വികസനത്തെ എതിര്‍ക്കുന്ന രാഷ്ട്രീയക്കാര്‍ക്ക് ജനം മാപ്പ് കൊടുക്കില്ല! വ്യവസായ പ്രമുഖര്‍

നാടിന്റെ നന്മ മാനിക്കാത്ത ഒത്തുതീര്‍പ്പു രാഷ്ട്രീയത്തിലൂടെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിലനില്‍പ്പും പുരോഗതിയും തടസപ്പെടാന്‍ ഇടയാകരുതെന്ന് സാമൂഹിക നിരീക്ഷകരും ബിസിനസ് രംഗത്തെ പ്രമുഖരും. ചരിത്ര പ്രതാപം പഴങ്കഥയായി മാറിയ വിമാനത്താവളത്തിന്റെ വികസനം ഉറപ്പാക്കുന്നതിനു സ്വകാര്യ കമ്പനിയെ ചുമതലപ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം അട്ടിമറിക്കരുതെന്ന് അവര്‍ അഭ്യര്‍ത്ഥിച്ചു.

പൊതു മേഖലയുടെ മഹിമ വാഴ്ത്തി വികസനം തടസപ്പെടാന്‍ ഇടയാക്കിയ രാഷ്ട്രീയ കക്ഷികള്‍ പരസ്പര വൈരം സൗകര്യപൂര്‍വം മാറ്റിവച്ചാണ് വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിനു നല്‍കിയ കേന്ദ്രസര്‍ക്കാരിന്റെ നടപടിക്കെതിരെ കൈകോര്‍ക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സര്‍വ്വകക്ഷി യോഗത്തില്‍ ഉയര്‍ന്ന അഭിപ്രായങ്ങള്‍ കൂടി ഉള്‍പ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരിക്കുകയാണ്.സംസ്ഥാന സര്‍ക്കാര്‍ മുഖ്യ പങ്കാളിയായ ഒരു സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളിനെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനച്ചുമതല ഏല്‍പിക്കണമെന്ന ആവശ്യമാണ് പ്രധാനമായും കത്തിലുള്ളത്.

അതേസമയം, വര്‍ഷങ്ങളായി വിമാനത്താവളത്തിനു സംഭവിച്ചു വരുന്ന അധോഗതി മാറ്റിയെടുക്കാന്‍ ക്രിയാത്മകമായി യാതൊന്നും ചെയ്യാനാവാത്തവരാണ് ഇപ്പോള്‍ സ്ഥാപിത താല്‍പ്പര്യങ്ങളോടെ അപ്രായോഗിക നിര്‍ദ്ദേശങ്ങളുമായി രംഗത്തു വന്നിരിക്കുന്നതെന്ന് പ്രമുഖ വ്യക്തികള്‍ ചൂണ്ടിക്കാട്ടി.ഇന്ത്യയിലെ ഏറ്റവും മികച്ച വിമാനത്താവളങ്ങളിലൊന്നായി തിരുവനന്തപുരത്തെ മാറ്റാനുള്ള അവസരമാണിതെന്നും അതു നഷ്ടമാക്കരുതെന്നുമാണ് അവരുടെ നിരീക്ഷണം.

അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിനു നല്‍കിയ കേന്ദ്ര സര്‍ക്കാരിന്റെ നടപടി നല്ല തീരുമാനം

