എസ്.ഡി.എല്‍ സെക്യൂരിറ്റി ലേലം: 6000 കോടി ലക്ഷ്യമിട്ട് കേരളം

റിസര്‍വ് ബാങ്ക് നിശ്ചയിച്ചിട്ടുള്ള ലേലം ഏപ്രില്‍ 7 ന്

canara bank releases emergency credits to msme units

സംസ്ഥാന വികസന വായ്പാ (എസ്ഡിഎല്‍) ഇനത്തിലുള്ള സെക്യൂരിറ്റികളുടെ ലേലം വഴി ഏപ്രില്‍ 7 ന്  കേരളം സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത് 6000 കോടി രൂപ.  പുതിയ സാമ്പത്തിക വര്‍ഷം ഇത്തരത്തില്‍ നടക്കുന്ന ആദ്യത്തെ ലേലം ആണിതെന്ന് റിസര്‍വ് ബാങ്കിന്റെ  പ്രസ്താവനയെ ഉദ്ധരിച്ച് ഓണ്‍ലൈന്‍ സാമ്പത്തിക വാര്‍ത്താ മാധ്യമമായ ‘ബിസിനസ്‌ബെഞ്ച്മാര്‍ക്ക് ഡോട്ട് ന്യൂസ്’ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

10 വര്‍ഷം, 12 വര്‍ഷം, 15 വര്‍ഷം എന്നീ മെച്യൂരിറ്റി കാലാവധികളുള്ള മൂന്ന് തരം സെക്യൂരിറ്റികളുടെ വില്‍പ്പനയാണ് ലേലത്തില്‍ ഉള്‍പ്പെടുന്നത്. ഓരോ വിഭാഗത്തിലും 2000 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. ഏപ്രില്‍ 7 ന് 16 സംസ്ഥാനങ്ങള്‍ മൊത്തം 36,000 കോടി രൂപ ഇപ്രകാരം സമാഹരിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

കോവിഡ് -19 മൂലം സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പരിമിതികളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനം വായ്പകളെടക്കാന്‍ മുന്‍കൈയെടുക്കുന്നതിനെക്കുറിച്ച് ധനമന്ത്രി ഡോ. തോമസ് ഐസക് ഇതിനകം തന്നെ സൂചന നല്‍കിയിരുന്നു. ഏപ്രില്‍ 7 ന് നടക്കുന്ന ലേലത്തിലൂടെ കേരളം 1500 കോടി രൂപയും ഏപ്രില്‍ മാസത്തില്‍ തന്നെ നടക്കാനിരിക്കുന്ന മറ്റ് രണ്ട് ലേലത്തിലൂടെ 1500 കോടി രൂപയും സമാഹരിക്കുമെന്നായിരുന്നു നേരത്തെ റിസര്‍വ് ബാങ്ക് അറിയിച്ചിരുന്നത്.

റിസര്‍വ് ബാങ്ക് ആണ് വിപണിയില്‍ സംസ്ഥാന വികസന വായ്പാ സെക്യൂരിറ്റികള്‍ വിതരണം ചെയ്യാന്‍ സഹായിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ നല്‍കുന്ന ബോണ്ടുകളേക്കാളും മികച്ചതായി കണക്കാക്കപ്പടുന്നു എസ്ഡിഎല്‍ സെക്യൂരിറ്റികള്‍. സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച തുകയില്‍ നിന്നും എസ്ഡിഎല്ലുകള്‍ക്ക് തിരിച്ചടവ് നടത്താനുള്ള അധികാരമുണ്ട് ഫെസിലിറ്റേറ്റര്‍ എന്ന നിലയില്‍ ആര്‍ബിഐക്ക.്

ഇതിനിടെ, സംസ്ഥാനങ്ങള്‍ക്ക് ചെലവുകള്‍ക്കായി റിസര്‍വ് ബാങ്കില്‍നിന്ന് എടുക്കാവുന്ന വായ്പയുടെ തോത് 30% വര്‍ധിപ്പിച്ചത് കേരളത്തിന് ആശ്വാസകരമായിട്ടുണ്ട്. കോവിഡ് പ്രതിസന്ധി നേരിടുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് തീരുമാനമെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി.  സെപ്റ്റംബര്‍ 30വരെയാണ് വര്‍ധന പ്രാബല്യത്തിലുണ്ടാവുക. സംസ്ഥാനങ്ങള്‍ക്ക് ചെലവിന് എടുക്കാവുന്ന മുന്‍കൂര്‍ വായ്പ 90 ദിവസത്തിനകം തിരിച്ചടയ്ക്കണം. റിപ്പോ നിരക്കില്‍ ആണ് പലിശ നല്‍കേണ്ടത്. തിരിച്ചടവു വൈകിയാല്‍ ഓവര്‍ ഡ്രാഫ്റ്റായി കണക്കാക്കി, റിപ്പോയേക്കാള്‍ 2% കൂടുതല്‍ പലിശ ഈടാക്കും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here