പ്രളയം: വൻ നഷ്ടം നേരിട്ട മേഖലകൾ നിരവധി

ദൈവത്തിന്റെ സ്വന്തം നാടായ കേരളം ഇന്നുവരെ നേരിട്ടതില്‍ വെച്ചേറ്റവും വലിയ പ്രകൃതി ദുരന്തത്തിനാണ് ഇപ്പോള്‍ സാക്ഷ്യം വഹിച്ചു കൊണ്ടിരുന്നത്. കേരളത്തിന്റെ കാലാവസ്ഥയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന വലിയൊരു മാറ്റത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് നമ്മള്‍ കണ്ട പ്രളയക്കെടുതി.

ഇനിയും ഇത്തരം അപ്രതീക്ഷിത പ്രകൃതി ദുരന്തങ്ങള്‍ അവര്‍ത്തിച്ചേക്കാം എന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ആഗോള താപനം ഇതിന് ഒരു ഘടകമാണ്. ഐക്യരാഷ്ട്ര (UNEP) ദുരന്ത അപകടസാധ്യതാ ലഘൂകരണ വിഭാഗ തലവന്‍ ഡോ. മുരളി തുമ്മാരുകുടിയുടെ അഭിപ്രായത്തില്‍ ആഗോള താപനം മൂലം സമുദ്ര നിരപ്പ് മുമ്പത്തേതിനേക്കാള്‍ ഒരു മീറ്റര്‍ കൂടുതലാണ്. അതിനാല്‍ അധിക ജലം കടലിലേയ്ക്ക് മുമ്പത്തെപ്പോലെ ഒഴുകിപ്പോകുകയില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

പരിസ്ഥിതിലോല പ്രദേശങ്ങളുടെ അശാസ്ത്രീയ ഉപയോഗം ദുരന്തത്തിനുള്ള ഒരു കാരണമായി പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍ ചൂണ്ടിക്കാണിക്കുന്നു. പശ്ചിമഘട്ട സംരക്ഷണത്തിനുള്ള ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പാക്കിയിരുന്നെങ്കില്‍ പ്രകൃതിക്ഷോഭം നേരിടുന്നതു കൂടുതല്‍ ലളിതമാകുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

എന്തൊക്കെയായാലും കേരളത്തിന് ഏറ്റുവാങ്ങേണ്ടി വന്ന നഷ്ടം എണ്ണി തിട്ടപ്പെടുത്താന്‍ തന്നെ മാസങ്ങള്‍ എടുക്കും. മനുഷ്യജീവന് സംഭവിച്ച നഷ്ടമാണ് ഇതില്‍ ഏറ്റവും വലുത്. അതേസമയം, കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് ഏറ്റവും പ്രധാന ഘടകമാകേണ്ട വ്യവസായ രംഗം കനത്ത നഷ്ടമാണ് ഏറ്റുവാങ്ങിയിരിക്കുന്നത്. അവയേതൊക്കെയാണെന്ന് പരിശോധിക്കാം.

ടൂറിസം & ഹോസ്പിറ്റാലിറ്റി

ഓഖിക്കും നിപ്പക്കും ശേഷം പതുക്കെ കരകേറിക്കൊണ്ടിരുന്ന ടൂറിസം രംഗത്തിന് കനത്ത പ്രഹരമാണ് മഴക്കെടുതിയില്‍ നിന്ന് ഏറ്റുവാങ്ങേണ്ടി വന്നത്. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളെല്ലാം വന്‍ നാശനഷ്ടമാണ് നേരിടുന്നത്. ആലപ്പുഴയിലെ ബാക്ക് വാട്ടര്‍ ടൂറിസം, വിദേശ, ആഭ്യന്തര ടൂറിസ്റ്റുകളുടെ പ്രധാന കേന്ദ്രമായ മൂന്നാര്‍, സാഹസിക യാത്രികരുടെ ഇഷ്ട ലൊക്കേഷനായ വയനാട് എന്നിവ ഇനി പുനര്‍ നിര്‍മ്മിക്കേണ്ട അവസ്ഥയാണ്. ഇവിടത്തെ കെട്ടിടങ്ങളും, ഗതാഗത മാര്‍ഗ്ഗങ്ങളും വ്യാപകമായും തകര്‍ന്ന അവസ്ഥയിലാണ്. ഇവ കൂടാതെ, നിരവധി ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ വെള്ളത്തിനടിയിലാണ്.

