുന്നുവെങ്കില്‍ പോലും 80,000 കോടിയുടെ നിക്ഷേപം സംസ്ഥാനത്ത് വരുമായിരുന്നു. എന്നാല്‍ അങ്ങനെ സംഭവിക്കുന്നില്ല.

നിലവില്‍ ഗള്‍ഫില്‍ നിന്നുള്ള വരുമാനത്തിന് നേരിടുന്ന ഏതൊരു പ്രതിസന്ധിയും സംസ്ഥാനത്തിന്റെ സ്ഥിതി അതിദയനീയമാക്കും. കച്ചവടങ്ങള്‍ പൂട്ടിപോകും. സര്‍ക്കാരിന് കിട്ടുന്ന നികുതിയില്‍ കുറവ് വരും. പ്രവാസികളില്‍ നിന്നുള്ള പണം ഏതെങ്കിലും സാഹചര്യത്തില്‍ നിലച്ചുപോയാല്‍ പിടിച്ചാല്‍ കിട്ടാത്ത അവസ്ഥയിലേക്ക് സംസ്ഥാനം നീങ്ങും.

നിലവില്‍ വിദേശത്തു നിന്ന് നമ്മുടെ നാട്ടിലേക്ക് അയക്കുന്ന സമ്പത്തിനെ വേണ്ട രീതിയില്‍ വിനിയോഗിക്കുന്നതില്‍ നാം എത്രകണ്ടു വിജയിച്ചുവെന്നതും പ്രസക്തമാണ്. അതുപോലെ തന്നെ വിദേശത്തു പോയി വാണിജ്യ, വ്യവസായ, സേവന മേഖലയില്‍ ജോലി ചെയ്തവരുടെ അനുഭവ സമ്പത്ത് ഉപകാരപ്പെടുത്തുന്നതിലും നാം വലിയ വീഴ്ചയാണ് വരുത്തിയിരിക്കുന്നത്. പ്രവാസികളുടെ അനുഭവസമ്പത്തിനെയും അവര്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിനെയും കൃത്യമായി ഉപയോഗപ്പെടുത്താന്‍ സാധിച്ചിരുന്നുവെങ്കില്‍ നമ്മുടെ നാടിന്റെ സ്ഥിതി മറ്റൊന്നാകുമായിരുന്നു.

പ്രവാസികളുടെ കൃത്യമായ കണക്ക് പോലും നമ്മുടെ സര്‍ക്കാരിന്റെയോ നോര്‍ക്കയുടെയോ കൈയില്‍ ഇല്ല. 2017ല്‍ എഴുപതിനായിരം കോടി രൂപയോളം പ്രവാസികള്‍ കേരളത്തിലേക്ക് അയച്ചിട്ടുണ്ട്. നമ്മുടെ നിക്ഷേപങ്ങള്‍ പ്രധാനമായും ഭൂമിയിലും സ്വര്‍ണത്തിലുമാണ്. കേരളീയ ജനസംഖ്യയില്‍ പത്തുശതമാനത്തോളം വരുന്ന പ്രവാസികള്‍ അയക്കുന്ന പണത്തിന്റെ 89 ശതമാനവും പ്രത്യുല്‍പ്പാദന പരമല്ലാത്ത വിധത്തില്‍ ചെലവാകുന്നു.

എന്തേ നമ്മള്‍ ഇങ്ങനെ ചിന്തിക്കുന്നില്ല!

മറ്റു രാജ്യങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ പ്രകടമാകുന്ന ഒരു വസ്തുതയുണ്ട്. ഒരു പ്രദേശത്തെ വിഭവങ്ങള്‍ എന്താണോ അതുമായി ബന്ധപ്പെട്ട വ്യവസായങ്ങളും ഉല്‍പ്പാദന പ്രക്രിയകളുമാകും കാണുക. നിര്‍ഭാഗ്യവശാല്‍ കേരളം ഇതില്‍ നിന്ന് വ്യത്യസ്തമാണ്. നമ്മള്‍ വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യയില്‍ തായ്‌ലന്റ് പോലുള്ള രാജ്യങ്ങള്‍ നാളികേര ചിപ്‌സൊക്കെ ഉണ്ടാക്കുമ്പോള്‍ നമ്മള്‍ നാളികേരത്തില്‍ നടത്തുന്ന മൂല്യവര്‍ധന പരിമിതമാണ്.