ജി. വിജയരാഘവന്‍ ടെക്‌നോപാര്‍ക്ക് മുന്‍ സി.ഇ.ഒ, ആസൂത്രണ ബോര്‍ഡ് മുന്‍ അംഗം

കൂടുതല്‍ വിമാനങ്ങളെ തിരുവനന്തപുരത്തേക്ക് ആകര്‍ഷിക്കാന്‍ സ്വകാര്യ കമ്പനിക്ക് കഴിയുമെന്നതില്‍ സംശയമില്ലെന്ന് സാമൂഹ്യ മാദ്ധ്യമത്തിലൂടെ അദ്ദേഹം ചൂണ്ടിക്കാട്ടി. ഐ.ബി.എസ് ഗ്രൂപ്പിന്റെ സ്ഥാപകനും സി.എം.ഡിയും സംസ്ഥാന സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഹൈപവര്‍ അഡൈ്വസറി കമ്മിറ്റി അംഗവുമായ വി.കെ. മാത്യൂസ്, നിസ്സാന്‍ മുന്‍ സിഇഒ ടോണി തോമസ്, ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് രഘുചന്ദ്രന്‍ നായര്‍, കോണ്‍ഫെഡറേഷന്‍ ഓഫ് കേരള ടൂറിസം ഇന്‍ഡസ്ട്രി പ്രസിഡന്റ് ഇ.എം.നജീബ്, എയര്‍ പാസഞ്ചര്‍ അസോസിയേഷന്‍ കേരള ചേംബര്‍ പ്രസിഡന്റ് എം. രാധാകൃഷ്ണന്‍ തുടങ്ങിയവരും ഇക്കാര്യം അടിവരയിട്ടു രേഖപ്പെടുത്തി.

കേന്ദ്ര തീരുമാനത്തിനെതിരെ ബിജെപി ഒഴികെയുള്ള രാഷ്ട്രീയ കക്ഷികളാണ് ഒരുമിച്ചു രംഗത്തുള്ളത്. അതേസമയം, യാഥാര്‍ത്ഥ്യബോധമുള്ളവര്‍ക്ക് സ്വകാര്യവല്‍ക്കരണത്തെ അനുകൂലിക്കാതെ പറ്റില്ല - വിജയരാഘവന്‍ പറഞ്ഞു. സ്ഥലം എംപിയായ ശശി തരൂരും അനുകൂല പക്ഷത്താണ്. മറ്റു വിമാനത്താവളങ്ങളിലെല്ലാം സ്വകാര്യപങ്കാളിത്തം ആകാമെങ്കില്‍ തിരുവനന്തപുരത്തെ മാത്രം മാറ്റനിര്‍ത്തുന്നത് എന്തിനാണ്? വിജയരാഘവന്‍ ആരാഞ്ഞു. ലോകത്തേയും രാജ്യത്തേയും പ്രധാന വിമാനത്താവളങ്ങളുടെ എല്ലാം നടത്തിപ്പ് സ്വകാര്യ കമ്പനിക്കാണ്. മികച്ച വിമാനത്തവളമായ കൊച്ചിയും സ്വകാര്യ പങ്കാളിത്തത്തില്‍ മുന്നേറുന്നു.സ്വകാര്യ പങ്കാളിത്തത്തോടെ രാജ്യത്ത് ആരംഭിച്ച ആദ്യ വിമാനത്താവളമാണ് നെടുമ്പാശ്ശേരിയിലേത്.ലോകത്ത് ഏറ്റവും വരുമാനവും തിരക്കുമുള്ള ഹീത്രു, ഫ്രാങ്ക്ഫര്‍ട്ട്, മാഡ്രിഡ്, പാരിസ് വിമാനത്താവളങ്ങള്‍ സ്വകാര്യകമ്പനികളാണ് നടത്തുന്നത്. ഇന്ത്യയിലാണെങ്കില്‍ മുംബൈ, ഡല്‍ഹി, ബെംഗളൂരു, ഹൈദരാബാദ് എന്നിവയും സ്വകാര്യ മേഖലയിലാണ്.

തലസ്ഥാനത്തെ ജനവികാരം തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്കരണത്തിനൊപ്പമാണെന്ന് വിജയരാഘവന്‍ ചൂണ്ടിക്കാട്ടി. സ്വകാര്യവത്കരണത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ എതിര്‍ത്ത് നില്‍ക്കുകയാണെങ്കില്‍ കിഴക്കമ്പലത്തെ ട്വന്റി 20 പോലെയാകും തിരുവനന്തപുരം നഗരമെന്ന് ഒരു സ്വകാര്യ ചാനല്‍ ചര്‍ച്ചയില്‍ അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ജനങ്ങളെ വെറുപ്പിച്ചു കൊണ്ടുള്ള നിലപാട് എടുക്കരുത്. എതിര്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ജനം മാപ്പ് കൊടുക്കില്ലെന്നും വിജയരാഘവന്‍ പറഞ്ഞു. പതിറ്റാണ്ടുകളായി തിരുവനന്തപുരം വിമാനത്താവളം അനുഭവിക്കുന്ന അവഗണന അവസാനിക്കാനുള്ള സാഹചര്യമാണ് വന്നുചേര്‍ന്നത്. സര്‍ക്കാര്‍ ഭരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണു വേണ്ടത്, കാര്യക്ഷമമല്ലാത്ത ബിസിനസുകള്‍ നടത്താതിരിക്കുകയും വേണം. ഈ സംരംഭം നടന്നാല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും സാമ്പത്തിക വികസനത്തിലും ഉണ്ടാകുന്ന സ്വാധീനം വളരെ ഉയര്‍ന്നതായിരിക്കും- വിജയരാഘവന്‍ പറഞ്ഞു. സ്വകാര്യനിക്ഷേപകര്‍ വരുന്നതിനെ രാഷ്ട്രീയമായി എതിര്‍ക്കുന്നത് തെറ്റായ സന്ദേശമാണ് നല്‍കുകയെന്ന് വി.കെ.മാത്യൂസ് പറഞ്ഞു.

തിരുവനന്തപുരം വിമാനത്താവളത്തിനായുള്ള ലേലത്തില്‍ കേരള സര്‍ക്കാരിന് യോഗ്യത നേടാന്‍ കഴിയാതെ പോയതോടെയാണ് അദാനിക്കു ചുമതല കൈവന്നത്. വിമാനത്താവളങ്ങള്‍ക്കായുള്ള ലേല നടപടികള്‍ തികച്ചും സുതാര്യമായിരുന്നെന്ന് കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി ചൂണ്ടിക്കാട്ടി. കെഎസ്ഐഡിസിയുടെ ബിഡ്, ലേലത്തില്‍ ഒന്നാമത്തെത്തിയ കമ്പനിയുടെ ബിഡിന്റെ 10 ശതമാനം പരിധിക്ക് ഉള്ളിലാണെങ്കില്‍ വിമാനത്താവളം ഏറ്റെടുക്കാനാവുമെന്ന് കേന്ദ്രവുമായി കേരളം ധാരണയില്‍ എത്തിയിരുന്നു. എന്നാല്‍, ലേലത്തില്‍ ഒന്നാമതായ അദാനിയുമായുളള വ്യത്യാസം 19.64 ശതമാനമാണ്. ഇതോടെയാണ് അദാനിയെ ലേലത്തില്‍ വിജയിയായി പ്രഖ്യാപിച്ചത്.
ലേലത്തില്‍ വിജയിച്ചവര്‍ ഒരു യാത്രക്കാരന് 168 രൂപയാണ് ക്വോട്ട് ചെയ്തത്. എന്നാല്‍, കേരള സര്‍ക്കാരിന്റെ കമ്പനിയായ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്മെന്റ് കോര്‍പറേഷന്‍ ഒരുയാത്രക്കാരന് 135 രൂപയാണ് ക്വോട്ട് ചെയ്തത്. മൂന്നാമത്തെ ലേലക്കാരന്‍ 63 രൂപയും- മന്ത്രി പറഞ്ഞു.

മംഗളൂരു, അഹമ്മദാബാദ്, ലക്നൗ, തിരുവനന്തപുരം, ഗുവാഹത്തി വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം, പരിപാലനം, വികസനം എന്നിവ പാട്ടത്തിന് നല്‍കുന്നതിന് 2018ല്‍ സര്‍ക്കാര്‍ തത്വത്തില്‍ അനുമതി നല്‍കിയിരുന്നതായി കേന്ദ്രമന്ത്രി പറഞ്ഞു. എന്നാല്‍ ഇതില്‍ നിന്ന് തിരുവനന്തപുരത്തെ ഒഴിവാക്കണമെന്ന് കേരളം അഭ്യര്‍ത്ഥിച്ചു. കൊച്ചി, കണ്ണൂര്‍ വിമാനത്താവളങ്ങള്‍ നടത്തി പരിചയമുള്ളതിനാല്‍ കേരളത്തെ പ്രത്യേകം പരിഗണിക്കണമെന്നായിരുന്നു ആവശ്യം. ഇക്കാര്യത്തില്‍ കേരളം 2018ല്‍ നിര്‍ദ്ദേശങ്ങളും സമര്‍പ്പിച്ചു.വിമാനത്താവള നടത്തിപ്പിനായി പ്രത്യേക കമ്പനി രൂപീകരിച്ച് സംസ്ഥാന സര്‍ക്കാരിനെ ഏര്‍പ്പെടുത്തുക, അല്ലെങ്കില്‍ റൈറ്റ് ഓഫ് ഫസ്റ്റ് റെഫ്യൂസല്‍ അധികാരം കമ്പനിക്ക് നല്‍കുക എന്നീ ആവശ്യങ്ങളാണ് കേരളം ഉന്നയിച്ചത്. റൈറ്റ് ഓഫ് ഫസ്റ്റ് റെഫ്യൂസല്‍ എന്ന കേരളത്തിന്റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു.അതേസമയം, റൈറ്റ് ഓഫ് ഫസ്റ്റ് റെഫ്യൂസല്‍ നല്‍കിയിട്ടും കേരളത്തിന് ലേലത്തില്‍ യോഗ്യത നേടാന്‍ കഴിഞ്ഞില്ല. കേരളത്തിന്റെ വിവരണങ്ങള്‍ വസ്തുതകളുമായി യോജിക്കുന്നതല്ലെന്നും ഹര്‍ദീപ് സിങ് പുരി വ്യക്തമാക്കി.

തിരുവനന്തപുരം വിമാനത്താവളം വഴി പ്രതിവര്‍ഷം യാത്ര ചെയ്യുന്നത് ഏതാണ്ട് 44 ലക്ഷം പേരാണ്. ഇതില്‍ നിന്നും അദാനി ഗ്രൂപ്പിന്റെ ലേലത്തുക പ്രകാരം കേന്ദ്രസര്‍ക്കാരിന് പ്രതിവര്‍ഷം ഏതാണ്ട് 74 കോടി രൂപ ലഭിക്കും. കേരളത്തിന്റെ ലേലത്തുക പ്രകാരം ഏതാണ്ട് 60 കോടിയും. യൂസര്‍ ഫീ ഇടയ്ക്കിടെ വ്യത്യാസപ്പെടാറുണ്ട്. ഇപ്പോഴത്തെ നിരക്കിലാണെങ്കില്‍ കാലാവധിയായ 50 വര്‍ഷം കൊണ്ട് കേന്ദ്രത്തിന് 3700 കോടി രൂപ നല്‍കാമെന്ന് അദാനി ഗ്രൂപ്പ് പറയുന്നു. 3000 കോടി രൂപ നല്‍കാമെന്ന് കേരളവും.ഇതിനിടെ കേരളം കര്‍ണാടകയിലെ മംഗലാപുരം വിമാനത്താവള നടത്തിപ്പിന് സിയാല്‍ വഴി ലേലത്തിനു പോയിരുന്നു. അവിടെ ഓരോ യാത്രികന്റെയും യൂസര്‍ ഫീയില്‍ നിന്നും 115 രൂപ വീതം എയര്‍പോര്‍ട്ട് അതോറിറ്റിക്ക് നല്‍കാമെന്ന് അദാനി ഗ്രൂപ്പ് പറഞ്ഞപ്പോള്‍ കേരളം പറഞ്ഞത് വെറും 45 രൂപ വീതം നല്‍കാമെന്നാണ്.