ടൂറിസത്തോടൊപ്പം ഹോസ്പിറ്റാലിറ്റി മേഖലയേയും പ്രളയം ബാധിച്ചിട്ടുണ്ട്. പല ഹോട്ടലുകളും, റിസോര്‍ട്ടുകളും, മാളുകളും പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുകയാണ്.

ടൂറിസം വകുപ്പിന്റെ ഓണക്കാല പദ്ധതികള്‍, പ്രത്യേകിച്ചും നീലക്കുറിഞ്ഞി, വള്ളംകളി എന്നിവ, മുന്‍കൂട്ടി ബുക്കിംഗ് ലഭിക്കുന്നവയാണ്. ഇവയെല്ലാം കേരളത്തിന്റെ പ്രധാന വരുമാന ശ്രോതസ്സുകളായിരുന്നു. എന്നാൽ ക്രിയാത്മകമായ ഇടപെടലുകളിലൂടെ മൂന്ന്‌-നാല് മാസങ്ങള്‍ കൊണ്ട് ടൂറിസം രംഗത്തിന് ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ കഴിയുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

സമുദ്രോത്പന്ന കയറ്റുമതി

മത്സ്യ, ചെമ്മീന്‍ കൃഷി ഫാമുകള്‍ പലതും വെള്ളം കേറി നശിച്ചു. സംസ്ഥാനത്തിന്റെ സമുദ്രോത്പന്ന കയറ്റുമതിയില്‍ ഒരു പ്രധാന പങ്ക് വഹിച്ചിരുന്നവയാണ് ഈ ഫാമുകള്‍. മാത്രമല്ല, പുഴയില്‍ നിന്നുള്ള കനത്ത നീരൊഴുക്ക് കടലിലെയും കായലിലെയും മത്സ്യ സമ്പത്തിന്റെ സ്വഭാവത്തില്‍ മാറ്റം വരുത്തിയേക്കാം എന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

മൊത്ത, ചെറുകിട വ്യാപാരികള്‍

വെള്ളപ്പൊക്കക്കെടുതിയുടെ ആഘാതം നേരിട്ട് ഏല്‍ക്കേണ്ടി വന്നവയാണ് സംസ്ഥാനത്തെ മൊത്ത, ചെറുകിട വ്യാപാര സ്ഥാപങ്ങള്‍. പ്രളയം ബാധിച്ച പ്രധാന ടൗണുകളിലെ വ്യാപാര സ്ഥാപനങ്ങളെല്ലാം പൂര്‍ണ്ണമായോ ഭാഗീകമായോ വെള്ളത്തിനടിയിലാണ്. ഗോഡൗണുകള്‍ പലതും വെള്ളത്തില്‍ മുങ്ങിയതോടെ ഓണത്തിന് വേണ്ടി ശേഖരിച്ച ഭക്ഷ്യ വസ്തുക്കള്‍ മുതല്‍ എല്ലാം നഷ്ടമായി.

കൃഷി, പ്ലാന്റേഷന്‍

എണ്ണി തിട്ടപ്പെടുത്താവുന്നതിലും കൂടുതലാണ് കൃഷി നഷ്ടം. റബര്‍, കുരുമുളക്, ഏലം, തേയില, കാപ്പി, വാഴ, പൈനാപ്പിള്‍ തുടങ്ങിയവക്കെല്ലാം വ്യാപക നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. പലയിടത്തും എല്ലാം ആദ്യമേ തുടങ്ങേണ്ട സ്ഥിതിയാണ്.

മാനുഫാക്ച്വറിംഗ്

മറ്റൊന്ന് സംസ്ഥാനത്തെ നിര്‍മ്മാണ മേഖലയാണ്. പല ഇന്‍ഡസ്ട്രിയല്‍ യൂണിറ്റുകളും നഷ്ടം നേരിട്ടിട്ടുണ്ട്. പെരുമ്പാവൂരിലെ പ്ലൈവുഡ് ഫാക്ടറികളും, എടയാര്‍ വ്യാവസായിക മേഖലയിലെ യൂണിറ്റുകളും ചില ഉദാഹരണങ്ങള്‍ മാത്രം. പലയിടത്തും ഫാക്ടറികൾ തന്നെ വെള്ളത്തിനടിയിലായിട്ടുണ്ട്. അസംസ്‌കൃത വസ്തുക്കളുടെ അഭാവം ഫാക്ടറിയുടെ പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്.