സര്‍ക്കാര്‍ മുന്‍കൈയെടുത്താല്‍ നിലവില്‍ പ്രവാസ ജീവിതം അനുഭവിക്കുന്നവരുടെ അനുഭവ സമ്പത്തിനെ ഗുണപരമായി ചൂഷണം ചെയ്തുകൊണ്ട് വികസിപ്പിക്കാവുന്ന ചില മേഖലകളുണ്ട്. വിദ്യാഭ്യാസമാണ് അതിലൊന്ന്. കേരളത്തില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്കു പോലും പഠിക്കാവുന്ന നിലവാരമുള്ള സ്‌കൂള്‍, കോളെജ് കാമ്പസുകള്‍ സൃഷ്ടിച്ചാല്‍ ഒരേസമയം നമ്മുടെ വിദ്യാഭ്യാസ നിലവാരം ഉയരും. വിനോദസഞ്ചാര മേഖലയും പുഷ്ടിപ്പെടും.

ആതുര ശുശ്രൂഷാ രംഗത്തും സാധ്യതകളുണ്ട്. മറ്റൊന്ന് വിനോദസഞ്ചാര മേഖലയാണ്. കേരള സര്‍ക്കാര്‍ മതിയായ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി ഓരോ മേഖലയും ഓരോ കാര്യങ്ങള്‍ക്കായി ഇയര്‍മാര്‍ക്ക് ചെയ്തിരിക്കണം. വിദ്യാഭ്യാസം, വിനോദ സഞ്ചാരം, ആതുര ശുശ്രൂഷ എന്നീ മൂന്ന് മേഖലകളെ സംയോജിതമായി വളര്‍ത്തിയെടുക്കുന്നതിലൂടെ നിലവില്‍ പ്രവാസികള്‍ അയക്കുന്നതിനേക്കാള്‍ വലിയ തുക കേരളത്തില്‍ നിന്നു തന്നെ നേടിയെടുക്കാന്‍ സാധിക്കും.

സര്‍ക്കാരിന് വേണമെങ്കില്‍ ചെറിയ ചെറിയ കമ്പനികള്‍ രൂപീകരിച്ച്, പ്രവാസികളുടെ നിക്ഷേപം കൂടി സ്വീകരിച്ച് ഈ മാതൃക വികസിപ്പിച്ചെടുക്കാവുന്നതേയുള്ളൂ.

വിനോദ സഞ്ചാര രംഗത്ത് നാം മുന്നേറണമെങ്കില്‍ ഓരോ സഞ്ചാരിയില്‍ നിന്നും പരമാവധി നേട്ടമുണ്ടാക്കുന്ന സാധ്യതകള്‍ ഇവിടെ വേണം. അവര്‍ക്കെതിരായി നടക്കുന്ന ഓരോ കാര്യത്തിനും പരമാവധി ശിക്ഷ നല്‍കണം. മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ വേണം. പ്രവാസികളെക്കൂടി കൂടെ നിര്‍ത്തി മികച്ച മാതൃകകള്‍ സൃഷ്ടിക്കണം.

