വിപണിയിൽ ചാഞ്ചാട്ടം തുടരുന്നു; പണലഭ്യത സംബന്ധിച്ച ആശങ്ക ഒഴിയുന്നില്ല

ഓഹരി വിപണിയില്‍ ചാഞ്ചാട്ടം തുടരുന്നു. നഷ്ടത്തിലാണ് സെന്‍സെക്‌സ് വ്യാപാരം ആരംഭിച്ചത്. എന്നാൽ ഉച്ചയ്ക്ക് ശേഷം സൂചിക നില മെച്ചപ്പെടുത്തി. നിഫ്റ്റി 11,000 നും 10,000 ഇടയിൽ ട്രേഡിങ്ങ് നടന്നുകൊണ്ടിരിക്കുന്നു.

ഒരു ഘട്ടത്തിൽ സ്വകാര്യ ബാങ്കായ യെസ് ബാങ്കിന്റെ ഓഹരി വില ഒരു വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ദിവാന്‍ ഹൗസിങ് ഫിനാന്‍സും (DHFL), കോൾ ഇന്ത്യ, പവർ ഗ്രിഡ്, അദാനി പോർട്സ് എന്നിവ നഷ്ടം നേരിട്ടു. പണ ലഭ്യത സംബന്ധിച്ച ആശങ്ക നിലനിൽക്കുന്നതുകൊണ്ടാണ് ഓഹരി വിപണിയിൽ നെഗറ്റീവ് സെന്റിമെന്റ്സ് പരക്കുന്നതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

വാസ്തവത്തിൽ ദലാൽ സ്ട്രീറ്റിൽ സംഭവിച്ചതെന്താണ്?

ഡിഎച്ച്എഫ്എലിന്റെ കമേഴ്‌സ്യല്‍ പേപ്പര്‍ സെക്കണ്ടറി വിപണി വഴി ഡിഎസ്പി മ്യൂച്വല്‍ ഫണ്ട് വന്‍തോതില്‍ വിറ്റഴിക്കാന്‍ ശ്രമിച്ചതായിരുന്നു പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചത്. ഇതേത്തുടർന്ന് വെള്ളിയാഴ്ച ഡിഎച്ച്എഫ്എലിന്റെ ഓഹരി വില ഇടിഞ്ഞു. ലിക്വിഡിറ്റി ഇല്ലാത്തതിനാൽ ഡിഎച്ച്എഫ്എൽ വായ്പ തിരിച്ചടവ് മുടക്കി എന്നാണ് അഭ്യൂഹം പരന്നത്. ഹൗസിംഗ് ഫിനാൻസ് കമ്പനികളെ സംബന്ധിച്ച ആശങ്ക പിന്നീട് ബാങ്കിതര ധനകാര്യ സ്ഥാപങ്ങളിലേയ്ക്ക് പടരുകയായിരുന്നു.

ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ ഓഹരി വില വെള്ളിയാഴ്ചമുതല്‍ ഇടിയാന്‍ തുടങ്ങിയിരുന്നു. രണ്ടുദിവസത്തെ ട്രേഡിങിനിടെ രാജ്യത്തെ മുന്‍നിരയിലുള്ള 15 ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് നഷ്ടമായത് 75,000 കോടി രൂപയാണ്.

ധനകാര്യ സ്ഥാപനങ്ങളുടെ ഓഹരിവില മുൻപേതന്നെ സമ്മർദ്ദത്തിലായിരുന്നു.

അടിസ്ഥാന സൗകര്യവികസന-ധനകാര്യ കമ്പനിയായ ഐഎല്‍ ആന്‍ഡ് എഫ് എസിലെ (IL&FS) പ്രതിസന്ധി രൂക്ഷമായതിനെതുടര്‍ന്നാണിത്. കമ്പനിക്ക് 91,000 കോടി രൂപയുടെ കടബാധ്യതയുണ്ടെന്ന് പുറത്തറിയുന്നത് വായ്പ തിരിച്ചടവ് മുടങ്ങിയപ്പോഴാണ്.

പണലഭ്യത ഉറപ്പുവരുത്താന്‍ നടപടിയെടുക്കുമെന്ന് അതിനിടെ സര്‍ക്കാര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.

എഫ്.ഐ.ഐകള്‍ ഓഹരികള്‍ വിറ്റൊഴിയുന്നതിനോടൊപ്പം കറന്റ് എക്കൗണ്ട് കമ്മി ഉള്‍പ്പെടെ രാജ്യത്തെ സാമ്പദ്ഘടനക്ക് പരുക്കേല്‍പ്പിക്കുന്ന നിരവധി പ്രശ്‌നങ്ങൾ മൂലം പൊതുവെ നെഗറ്റീവ് സെന്റിമെന്റ്‌സ് വിപണിയില്‍ ശക്തമായിരിക്കുന്ന സമയത്താണ് എൻബിഎഫ്സികളുടെ പണലഭ്യതയെക്കുറിച്ചുള്ള ആശങ്ക ശക്തമായത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it