സാമൂഹ്യസുരക്ഷ: ലോകത്തെ ഏറ്റവും വലിയ പെന്‍ഷന്‍ പദ്ധതിയുമായി മോദി സര്‍ക്കാര്‍

കേന്ദ്ര സര്‍ക്കാര്‍ ഇന്ന് അവതരിപ്പിച്ച ബജറ്റിലെ ഏറ്റവും വലിയ സാമൂഹ്യ സുരക്ഷാ പദ്ധതിയാണ് മെഗാ പെന്‍ഷന്‍ പദ്ധതി.

അസംഘടിത മേഖലയ്ക്ക്

രാജ്യത്തെ അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു പദ്ധതിയാണിത്. 60 വയസ്സ് പൂര്‍ത്തിയാകുമ്പോള്‍ പ്രതിമാസം 3000 രൂപ വീതം ഈ പദ്ധതി മുഖേന പെന്‍ഷനായി ലഭിക്കും ഇതിലേക്കായി തൊഴിലാളി പ്രതിമാസം 100 രൂപ വീതം അടക്കണം.

15000 രൂപ വരെ മാസ വരുമാനമുള്ള തൊഴിലാളികള്‍ക്കാണ് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക

പ്രധാന്‍മന്ത്രി ശ്രാം യോഗി മന്‍ഥന്‍ എന്ന ഇത്തരമൊരു നൂതന പദ്ധതി മുഖേന അടുത്ത 5 വര്‍ഷത്തിനകം രാജ്യത്തെ അസംഘടിത മേഖലയിലുള്ള 10 കോടി തൊഴിലാളികള്‍ക്ക് പ്രയോജനം ലഭിക്കും. ഇതിലേക്കായി 500 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. അസംഘടിത മേഖലക്കുള്ള ലോകത്തെ തന്നെ ഏറ്റവും വലിയൊരു പെന്‍ഷന്‍ പദ്ധതിയായിരിക്കും ഇതെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി പീയൂഷ് ഗോയല്‍ ചൂണ്ടിക്കാട്ടി.

കര്‍ഷകര്‍ക്ക് സ്ഥിരവരുമാനം

ചെറുകിട കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6000 രൂപ വീതം സ്ഥിരവരുമാനം നല്‍കുന്ന മറ്റൊരു വിപ്ലവകരമായ പദ്ധതിക്കും മോദി സര്‍ക്കാര്‍ ബജറ്റിലൂടെ തുടക്കം കുറിച്ചിരിക്കുകയാണ്. ഈ തുക കര്‍ഷകരുടെ ബാങ്ക് എക്കൗണ്ടിലേക്ക് 3 തവണകളായി നല്‍കും. വിത്ത്, വളം തുടങ്ങിയവ വാങ്ങാന്‍ അവര്‍ക്കിത് സഹായകരമാകും.

പ്രധാന്‍മന്ത്രി കൃഷി സമ്മാന്‍ നിധി എന്ന പദ്ധതിയിലൂടെയാണിത് നടപ്പാക്കപ്പെടുന്നത്. 2 ഹെക്ടറില്‍ താഴെ കൃഷിഭൂമിയുള്ള കര്‍ഷകര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. രാജ്യത്തെ 12 കോടി കര്‍ഷകര്‍ക്കിതിന്റെ നേട്ടം ലഭിക്കുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. 75000 കോടി രൂപയുടെ ചെലവാണ് ഈ പദ്ധതിക്് പ്രതീക്ഷിക്കുന്നത്.

ശമ്പള വരുമാനക്കാർക്ക്

ഇ.എസ്.ഐ കവറേജ് പരിധി 15,000 രൂപയില്‍ നിന്നും 21,000 രൂപയായി ഉയര്‍ത്തിയതോടൊപ്പം ശമ്പള വരുമാനക്കാരുടെ ഗ്രാറ്റ്വിറ്റി പരിധി 10 ലക്ഷത്തില്‍ നിന്നും 20 ലക്ഷമായി വര്‍ദ്ധിപ്പിക്കുകയും ചെയ്തു. കൂടാതെ ഔദ്യോഗിക സര്‍വ്വീസിനിടക്ക് തൊഴിലാളി മരണപ്പെട്ടാല്‍ ഇ.പി.എഫ്.ഒ നല്‍കുന്ന നഷ്ടപരിഹാര തുകയുടെ പരിധി 2.5 ലക്ഷത്തില്‍ നിന്നും 6 ലക്ഷമായി വര്‍ദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it