സാധ്യതകള്‍ അവസാനിക്കുന്നില്ല

മലയാളികള്‍ക്ക് നെല്‍ ചെടിയുടെ സ്വഭാവമാണ്. പറിച്ചു നട്ടാല്‍ തഴച്ചു വളരും. അതുകൊണ്ടാണ് സ്വന്തം നാട്ടില്‍ കഠിനാധ്വാനം ചെയ്യാന്‍ മടിക്കുന്നവര്‍ അന്യദേശത്ത് പോയി കഷ്ടപ്പെടുന്നതും സമ്പത്ത് ആര്‍ജ്ജിക്കുന്നതുമെല്ലാം. പ്രവാസ ജീവിതം കൊണ്ടുണ്ടായ ഒരു ദോഷം, ചില തൊഴിലുകള്‍ നമുക്ക് മാന്യമല്ലാത്തതായി എന്നതാണ്. പ്രതിവര്‍ഷം 27000 കോടി രൂപ കേരളത്തില്‍ വിവിധ ജോലികള്‍ ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ സ്വദേശത്തേക്ക് അയക്കുന്നുണ്ടെന്നാണ് കണക്ക്. ഈ ജോലികള്‍ മലയാളിക്ക് ചെയ്യാന്‍ പറ്റാത്തതോ അറിയാത്തതോ അല്ല. നാം ചെയ്യില്ലെന്ന് തീരുമാനിച്ചവ മാത്രമാണ്.

സൗദിയില്‍ വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് എടുക്കാമെന്ന നിയമം വന്നതോടെ അവിടെ ഹൗസ് ഡ്രൈവര്‍ തസ്തികയില്‍ ജോലി ചെയ്തിരുന്ന ഒരുപാട് മലയാളികള്‍ക്ക് ജോലി നഷ്ടമാകും. ഇവരൊക്കെ തിരിച്ചെത്തിയാല്‍ ജീവിക്കാന്‍ തൊഴില്‍ കണ്ടെത്താന്‍ പ്രയാസമാകും. ഒന്നു മാറി ചിന്തിച്ചാല്‍ പക്ഷേ ഇതൊന്നും ബുദ്ധിമുട്ടുമാകില്ല.

അതുപോലെ തന്നെ വിദേശ രാജ്യങ്ങളില്‍ ഇനി വേണ്ടത് വൈദഗ്ധ്യമുള്ള ജീവനക്കാരെയാണ്. രാജ്യാന്തരതലത്തില്‍ അംഗീകാരമുള്ള കോഴ്‌സുകള്‍ കേരളത്തില്‍ നടത്തി അത്തരം സര്‍ട്ടിഫിക്കറ്റുകളുമായി വേണം വിദേശത്ത് തൊഴില്‍ അന്വേഷിക്കാന്‍. നമ്മുടെ മനുഷ്യവിഭവ ശേഷിയുടെ നൈപുണ്യം വികസിപ്പിക്കാന്‍ കേന്ദ്രാവിഷ്‌കൃത പദ്ധതികളെല്ലാം മികച്ച രീതിയില്‍ വിനിയോഗിക്കണം.

ഇതോടൊപ്പം വേണ്ട മറ്റൊരു കാര്യമാണ് സാമ്പത്തിക ആസൂത്രണം. പണം ബുദ്ധിപൂര്‍വ്വം നിക്ഷേപിക്കാനും വിനിയോഗിക്കാനും പ്രവാസി മലയാളികള്‍ പഠിക്കണം. എന്റെ അനുഭവത്തില്‍, നിരന്തര ബോധവല്‍ക്കരണത്തിലൂടെ ഇത് സാധ്യമാക്കാവു ന്നതേയുള്ളൂ. ഇന്ത്യന്‍ ജനസംഖ്യയുടെ 2.5 - 3 ശതമാനം വരുന്ന മലയാളികളാണ് ഇന്ത്യയില്‍ മൊത്തം വിറ്റഴിയുന്ന സ്വര്‍ണത്തിന്റെ 20 ശതമാനത്തോളം വാങ്ങി ഉപഭോഗിക്കുന്നത്.

പുനരുല്‍പ്പാദനപരമല്ലാത്ത മേഖലകളില്‍ നിക്ഷേപിക്കുന്നതും മികച്ച നേട്ടം നല്‍കുന്ന മേഖലകളെ അവഗണിക്കുന്നതും മലയാളികള്‍ അവസാനിപ്പിക്കേണ്ട സ്വാഭാവമാണ്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it