94 വർഷത്തിലെ ഏറ്റവും വലിയ പ്രളയക്കെടുതി, 8000 കോടി രൂപയുടെ നഷ്ടം

കേരളം നേരിട്ടത് 1924-നു ശേഷമുളള ഏറ്റവും വലിയ പ്രളയക്കെടുതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പതിനാലില്‍ പത്തു ജില്ലകളെയും കെടുതി രൂക്ഷമായി ബാധിച്ചു.

പ്രാഥമിക വിലയിരുത്തലനുസരിച്ച് കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്തിന് ഏകദേശം 8,316 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് സംസ്ഥാന സർക്കാർ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിന് സമര്‍പ്പിച്ച നിവേദനത്തില്‍ പറയുന്നു.

കേരളത്തില്‍ ഇപ്പോഴുണ്ടായ പ്രളയക്കെടുതി അസാധാരണമാംവിധം ഗുരുതരമാണെന്ന് പ്രഖ്യാപിച്ച് പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും അടിയന്തിര ആശ്വാസമായി 1220 കോടി രൂപ ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് അനുവദിക്കണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്.

പുനര്‍നിര്‍മ്മാണത്തിനും പുനരധിവാസത്തിനും ആവശ്യമായ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി പാക്കേജ് സംബന്ധിച്ച നിവേദനം ഒരു മാസത്തിനകം സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കി സമര്‍പ്പിക്കും.

റിപ്പോര്‍ട്ട് നല്‍കാന്‍ കാലതാമസമുള്ളതിനാല്‍ രാജ്നാഥ് സിംഗ് 100 കോടി രൂപ കേന്ദ്ര സഹായം ഉടനെ നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. നേരത്തെ പ്രഖ്യാപിച്ച 160.50 കോടി രൂപയ്ക്ക് പുറമേയാണിത്.

കർണാടകം, തമിഴ്നാട് തുടങ്ങിയ അയൽ സംസ്ഥാനങ്ങളും, കേരള ഗവർണർ, പ്രതിപക്ഷ നേതാവ്, സാമൂഹ്യ സാംസ്‌കാരിക ചലച്ചിത്ര വ്യവസായ മേഖലകളിലെ പ്രമുഖർ, നിരവധി സാമൂഹ്യ സന്നദ്ധ സംഘടനകൾ തുടങ്ങിയവരും കേരളത്തിന് സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

ദുരന്തത്തിന്‍റെ ആഘാതം ഒരുപാട് കാലം കേരളം നേരിടേണ്ടിവരുമെന്നാണ് സർക്കാർ വിലയിരുത്തുന്നത്. കാർഷിക മേഖലയിൽ മാത്രം ഏകദേശം, 1000 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.

കനത്ത മഴയെ തുടർന്ന് 27 അണക്കെട്ടുകള്‍ തുറന്നുവിടേണ്ടിവന്നു. ആഗസ്റ്റ് 9 മുതല്‍ 12 വരെയുളള തീയതികളില്‍ മാത്രം 37 ജീവന്‍ നഷ്ടപ്പെട്ടു. അഞ്ചു പേരെ കാണാതായി. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ ഈ സീസണില്‍ ഇതിനകം 186 പേരാണ് മരണപ്പെട്ടത്. 211 സ്ഥലങ്ങളില്‍ മണ്ണിടിച്ചിലോ ഉരുള്‍പൊട്ടലോ ഉണ്ടായി. ഏതാണ്ട് 20,000 ത്തോളം വീടുകള്‍ പൂര്‍ണ്ണമായി തകര്‍ന്നിരിക്കുകയാണ്. 10,000 ത്തോളം കിലോമീറ്റര്‍ പൊതുമരാമത്ത് റോഡുകള്‍ മാത്രം തകര്‍ന്നു.

ശനിയാഴ്ചത്തെ വൈകുന്നേരത്തെ കണക്കനുസരിച്ച് 57,000 ത്തിലധികം പേര്‍ സംസ്ഥാനത്തെ 457 കേമ്പുകളിലായി കഴിയുന്നുണ്ട്.

ആഗസ്റ്റ് 15 വരെ കനത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പ് കണക്കിലെടുത്ത് അതീവ ജാഗ്രത തുടരാന്‍ ദുരന്തനിവാരണത്തിലും ദുരിതാശ്വാസത്തിലും ഏര്‍പ്പെട്ടിരിക്കുന്ന എല്ലാ സര്‍ക്കാര്‍ ഏജന്‍സികളോടും ജില്ലാകലക്ടര്‍മാരോടും സർക്കാർ നിര്‍ദേശിച്ചിട്ടുണ്ട്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it