കെഎസ്ഇബിയുടെ ഷോക്കില്‍ തരിച്ച് ചെറുകിട സംരംഭങ്ങള്‍
സംരംഭകരുടെ നിരന്തരമായ ആവശ്യം പരിഗണിച്ച് എംഎസ്എംഇ യൂണിറ്റുകള്‍ക്കുള്ള ഫിക്‌സഡ് ചാര്‍ജ് അടക്കാന്‍ കെഎസ്ഇബി ആറുമാസത്തെ സാവകാശം നല്‍കിയെങ്കിലും അത് സംരംഭകര്‍ക്ക് അധിക ബാധ്യത വരുത്തിവെക്കുന്നു.
കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്റെയും (കെഎസ്എസ്‌ഐഎ) സംരംഭകരുടെ ഏറെനാളത്തെ ശ്രമഫലമായാണ് സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് സംസ്ഥാനത്തെ വ്യവസായ വാണിജ്യ സ്ഥാപനങ്ങളുടെ എല്‍ടി/എച്ച്ടി/ഇഎച്ച്ടി വൈദ്യുതി കണക്ഷനുകളുടെ മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളിലെ ഫിക്‌സഡ് ചാര്‍ജ് ഇപ്പോള്‍ അടക്കേണ്ടതില്ലെന്ന് തീരുമാനമായത്.
എന്നാല്‍ ആറുമാസത്തിനു ശേഷം 12 ശതമാനം പലിശയടക്കം തിരിച്ചടക്കേണ്ടി വരുമെന്ന ഭീഷണിയിലാണ് വ്യവസായ ലോകം. ഒരു കെവിഎ വൈദ്യുതിക്ക് 170 രൂപയോളമാണ് സംരംഭങ്ങള്‍ ഫിക്‌സഡ് ചാര്‍ജായി അടക്കേണ്ടത്. നേരത്തേ 18 ശതമാനമായിരുന്നു പലിശയെങ്കിലും പ്രതിഷേധം കനത്തപ്പോള്‍ അത് 12 ശതമാനമാക്കുകയായിരുന്നു. ആറുമാസത്തിനു ശേഷം അതുവരെയുള്ള ഫിക്‌സഡ് ചാര്‍ജും അതിന്റെ പലിശയും അടക്കേണ്ടി വരുന്നത് മിക്ക സംരംഭങ്ങള്‍ക്കും താങ്ങാവുന്നതിലേറെ ഭാരമാണ് ഉണ്ടാക്കുകയെന്ന് കെഎസ്എസ്‌ഐഎ തൃശൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് സിജോ പി ജോയ് പറയുന്നു.
എല്‍ടി കണക്ഷനുള്ള ഒരു ചെറുകിട സംരംഭത്തില്‍ പോലും ചുരുങ്ങിയത് 100 കെവിഎ കണക്ഷനാണ് ഉണ്ടാവുക. അങ്ങനെ വരുമ്പോള്‍ 17000 രൂപ പ്രതിമാസം ഫിക്‌സസഡ് ചാര്‍ജ് അടക്കണം. ഇതിനു പുറമേയാണ് വര്‍ധിച്ച നിരക്കില്‍ ഉപഭോഗത്തിനനുസരിച്ച് വൈദ്യുതി ചാര്‍ജും അടക്കേണ്ടത്. പല ചെറുകിട യൂണിറ്റുകള്‍ക്കും അഞ്ചു ലക്ഷം രൂപ വരെ വൈദ്യുതി ചെലവ് വരാറുണ്ട്.
ഇപ്പോള്‍ ലോക്ക് ഡൗണിനെ തുടര്‍ന്ന് വ്യവസായ ശാലകളെല്ലാം പൂട്ടിയിട്ട് വൈദ്യുതി തീരെ ഉപയോഗിക്കുന്നില്ലെങ്കിലും വലിയ തുക നല്‍കേണ്ട ഗതികേടിലാണ് സംരംഭകര്‍. മീറ്റര്‍ റീഡിംഗിന് എത്താനാവാത്തതിനാല്‍ മൂന്നു മാസത്തെ ശരാശരിയെടുത്ത് അതിനനുസരിച്ച തുകയാണ് ബില്‍ തുക കണക്കാക്കുന്നത്. എന്നാല്‍ ഇതിലും വലിയ തെറ്റുകളാണ് കടന്നു കൂടിയത്. പലര്‍ക്കും മൂന്നു മാസത്തെ ശരാശരിയേക്കാള്‍ വളരെ കൂടുതലാണ് നാലാം മാസം ബില്ല് വന്നത്. തീരെ വൈദ്യുതി ഉപയോഗിക്കാതിരുന്നിട്ടു കൂടി പതിവില്‍ കൂടുതല്‍ വൈദ്യുതി ബില്‍ വന്നതിനെതിരെ വ്യാപകമായ പരാതികളാണ് ഉയര്‍ന്നത്. ഇതോടെ ബില്‍ തുകയുടെ 70 ശതമാനം അടച്ചാല്‍ മതിയെന്ന് നിര്‍ദ്ദേശിച്ചിരിക്കുകയാണ് കെഎസ്ഇബി. എന്നാല്‍ ആ തുക പോലും പ്രവര്‍ത്തന രഹിതമായ യൂണിറ്റുകളെ സംബന്ധിച്ചിടത്തോളം താങ്ങാവുന്നതല്ലെന്നതാണ് സത്യം.
കെഎസ്ഇബിയുടെ കണക്കനുസരിച്ച് മാര്‍ച്ച് മാസത്തില്‍ മാത്രം ലോക്ക് ഡൗണിനു ശേഷം 18.12 ശതമാനം കുറഞ്ഞ ഉപഭോഗമാണ് കേരളത്തില്‍ ഉണ്ടായത്. മാര്‍ച്ച് 15 മുതല്‍ 21 വരെയുള്ള ശരാശരി ഉയോഗം 8.25 കോടി യൂണിറ്റായിരുന്നപ്പോള്‍ മാര്‍ച്ച് 25 മുതല്‍ 31 വരെയുള്ള ഉപയോഗം 6.76 കോടി യൂണിറ്റായി ചുരുങ്ങി.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline