കേന്ദ്ര ബജറ്റ്: ഊന്നല്‍ ലഭിക്കാവുന്ന അഞ്ച് കാര്യങ്ങള്‍

നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് ഇന്ന് പതിനൊന്ന് മണിക്ക് പാര്‍ലമെന്റ് ഇടക്കാല ധനമന്ത്രി പീയുഷ് ഗോയല്‍ അവതരിപ്പിക്കും. പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഇടക്കാല ബജറ്റില്‍ ജനപ്രിയ പദ്ധതികള്‍ക്കാവും ഊന്നല്‍. 2014ല്‍ നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരണത്തില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി കയ്യടി നേടാവുന്ന നിരവധി പദ്ധതികള്‍ അവതരിപ്പിച്ചിരുന്നു.

രാജ്യത്ത് 100 സ്മാര്‍ട്ട് സിറ്റികള്‍ വികസിപ്പിക്കും, പെട്രോളിയം-ഭക്ഷ്യ സബ്‌സിഡിയില്‍ കാതലായ മാറ്റം വരുത്തും, ഡിജിറ്റൈസേഷന്‍ നടപ്പാക്കും, പെണ്‍കുട്ടികളുടെ ശാക്തീകരണത്തിനായി ബേട്ടി ബജാവോ, ബേട്ടി പഠാവോ… എന്നിങ്ങനെയുള്ളവയായിരുന്നു ഇതില്‍ പ്രധാനം.

അഞ്ച് വര്‍ഷത്തെ ഭരണത്തിന് ശേഷം പടിയിറങ്ങുമ്പോള്‍, ഇതുപോലെ തന്നെ പൊതുസമൂഹത്തിന്റെ ശ്രദ്ധ ആകര്‍ഷിക്കാന്‍ സാധിക്കുന്ന പ്രഖ്യാപനങ്ങള്‍ ഇടക്കാല ബജറ്റില്‍ കാത്തുവെയ്ക്കുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.

പ്രത്യേക ഊന്നല്‍ ലഭിച്ചേക്കാവുന്ന അഞ്ച് കാര്യങ്ങള്‍ ഇവയാകും.

1. സമഗ്ര കാര്‍ഷിക പാക്കേജ്

രാജ്യത്തെ കര്‍ഷക പ്രതിസന്ധിയും അതിനെ തുടര്‍ന്നുള്ള പ്രതിഷേധങ്ങളും മുമ്പെങ്ങൂമില്ലാത്ത വിധത്തില്‍ വര്‍ധിച്ച സാഹചര്യമാണിപ്പോള്‍. കര്‍ഷകരെ വിശ്വാസത്തിലെടുക്കാന്‍ സാധിക്കുന്ന സമഗ്രമായൊരു കാര്‍ഷിക പാക്കേജ് അതുകൊണ്ടു തന്നെ ഇടക്കാല ബജറ്റില്‍ അവതരിപ്പിക്കപ്പെട്ടേക്കും. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന പഴയ പ്രഖ്യാപനം എങ്ങുമെത്താതെ ശേഷിക്കുമ്പോള്‍, കാര്‍ഷിക വിളകള്‍ക്ക് മെച്ചപ്പെട്ട താങ്ങുവിലയും കര്‍ഷകര്‍ക്ക് പ്രത്യേക വായ്പാ പദ്ധതിയും ഗ്രാമീണ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് പ്രത്യേക പദ്ധതികളുമെല്ലാം ഇടക്കാല ബജറ്റില്‍ അവതരിപ്പിച്ചേക്കാം.

2. ഇന്‍കം ടാക്‌സ് ഇളവ്

ഇതുവരെ ഒരു ഇടക്കാല ബജറ്റിലും ഇന്‍കം ടാക്‌സ് ഇളവ് സംബന്ധിച്ച പ്രഖ്യാപനങ്ങളുണ്ടായിട്ടില്ല. എന്നാല്‍ രാജ്യത്തെ മധ്യവര്‍ഗ കുടുംബങ്ങളെ ലക്ഷ്യമിട്ട് ഈ ബജറ്റില്‍ അത്തരമൊരു നീക്കം ഏവരും പ്രതീക്ഷിക്കുന്നുണ്ട്.

3. തൊഴില്‍ സൃഷ്ടിക്കാന്‍ പുതിയ പദ്ധതി

യുവാക്കളെ വൈദഗ്ധ്യമുള്ളവരാക്കിയും കൂടുതല്‍ വ്യവസായശാലകള്‍ സ്ഥാപിക്കും തൊഴില്‍ ലഭ്യത ഉറപ്പാക്കുമെന്നായിരുന്നു അധികാരത്തിലേറിയപ്പോള്‍ നരേന്ദ്ര മോദി സര്‍ക്കാരിന്റെ വാഗ്ദാനം. എന്നാല്‍ തെരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തി നില്‍ക്കുമ്പോള്‍, രാജ്യത്തെ തൊഴിലില്ലായ്മ കഴിഞ്ഞ നാല് ദശാബ്ദക്കാലത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ നൈപുണ്യ വികസനത്തിന് ഊന്നല്‍ നല്‍കാനും കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനുള്ള പദ്ധതി പ്രഖ്യാപനത്തിനും സാധ്യതയുണ്ട്.

4. വന്‍ പദ്ധതികള്‍

രാജ്യത്തിന്റെ മുഖച്ഛായ മാറ്റാനും പൊതു നിക്ഷേപം വര്‍ധിക്കാനും ഉതകുന്ന വിധത്തിലുള്ള വന്‍ പദ്ധതികളും പ്രഖ്യാപിക്കപ്പെട്ടേക്കാം.

5. വരുമാനം കൂട്ടാന്‍ വഴികള്‍

സാമൂഹ്യസുരക്ഷാ പദ്ധതികള്‍ക്ക് കൂടുതല്‍ പണം നീക്കിവെയ്ക്കാനും പൊതു നിക്ഷേപത്തിന് കൂടുതല്‍ തുക കണ്ടെത്താനുമായി പദ്ധതികള്‍ കൊണ്ടുവന്നേക്കാം. പൊതു മേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കല്‍, പുതിയ നികുതി/സര്‍ചാര്‍ജ് നിര്‍ദേശങ്ങള്‍ എന്നിവയൊക്കെയാകും ഒരുപക്ഷേ പീയുഷ് ഗോയല്‍ ഇതിനായി കണ്ടെത്തുന്ന വഴികള്‍.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it