ലേല നടപടികള്‍ അംഗീകരിച്ച് ലേലത്തില്‍ പങ്കെടുത്തെങ്കിലും പരാജയപ്പെട്ടതോടെ കേരളം വീണ്ടും കേന്ദ്രത്തിനെതിരെ തിരിയുകയായിരുന്നു. വിമാനത്താവളം അദാനി ഗ്രൂപ്പിനു നല്‍കുന്നതിനെതിരെ ഹൈക്കോടതിയില്‍ കേസിനു പോയി. ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് കേരളത്തിന്റെ ഹര്‍ജി തള്ളിക്കളഞ്ഞു. ഇതോടെ കേരളം സുപ്രീം കോടതിയില്‍ പോയി. എന്നാല്‍ അനുകൂലമായ ഒരു സ്റ്റേ ഓര്‍ഡര്‍ പോലും കിട്ടിയില്ല. യാതൊരു വിലക്കും ഇല്ലാത്ത സാഹചര്യത്തില്‍ അദാനി ഗ്രൂപ്പിന് പ്രവര്‍ത്തനാനുമതിയും ലഭിച്ചു. എന്നിട്ടും വിമാനത്താവളത്തിന്റെ നടത്തിപ്പുമായി കേരളം സഹകരിക്കില്ലെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് പറയുന്നു.

അറബിപ്പൊന്ന് സ്വപ്നം കണ്ട് മരുഭൂമിയിലേയ്ക്ക് പ്രയാണം നടത്തിയിരുന്ന കാസര്‍കോഡ് മുതല്‍ പാറശ്ശാല വരെയുള്ള പ്രവാസി മലയാളികള്‍ക്ക് വലിയ തുണയായിരുന്നു 1932 ല്‍ തിരുവിതാംകൂര്‍ രാജഭരണകാലത്ത് നിര്‍മ്മിച്ച തിരുവനന്തപുരം വിമാനത്താവളം. മറ്റു വിമാനത്താവളങ്ങള്‍ വന്നശേഷം കഥ മാറി.കൂടാതെ അവഗണനയുടെ തീരാക്കടലില്‍ മുങ്ങിത്താഴുകയായിരുന്നു കുറേക്കാലമായി തിരുവനന്തപുരം വിമാനത്താവളം. സ്വകാര്യവല്ക്കരണത്തിനെതിരെ പ്രതിഷേധിക്കുന്ന യൂണിയന്‍ നേതാക്കള്‍ 1500 ലധികം സര്‍വീസുകള്‍ വെറും മൂന്ന് വര്‍ഷങ്ങള്‍ കൊണ്ട് ഇവിടെ നിന്ന് നഷ്ടമായ കാര്യം അറിഞ്ഞില്ല. രണ്ട് വര്‍ഷമായി ഡ്യൂട്ടി ഫ്രീ അടച്ചുകിടക്കുന്നതും വിഷയമല്ല. കേരളത്തിലെ ഏറ്റവും ചെറിയ വിമാനത്താവളമാണിതിപ്പോള്‍. അയാട്ട അംഗീകാരമായ ടിആര്‍വി ലോഗോ നേടുന്ന ആദ്യത്തെ ഇന്ത്യന്‍ വിമാനത്താവളവും ലോകത്തിലെ തന്നെ രണ്ടാമത്തെ വിമാനത്താവളവുമാണ് തിരുവനന്തപുരത്തേത്. ലോസ് ഏഞ്ചല്‍സ് ആണ് ഈ ലോഗോ സ്വന്തമാക്കിയ ആദൃത്തെ വിമാനത്താവളം.

പ്രധാനപ്പെട്ടതും അനിവാര്യവുമായ നീക്കം: വി കെ മാത്യൂസ്

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇന്ത്യന്‍ വ്യോമയാന മേഖല അതിവേഗം വളരുകയാണ്. വാസ്തവത്തില്‍, കോവിഡ് -19 ആരംഭിക്കുന്നതിനുമുമ്പ് കഴിഞ്ഞ 50 മാസത്തിനിടെ തുടര്‍ച്ചയായ ഇരട്ട അക്ക വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ദ്രുതഗതിയിലുള്ള വളര്‍ച്ച നിലനിര്‍ത്തുന്നതിനും പിന്തുണയ്ക്കുന്നതിനുമായി തിരുവനന്തപുരം വിമാനത്താവളം ഉള്‍പ്പെടുന്ന ആറ് വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യവത്കരിക്കാന്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം തീരുമാനിച്ചു.