കണ്‍സ്ട്രക്ഷന്‍

അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ ഉള്‍പ്പെടെ, സംസ്ഥാനത്തെ ഒട്ടു മിക്ക നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നിലച്ചമട്ടാണ്. നിര്‍മാണത്തിലിരുന്ന കെട്ടിടങ്ങള്‍ പലതും വെള്ളത്തിനടിയിലായി. ഫണ്ടിന്റെയും തൊഴിലാളികളുടെയും ക്ഷാമം ഈ മേഖലയുടെ തിരിച്ചു വരവിന് കാലതാമസം സൃഷ്ടിക്കും.

ധനകാര്യ മേഖല

കേരളത്തിലെ ബാങ്ക്, ബാങ്കിതര സ്ഥാപനങ്ങള്‍ക്ക് നഷ്ടം നേരിടേണ്ടി വരുന്നത് പല കോണില്‍ നിന്നായിരിക്കും. ഒന്ന് സ്ഥാപങ്ങളുടെ കെട്ടിടങ്ങള്‍ക്കും മറ്റ് വസ്തുവകകള്‍ക്കും ഉണ്ടായ നഷ്ടം. മറ്റൊന്ന് വായ്പ തിരിച്ചടവ് വൈകുമെന്നതാണ്. കാര്‍ഷിക വായ്പ, ഭവന വായ്പ, സൂക്ഷ്മ, ചെറു, ഇടത്തരം ബിസിനസുകള്‍ക്ക് നല്‍കിയിരുന്ന വായ്പ എന്നിവയുടെ റിക്കവറി വൈകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതോടെ കിട്ടാക്കടം ഉയരുമെന്ന്

ആരോഗ്യ മേഖല

പല പൊതുസ്വകാര്യ ആശുപത്രികളും കനത്ത നഷ്ടമാണ് മഴ മൂലം ഏറ്റുവാങ്ങേണ്ടി വന്നത്. കൊച്ചി നഗരത്തിലെ ചില സ്വകാര്യ ആശുപത്രികള്‍ അടച്ചു പൂട്ടേണ്ടി വന്നു.

ലോജിസ്റ്റിക്‌സ്

ചരക്ക് ഗതാഗത മേഖല സ്തംഭനാവസ്ഥയിലാണ്. ചരക്ക് നീക്കത്തിനുപയോഗിച്ചിരുന്ന നൂറുകണക്കിന് ട്രക്കുകളും ലോറികളും വെള്ളത്തില്‍ മുങ്ങി. മാത്രമല്ല, കേരളത്തിന് പുറമേ നിന്നുള്ള ചരക്കുകളും സംസ്ഥാനത്തേക്ക് പ്രവേശിക്കുന്നില്ല.

ഓട്ടോ മൊബൈല്‍

ഓട്ടോ മൊബൈല്‍ ഡീലര്‍മാരാണ് നഷ്ടം നേരിടുന്ന മറ്റൊരു വിഭാഗം. ധാരാളം ഷോറൂമുകള്‍ വെള്ളത്തിനടിയിലാണ്. വില്പനയ്ക്ക് വെച്ചിരുന്ന പല പുതിയ വാഹങ്ങളും ചെളി കേറിയ അവസ്ഥയിലാണ്.

സംസ്ഥാനത്തെ റബര്‍ മേഖലയ്ക്കുണ്ടായ നഷ്ടം കൂടുതൽ സ്വാഭാവിക റബറിന്റെ ഇറക്കുമതിക്ക് കാരണമാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഷെയര്‍ മാര്‍ക്കറ്റ് & ഇന്‍വെസ്റ്റ്‌മെന്റ്

മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍, കേരളം ആസ്ഥാനമായുള്ള കമ്പനികളുടെ ഓഹരി വിലയില്‍ ഇടിവ് പ്രകടമാകും. ബിസിനസില്‍ വൈവിധ്യവല്‍ക്കരണം എന്നതുപോലെ നിക്ഷേപം ഒരിടത്ത് മാത്രം കേന്ദ്രീകരിക്കാതെ മറ്റിടങ്ങളിലേയ്ക്കും വ്യാപിപ്പിക്കുന്നത് നിക്ഷേപകരെ സംബന്ധിച്ചിടത്തോളം ഗുണം ചെയ്യും.

ചുരുക്കത്തിൽ, കയറ്റുമതി, നിർമ്മാണം, വ്യാപാരം എന്നിവ വൻ നഷ്ടമാണ് നേരിടുന്നത്. ഇവയ്ക്ക് കരകയറാൻ സമയമെടുക്കുമെന്നതിനാൽ, സംസ്ഥാനത്തിന്റെ നികുതി വരുമാനത്തെ സാരമായി ബാധിക്കും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it