ലോക്ഡൗണ്‍ നീണ്ടാല്‍ കോവിഡ് വരുന്നതിനെക്കാള്‍ കൂടുതല്‍പ്പേര്‍ മരിക്കും: എന്‍.ആര്‍ നാരായണമൂര്‍ത്തി

ലോക്ഡൗണ്‍ അധികനാള്‍ നീണ്ടാല്‍ കോവിഡ് 19 വരുന്നതിനെക്കാള്‍ കൂടുതല്‍പ്പേര്‍ പട്ടിണി മൂലം മരിക്കുമെന്ന് ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍.ആര്‍ നാരായണമൂര്‍ത്തി. കൊറോണവൈറസ് എന്ന സാഹചര്യത്തെ രാജ്യം ഒരു 'പുതിയ സാധാരണത്വം' (new normal) ആയി അംഗീകരിച്ച് ദുര്‍ബലരെ ചേര്‍ത്തുപിടിച്ചുകൊണ്ടുതന്നെ സാധിക്കുന്നവര്‍ക്ക് ജോലിയിലേക്ക് മടങ്ങാനുള്ള സാഹചര്യം ഒരുക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറയുന്നു. ഒരു ഇടത്തരം കുടുംബത്തില്‍ ജനിച്ച് സ്വപ്രയത്‌നം കൊണ്ടുമാത്രം ഉയര്‍ന്നുവന്ന നാരായണമൂര്‍ത്തി സാധാരണക്കാരന്റെ വേദനകള്‍ ഉള്‍ക്കൊണ്ടുകൊണ്ട് സംസാരിക്കുകയാണ്.

''ഈ അവസ്ഥയില്‍ അധികനാള്‍ ഇന്ത്യയ്ക്ക് തുടരാനാവില്ലെന്നത് നാം മനസിലാക്കേണ്ട ഒരു പ്രധാന കാര്യമാണ്. എന്തുകൊണ്ടെന്നാല്‍ ഇങ്ങനെ പോയാല്‍ കൊറോണവൈറസ് കാരണം ഉണ്ടാകുന്നതിനെക്കാള്‍ മരണങ്ങള്‍ പട്ടിണി കൊണ്ടായിരിക്കും ഉണ്ടാകുന്നത്.'' ഇറ്റി അണ്‍വയേര്‍ഡ്- റീഇമാജിനിംഗ് ബിസിനസ്' എന്ന വെബിനാറില്‍ സംരംഭകരോടും വ്യവസായരംഗത്തുള്ളവരോടും സംസാരിക്കുകയായിരുന്നു നാരായണമൂര്‍ത്തി്.

ഇന്ത്യയില്‍ മൊത്തം പൊസിറ്റീവ് കേസുകളില്‍ 0.25-0.5 ശതമാനമാണ് മരണനിരക്ക്. ഇത് വികസിതരാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ വളരെ കുറവാണ്. ലോക്ഡൗണിലൂടെ വൈറസിന്റെ വ്യാപനം കുറയ്ക്കാന്‍ രാജ്യത്തിന് സാധിച്ചു. ഇതുവരെ 31,000 ആളുകള്‍ കോവിഡ് 19 പൊസിറ്റിവാണ്. ഇതുവരെ 1008 മരണങ്ങളാണുണ്ടായിരിക്കുന്നത്- അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഉപജീവനമാര്‍ഗ്ഗം നഷ്ടപ്പെടുന്നു

വിവിധ കാരണങ്ങളാല്‍ പ്രതിവര്‍ഷം ഒമ്പത് ദശലക്ഷത്തിലധികം മരണങ്ങള്‍ ഇന്ത്യയില്‍ ഉണ്ടാകുന്നുണ്ട്. ഇതില്‍ നാലിലൊന്ന് മരണങ്ങള്‍ മലിനീകരണം മൂലമാണ്. കാരണം ലോകത്ത് ഏറ്റവും മലിനീകരണമുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ''ഒമ്പത് ദശലക്ഷം ആളുകള്‍ സ്വാഭാവികമായി മരിക്കുന്ന സാഹചര്യം കഴിഞ്ഞ രണ്ട് മാസത്തിലുണ്ടായ 1000 മരണങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ നാം കരുതുന്നതുപോലെ അത്ര പരിഭ്രാന്തിയിലാകേണ്ടതില്ല.'' അദ്ദേഹം പറയുന്നു. 190 ദശലക്ഷം ഇന്ത്യക്കാരാണ് അസംഘടിതമേഖലയില്‍ ജോലി ചെയ്യുന്നവരോ സ്വയം തൊഴില്‍ ചെയ്യുന്നവരോ ആണ്. ഇത്രയും പേര്‍ക്ക് ലോക്ഡൗണിനെത്തുടര്‍ന്ന് വരുമാനമാര്‍ഗം നഷ്ടപ്പെട്ടിരിക്കുകയാണ്. ഇത് അധികനാള്‍ തുടര്‍ന്നാല്‍ കൂടുതല്‍പ്പേര്‍ക്ക് ഉപജീവനമാര്‍ഗം നഷ്ടപ്പെട്ടേക്കാം.

മിക്ക ബിസിനസുകള്‍ക്കും 15-20 ശതമാനം വരുമാനം നഷ്ടപ്പെട്ടിട്ടുണ്ട്. ഇത് സര്‍ക്കാരിന് ലഭിക്കേണ്ട നികുതിയെയും ജിഎസ്ടിയെയും ബാധിക്കും.

ആഗോളതലത്തില്‍ വാക്‌സിന്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഇത് ഇന്ത്യന്‍ ജീനുകള്‍ക്ക് അനുയോജ്യമായിരിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു. ഈ സാഹചര്യത്തില്‍ കൊറോണവൈറസ് ഒരു പുതിയ സാധാരണത്വം ആയി നാം ഇന്ത്യക്കാര്‍ അംഗീകരിക്കുകയേ മാര്‍ഗ്ഗമുള്ളു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it