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കുന്നതിനെതിരെ കോലാഹലത്തിന് കാരണമായ വിമാനത്താവളങ്ങളെക്കുറിച്ചും അതിന്റെ ബിസിനസ്സ് മാതൃകയെക്കുറിച്ചും പൊതുജനങ്ങള്‍ക്കിടയില്‍ നിരവധി തെറ്റിദ്ധാരണകള്‍ ഉണ്ട്. വിമാനത്താവള പ്രവര്‍ത്തനത്തിന്റെ യാഥാര്‍ത്ഥ്യങ്ങളും അതിനെ സ്വകാര്യവല്‍ക്കരിക്കുന്നതിന്റെ അര്‍ത്ഥവും മനസിലാക്കേണ്ടത് പ്രധാനമാണ്. മൂന്ന് പതിറ്റാണ്ടിലേറെയായി ഞാന്‍ വ്യോമയാന മേഖലയില്‍ പ്രവര്‍ത്തിക്കുകയും അതില്‍ പങ്കാളിയാവുകയും ചെയ്യുന്നതിനാല്‍, ഈ വിഷയത്തെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാടുകള്‍ പങ്കിടണമെന്ന് ഞാന്‍ കരുതുന്നു.

ഒരു വിമാനത്താവളം ഒരു വാണിജ്യ, ഉപഭോക്തൃ സേവന സംരംഭമാണ്, അതിനാല്‍ സ്വകാര്യമേഖലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ സര്‍ക്കാരുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുയോജ്യമായ മേഖലയല്ല. സര്‍ക്കാര്‍ നടത്തുന്ന എയര്‍ ഇന്ത്യ, കെഎസ്ആര്‍ടിസി എന്നിവ ഉദാഹരണങ്ങളാണ്. കാര്യക്ഷമവും സൗകര്യപ്രദവും അത്യാധുനികവുമായ വിമാനത്താവളം എയര്‍ കണക്റ്റിവിറ്റി വര്‍ദ്ധിപ്പിക്കുകയും സാമ്പത്തിക വികസനം പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഉപയോക്തൃ ഫീസ് ഈടാക്കുന്നതിലൂടെ വിമാനത്താവളത്തെ മികച്ചതാക്കാം. കൂടുതല്‍ ട്രാഫിക്ക് സംസ്ഥാനത്തിന് വരുമാനം വര്‍ദ്ധിപ്പിക്കും. ഒരു സ്വകാര്യ നിക്ഷേപം സ്വകാര്യ എന്റര്‍പ്രൈസസിന്റെയും ഗവണ്‍മെന്റിന്റെ നിയന്ത്രണ കാഠിന്യത്തിന്റെയും ആവശ്യമായ കാര്യക്ഷമതയും ശ്രദ്ധയും കൊണ്ടുവരും.

വിമാനത്താവളങ്ങള്‍ സാമ്പത്തിക പ്രവര്‍ത്തനവും ഉയര്‍ന്ന നിലവാരമുള്ള തൊഴിലവസരങ്ങളും സൃഷ്ടിക്കുന്നു. വിമാന ഗതാഗതത്തിലെ ഓരോ 10% വര്‍ധനയും ജിഡിപിയുടെ അര ശതമാനം വളര്‍ച്ചയ്ക്ക് കാരണമാകുമെന്ന് കണക്കാക്കപ്പെടുന്നു. ലോകത്തിലെ ഏറ്റവും തിരക്കേറിയതും വിജയകരവുമായ മിക്ക വിമാനത്താവളങ്ങളും സ്വകാര്യമേഖലയിലാണ് പ്രവര്‍ത്തിക്കുന്നത്. ലോകത്തെ ഏറ്റവും മികച്ച അഞ്ച് വരുമാനമുള്ള വിമാനത്താവളങ്ങളില്‍ നാലെണ്ണം (ഹീത്രോ, ഫ്രാങ്ക്ഫര്‍ട്ട്, മാഡ്രിഡ്, പാരീസ്) സ്വകാര്യ വിമാനത്താവളങ്ങളാണ്. ഇന്ത്യയിലെ സ്വകാര്യ വിമാനത്താവളങ്ങള്‍ (ബോംബെ, ഡല്‍ഹ്ി, ബാംഗ്ലൂര്‍, ഹൈദരാബാദ്) കഴിഞ്ഞ വര്‍ഷങ്ങളില്‍ അസാധാരണമായ വളര്‍ച്ച രേഖപ്പെടുത്തി.

