സമ്പദ് വ്യവസ്ഥ തളരുന്നു, ഇന്ത്യ മറ്റൊരു ബ്രസീലാകും: മോദിയുടെ ഉപദേശകൻ 

അധികം വൈകാതെ 'മിഡിൽ ഇൻകം ട്രാപ്' എന്ന അവസ്ഥയിൽ രാജ്യം എത്തിപ്പെടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Rathin Roy

ഇന്ത്യൻ സമ്പദ് വ്യവസ്ഥ ഘടനാപരമായ ഒരു വളർച്ചാ പ്രതിസന്ധിയുടെ (structural slowdown) വക്കിലാണെന്നും ഇന്ത്യ ഒരു ബ്രസീലോ ദക്ഷിണാഫിക്കയോ ആയി മാറുമെന്നും പ്രധാനമന്ത്രിയുടെ സമ്പത്തികോപദേശക സമിതിയംഗം രതിൻ റോയ്.

അധികം വൈകാതെ ‘മിഡിൽ ഇൻകം ട്രാപ്’ എന്ന അവസ്ഥയിൽ രാജ്യം എത്തിപ്പെടുമെന്നും എൻഡിടിവിയ്ക്ക് നൽകിയ ഒരു അഭിമുഖത്തിൽ അദ്ദേഹം മുന്നറിയിപ്പ് നൽകി. ഒരു നിശ്ചിത വരുമാന തലത്തിൽ എത്തിപ്പെട്ടാൽ രാജ്യം ആ നിലയിൽ തന്നെ അകപ്പെട്ടുപോകുന്നതിനാണ്   ‘മിഡിൽ ഇൻകം ട്രാപ്’ എന്ന് പറയുന്നത്.  മിഡിൽ ഇൻകം ട്രാപ്പിൽ പെടാതെ പല രാജ്യങ്ങളും രക്ഷപ്പെട്ടിട്ടുണ്ട്. എന്നാൽ അതിൽ ഒരിക്കൽ പെട്ടുപോയവർ തിരിച്ചുകേറിയ ചരിത്രമില്ലെന്നും അദ്ദേഹം പറഞ്ഞു.

“നാം ഒരു സ്ട്രക്ച്ചറൽ സ്ലോഡൗണിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഇതൊരു മുന്നറിയിപ്പാണ്. 1991 മുതൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥ വളർന്നത് കയറ്റുമതികൊണ്ടല്ല; പകരം ഈ രാജ്യത്തെ 10 കോടി ജനങ്ങൾ എന്തു വാങ്ങുന്നു എന്നതിനെ ആശ്രയിച്ചാണ്,” റോയ് കൂട്ടിച്ചേർത്തു.

“വലിയൊരു വിഭാഗം ജനത ദാരിദ്ര്യത്തിൽ കഴിയുകയും കുറ്റകൃത്യങ്ങളുടെ എണ്ണം കൂടുകയും ചെയ്യുന്ന ഒരു മിഡിൽ ഇൻകം രാജ്യമായി ഇന്ത്യ മാറും. സ്വകാര്യ ഉപഭോഗം വർധിപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചില്ലെങ്കിൽ സാമ്പത്തിക വളർച്ച കുറയും,” അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യ ചൈനയാകില്ല, ബ്രസീലാകും

“നമ്മൾ കരുതുന്നതിലും ആഴത്തിലുള്ളതാണ് ഇന്ത്യൻ സമ്പദ്‌ വ്യവസ്ഥ നേരിടുന്ന പ്രതിസന്ധിയെന്ന്,” നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാൻസ് ആന്റ് പോളിസിയുടെ ഡയറക്ടർ കൂടിയായ റോയ് വിലയിരുത്തി. “ഇന്ത്യ ചൈനയോ ദക്ഷിണ കൊറിയയോ ആകില്ല.  പകരം ബ്രസീലോ ദക്ഷിണാഫ്രിക്കയോ ആയി മാറാനാണ് സാധ്യത.”

ഇന്ത്യ ലോകത്തെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ് വ്യവസ്ഥയാണെന്നതു ശരിതന്നെ. എന്നാൽ ഇന്ത്യയുടെ ചരിത്രത്തിൽ ഏറ്റവും ത്വരിത ഗതിയിലുള്ള വളർച്ചാ നിരക്ക് ഇതല്ല. ചൈന ലോകത്തെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ് വ്യവസ്ഥയല്ലാത്തതുകൊണ്ടാണ് ഇന്ത്യയ്ക്ക് ആ സ്ഥാനം ലഭിച്ചത്. നമ്മൾ ശരാശരി 6.1-6.6 ശതമാനത്തിലാണ് വളരുന്നത്. അത് നല്ലതുതന്നെ. പക്ഷെ ഉപഭോഗത്തിലുള്ള ഇടിവ് ഈ വളർച്ചാ നിരക്കിന് വിലങ്ങുതടിയാകും. അടുത്ത 5-6 വർഷങ്ങൾ കൂടി ഇന്ത്യ ഈ നിരക്കിൽ വളരുമായിരിക്കും. പക്ഷെ അതിനു ശേഷം ഈ വളർച്ച നിലക്കും.

2019 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ ജിഡിപി വളർച്ചയിൽ നേരിയ കുറവുണ്ടായെന്ന് കഴിഞ്ഞ ദിവസം പുറത്തിറക്കിയ റിപ്പോർട്ടിൽ ധനമന്ത്രാലയം വ്യക്തമാക്കിയിരുന്നു. സ്വകാര്യ ഉപഭോഗം, കയറ്റുമതി, നിക്ഷേപം എന്നിവയിൽ ഉണ്ടായ ഇടിവാണ് ജിഡിപി വളർച്ച കുറയാൻ കാരണം. റിസർവ് ബാങ്കിന്റെ വായ്പാ നയം സമ്പദ് വ്യവസ്ഥയുടെ വളർച്ച ത്വരിതപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണെന്ന് മന്ത്രാലയം പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here