തിരുവനന്തപുരം മേഖലയുടെയും കേരളത്തിന്റെ തെക്കന്‍ ജില്ലകളുടെയും വികസനത്തിന് തിരുവനന്തപുരം വിമാനത്താവളം വളരെ നിര്‍ണായകമാണ്. വിജ്ഞാനാധിഷ്ഠിത ഡിജിറ്റല്‍ ഹബ്ബായി തിരുവനന്തപുരം വികസിപ്പിക്കാനുള്ള സംസ്ഥാനത്തിന്റെ കാഴ്ചപ്പാട് തിരുവനന്തപുരം വിമാനത്താവളത്തെയും അതിന്റെ എയര്‍ കണക്റ്റിവിറ്റിയെയും ആശ്രയിച്ചിരിക്കുന്നു.പക്ഷ്, ഇന്ത്യയിലെ അഞ്ചാമത്തെ അന്താരാഷ്ട്ര വിമാനത്താവളമായിരുന്നിട്ടും, കഴിഞ്ഞ ദശകത്തില്‍ മിക്ക വിമാനത്താവളങ്ങളിലും തിരുവനന്തപുരം പിന്നിലായിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പനെത്തുന്ന ഒരു സ്വകാര്യ നിക്ഷേപകന്‍ അതിന്റെ നേട്ടത്തിലായിരിക്കും ശ്രദ്ധിക്കുക. എന്നാല്‍ എതിര്‍പ്പ്, പ്രത്യേകിച്ച് രാഷ്ട്രീയ എതിര്‍പ്പ് ഉണ്ടെങ്കില്‍ നിക്ഷേപകര്‍ വരില്ല.

രാജ്യത്തെ നിരവധി വിമാനത്താവളങ്ങള്‍ക്ക് സ്വകാര്യ മുതല്‍മുടക്ക് മൂലം വളരെയധികം പ്രയോജനം ലഭിച്ചു.തിരുവനന്തപുരം വിമാനത്താവളം ഇന്ത്യയിലെ ഏറ്റവും മികച്ചതാക്കാന്‍ ഒരു മികച്ച അവസരമാണിത്. അടിസ്ഥാനരഹിതമായ ആശയങ്ങളും ആശങ്കകളും കാരണം ഈ അവസരം നാം നഷ്ടപ്പെടുത്തരുത്. നമുക്ക് ഒരുമിച്ച് മികച്ച നിക്ഷേപങ്ങളെ സ്വാഗതം ചെയ്യുകയും വളര്‍ച്ചയുടെയും സമൃദ്ധിയുടെയും അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകുകയും ചെയ്യാം.

നിസ്സാന്‍ മുന്‍ സിഐഒ ടോണി തോമസ്

തിരുവനന്തപുരം വിമാനത്താവള വിഷയത്തിലൂടെ തെക്കന്‍ കേരളത്തിന്റെ പുരോഗമന കാര്യമാണ് കടന്നുവന്നിരിക്കുന്നത്. അതോടെ പ്രവാസികള്‍ക്കും, വികസനത്തിനും, വ്യവസായത്തിനും, തൊഴില്‍ സാധ്യതകള്‍ക്കുമെതിരെ രണ്ടു രാഷ്രീയ കൂട്ടരും അളിയനും മച്ചമ്പിയും ആയി മാറി ജനവികാരത്തിനെതിരെ ഒറ്റക്കെട്ടായിക്കുന്നു. കേരളത്തിലെ കോണ്‍ഗ്രസ് തനി നിറം കാട്ടി. എല്ലാ നിലയ്ക്കും അവര്‍ക്കിത് നഷ്ടം മാത്രമേ വരുത്തൂ. ഇടതു പക്ഷത്തിനാകട്ടെ എല്ലാ നിലയ്ക്കും ഇതു ലാഭക്കച്ചവടം മാത്രം. ജനങ്ങള്‍ ഇവര്‍ക്ക് കണക്കിനുള്ള ഉത്തരം കൊടുക്കട്ടെ.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it